Ongoing News
ഈ കാലവും നമ്മള്‍ കടന്നുപോകും
ഇന്നലെ വരെ ലണ്ടന്‍ നഗരത്തില്‍ തലയെടുപ്പോടെ നിന്നിരുന്ന ബിസിനസ് സാമ്രാജ്യം കത്തിത്തകര്‍ന്നിരിക്കുന്നു. തന്റെ ജീവിതമായിരുന്ന ആ കത്തിക്കരിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലൂടെ ആ ബിസിനസ് സാമ്രാജ്യ ഉടമ നടന്നുകൊണ്ട് നിലത്ത് നിന്നൊരു കരിക്കട്ടയെടുത്ത് പൊട്ടിപ്പൊളിഞ്ഞ് പുകക്കറ പുരണ്ട ചുവരുകളിലൊന്നില്‍ ഇങ്ങനെ എഴുതി: “എന്റെ ബില്‍ഡിംഗുകളേ തകര്‍ന്ന് വീണിട്ടുള്ളൂ. കരുവാളിക്കാത്ത എന്റെ മനസ്സ് തല ഉയര്‍ത്തി തന്നെ നില്‍പ്പുണ്ട്. വരുന്ന രണ്ട് മാസം കൊണ്ട് ഞാനീ പ്രതിസന്ധിയെ അതിജീവിക്കും”. അതിജീവനത്തിന്റെ നാളുകളാണിത്. തളര്‍ന്നു വീഴരുത്. മനസ്സ് തകര്‍ന്നാല്‍ ശരീരം തളരും. അതിജീവനത്തിനുള്ള ഉത്തേജനത്തിന് വേണ്ടിയാണ് മുകളിലെ സംഭവം സൂചിപ്പിച്ചത്.
ഈ മഹാമാരിയില്‍ നിന്ന് കരകയറാന്‍ സാധിക്കില്ലേ എന്ന് ശങ്കിച്ച് ഭയപ്പെടരുത്. ചരിത്രം ഇതിലും ഭീകരമായ നിമിഷങ്ങള്‍ക്ക് സാക്ഷിയായതിന് ശേഷമാണ് നമുക്ക് മുമ്പില്‍ വന്നു നില്‍ക്കുന്നത്. ഖുറൈശികള്‍ ശിഅ്ബു അബീത്വാലിബില്‍ നബിതങ്ങളെ ഉപരോധിച്ചതിനെ കുറിച്ച് ഈ സന്ദര്‍ഭങ്ങളില്‍ നിങ്ങളോര്‍ത്തിട്ടുണ്ടോ? മൂന്ന് വര്‍ഷം നീണ്ടു നിന്നു ആ ഉപരോധം! പച്ചില ഭക്ഷിച്ചായിരുന്നു അവിടുന്നും പ്രിയപ്പെട്ടവരും വിശപ്പടക്കിയിരുന്നത്. എന്നിട്ടും അവിടുന്ന് അതിജീവിച്ചില്ലേ! ആ ജീവിതത്തിനേക്കാള്‍ മഹത്തരമായ മറ്റേത് അതിജീവന ചരിത്രം വേണം വിശ്വാസിക്ക് ധൈര്യം സംഭരിക്കാന്‍.
വിശപ്പിന്റെ കാഠിന്യം കൊണ്ട് മനുഷ്യര്‍ പരസ്പരം കൊന്നു തിന്ന ചരിത്രം കേട്ടിട്ടുണ്ടോ നിങ്ങള്‍! മാതാപിതാക്കള്‍ മക്കളെ കൊന്ന് വിശപ്പടക്കിയ അക്കാലത്തെ കുറിച്ച് വായിച്ചിട്ടുണ്ടോ! ചികിത്സിക്കാനെന്ന പേരില്‍ വൈദ്യന്മാരെ പിടിച്ചു കൊണ്ടുവന്ന് അറുത്ത് തിന്നുന്ന സാഹചര്യങ്ങളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ! എങ്കില്‍ കാലം അത്തരം ഭീകര സന്ദര്‍ഭങ്ങള്‍ക്കെല്ലാം കണ്ണുകൊടുത്തിട്ടാണ് നമ്മുടെ മുമ്പില്‍ വന്നു നില്‍ക്കുന്നത്.
“ഹിജ്റ 449ല്‍ ബഗ്ദാദിലും സമീപ നാടുകളിലും ഉണ്ടായ പകര്‍ച്ചവ്യാധി മൂലം അങ്ങാടികളും വഴികളുമൊക്കെ ആളനക്കമില്ലാതെയായി. അവശ്യ സാധനങ്ങള്‍ക്ക് തീ വിലയായി. വീടുകളുടെ വാതിലുകള്‍ കൊട്ടിയടക്കപ്പെട്ടു. ഒരുപാട് പേര്‍ മരിച്ചു. ആളുകള്‍ മയ്യിത്തുകള്‍ പോലും ഭക്ഷിക്കുന്ന ദുരവസ്ഥയുണ്ടായി. ഒരു ചത്ത പക്ഷിയെ അഞ്ച് പേര്‍ ഓഹരിവെച്ച് ഭക്ഷിക്കുന്നത് കണ്ടു. മറ്റൊരിടത്ത് ചത്ത പക്ഷിക്ക് വേണ്ടി ശണ്ഠ കൂടി മൂന്ന് പേര്‍ മരിച്ചു. മയ്യിത്തുകള്‍ വീടുകളില്‍ അനാഥമായി കിടന്നു. മരിച്ചാല്‍ അടുത്ത ബന്ധുക്കള്‍ പോലും വീട് ഉപേക്ഷിച്ച് പോകുകയായിരുന്നു പതിവ്.
ഉസ്്ബെക്കിസ്ഥാനിലെ ബുഖാറയില്‍ നിന്ന് വന്ന ഒരു കത്തില്‍ പറയുന്നത്, 18,000 ആളുകള്‍ ഈ പകര്‍ച്ചവ്യാധി മൂലം ഒരു ദിവസം മരണപ്പെട്ടു എന്നാണ്. ആകെ പതിനഞ്ചര ലക്ഷം പേരാണ് അവിടെ മരിച്ചത്. മൂന്ന് കാഴ്ചകളാണ് അക്കാലത്ത് പ്രധാനമായും കാണാനായത്. ഒന്ന് ആളൊഴിഞ്ഞ നഗരങ്ങള്‍. രണ്ട് വിജനമായ വഴികള്‍. മൂന്ന് അടക്കപ്പെട്ട വാതിലുകള്‍.
ഇതേവര്‍ഷം അസര്‍ ബൈജാനിലും പരിസര നാടുകളിലുമുണ്ടായ മഹാമാരിയില്‍ വളരെ കുറച്ചു പേരാണ് ബാക്കിയായത്. ഇറാനിലെ അഹ് വാസിലും കൂഫയിലും രോഗം വ്യാപിച്ചു. ദരിദ്രര്‍ വിശപ്പിന്റെ കാഠിന്യം സഹിക്കവയ്യാതെ നായകളെ ചുട്ടുതിന്നാനും ഖബറുകള്‍ മാന്തി മയ്യിത്തുകള്‍ ഭക്ഷിക്കാനും തുടങ്ങി. ആളുകളുടെ ജോലി മയ്യിത്തുകള്‍ മറമാടുകയെന്നായി. ഇരുപതും മുപ്പതും ആളുകളെ ഒരു ഖബറില്‍ മറമാടുന്ന അവസ്ഥയായിരുന്നു അന്ന്.
അവസാനം ആളുകള്‍ കൂട്ടത്തോടെ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങി. തങ്ങളുടെ സമ്പത്തിന്റെ മുഖ്യ ഭാഗവും സ്വദഖ ചെയ്തു. വാറ്റുപകരണങ്ങള്‍ നശിപ്പിച്ചു. മദ്യ ശേഖരം ഒഴുക്കി കളഞ്ഞു. (അല്‍ ബിദായത്തു വന്നിഹായ, വാള്യം 15, പേജ്: 741-42). ഇബ്നു കസീര്‍ ഇതേ ഗ്രന്ഥത്തില്‍ തന്നെ മറ്റൊരിടത്ത് ഉദ്ധരിക്കുന്നു, പകര്‍ച്ച വ്യാധി മൂലം ഹിജ്റ 597ല്‍ ഈജിപ്തില്‍ വലിയ വിലക്കയറ്റമുണ്ടായി. വലിയ നാശനഷ്ടമുണ്ടായി. രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ ഒരുമാസത്തില്‍ മരിച്ചു. ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവുമൂലം നായയുടേതുള്‍പ്പെടെയുള്ള ശവങ്ങള്‍ ഭക്ഷിക്കേണ്ടി വന്നു. മാതാപിതാക്കള്‍ പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുതിന്നുന്ന ദുരവസ്ഥയുണ്ടായി. കായികബലം കൊണ്ട് ശക്തരായവര്‍ ദുര്‍ബലരെ കീഴ്പ്പെടുത്തി കൊന്നു തിന്നു.
ചുരുക്കത്തില്‍ നമ്മള്‍ കരുതിയതിനേക്കാള്‍ ഭീതിതമായ അവസ്ഥയിലൂടെ കാലം കടന്നുപോയിട്ടുണ്ട്. ഇത്തരം മഹാമാരികളെയെല്ലാം അതിജീവിച്ചതിന് ശേഷവും ഇവിടെ മനുഷ്യര്‍ ജീവിച്ചിട്ടുമുണ്ട്. അഥവാ ഈ സമയവും നമ്മള്‍ കടന്നു പോകുമെന്നര്‍ഥം. അതിജീവിക്കാനാകില്ലെന്ന് പറഞ്ഞ് ഏതു വിദഗ്ധര്‍ നമ്മെ തളര്‍ത്താന്‍ ശ്രമിച്ചാലും ചെവികൊടുക്കരുത്. രണ്ട് പ്രളയങ്ങളെയും ഓഖി ചുഴലിയെയും നിപ്പായെയും നമ്മള്‍ നേരിട്ടപ്പോഴൊക്കെ ഈ കൊച്ചുനാട് തളര്‍ന്നു വീഴുമെന്ന് കരുതിയിരുന്നവരുടെ മുമ്പിലൂടെ തന്നെ മനോഹരമായ ഒരു ചിത്രശലഭമായി നമ്മള്‍ പറന്നുയര്‍ന്നിട്ടുണ്ട്. ആ മനക്കരുത്ത് കേരളീയര്‍ ആര്‍ക്കുമുമ്പിലും പണയപ്പെടുത്തിയിട്ടില്ല.
പക്ഷേ, ഈ പരീക്ഷണങ്ങളില്‍ നിന്നുള്‍ക്കൊണ്ട പാഠമെന്താണെന്ന് ഓരോരുത്തരും വിലയിരുത്തണം. ചരിത്രങ്ങളില്‍ അല്ലാഹു ഇത്തരം പാഠങ്ങളെ ഉള്‍പ്പെടുത്തിയത് പില്‍ക്കാല സമുദായത്തിന് പാഠമുള്‍ക്കൊള്ളാന്‍ വേണ്ടിയാണ്. ചെയ്തു പോയ തെറ്റുകളോര്‍ത്ത് അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങണം. അതാണ് പരിഹാരം.