Connect with us

Articles

വിദ്യാഭ്യാസ മേഖലയിലും വേണം ‘ബ്രേക്ക് ദി ചെയിന്‍'

Published

|

Last Updated

ഉന്നത വിദ്യാഭ്യാസ രംഗത്ത് കൊവിഡ് വ്യാപനം ഉയര്‍ത്തുന്ന വെല്ലുവിളികളെ ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ കൃത്യമായ ഉപയോഗങ്ങളിലൂടെ അതിജീവിക്കാന്‍ യൂനിവേഴ്സിറ്റി സംവിധാനങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. ഇതിനായി അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും യൂനിവേഴ്സിറ്റി അധികൃതരുടെയും കൂട്ടായ്മ ഉയര്‍ന്നുവരണം. പാഠ്യവും പഠനവും ഗവേഷണവുമെല്ലാം ക്യാമ്പസുകളുടെയും ക്ലാസ് മുറികളുടെയും അയഥാര്‍ഥ ലോകത്തും നിര്‍ലോഭം സാധ്യമാക്കുന്ന സാങ്കേതിക സംവിധാനങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുക എന്നതാണ് അധ്യാപകരുടെ ഇപ്പോഴത്തെ വെല്ലുവിളിയും കടമയും.

ലോകരാജ്യങ്ങളിലെ പ്രശസ്ത യൂനിവേഴ്‌സിറ്റികള്‍ അവരുടെ വിദ്യാര്‍ഥികളുടെ പാഠ്യബോധന പ്രക്രിയകളെ ഈ കാലയളവിലേക്ക് ഇത്തരത്തില്‍ പുനഃക്രമീകരിച്ചു കഴിഞ്ഞു. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം അവരുടെ അക്കാദമിക് ഭാവിയും സംരക്ഷിക്കപ്പെടണം. ഇതിനായി യൂനിവേഴ്‌സിറ്റികളുടെ അക്കാദമിക് കലണ്ടറുകളും പാഠ്യബോധന പ്രക്രിയകളും മൂല്യനിര്‍ണയ സംവിധാനങ്ങളും ചലനാത്മകമായി പുനഃക്രമീകരിക്കണം. ഒന്ന് മുതല്‍ 12 വരെ ഇത്തരമൊരു മാറ്റത്തിന് സജ്ജരായിക്കഴിഞ്ഞു. സ്‌കൂളുകള്‍ക്ക് അതിന് കഴിയുമെങ്കില്‍ എന്തുകൊണ്ട് കോളജുകളിലും പോളിടെക്‌നിക്കുകളിലും അതായിക്കൂടാ? മതപാഠശാലകള്‍ വരെ അധ്യാപനം ഓണ്‍ലൈനിലേക്ക് മാറ്റുന്നുവെന്ന വാര്‍ത്ത ശ്രദ്ധേയമാണ്. ലോക്ക്ഡൗണ്‍ കാലയളവില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനും അധ്യാപകരെ ഇതിനായി പരിശീലിപ്പിക്കാനും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ അധ്യാപക സംഘടനകള്‍ തന്നെ മുന്നോട്ടു വന്നത് ഏറെ അഭിനന്ദനമര്‍ഹിക്കുന്നു.

സ്‌കൂളുകളിലും കോളജുകളിലും അധ്യയന ദിനങ്ങള്‍ നഷ്ടമാകാത്ത തരത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ തന്നെ ക്ലാസുകള്‍ ആരംഭിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. രാവിലെ 8.30ന് തുടങ്ങി ഉച്ചക്ക് 1.30ന് അവസാനിക്കത്തക്ക രീതിയിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ സജ്ജീകരിക്കേണ്ടത്. ഉച്ചക്ക് ശേഷം വിദ്യാര്‍ഥികള്‍ക്ക് താത്പര്യമുള്ള കോഴ്‌സുകള്‍ക്ക് ചേരാന്‍ ഈ സമയക്രമം സഹായകമാകും. അധ്യാപകര്‍ക്കാകട്ടെ നവീനമായ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ചെയ്യാനും ഗവേഷണ സംബന്ധമായ കാര്യങ്ങളില്‍ മുഴുകാനും അവസരം ലഭിക്കും. കലാലയങ്ങളില്‍ പാഠ്യപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയുന്നതുവരെ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താനുള്ള സംവിധാനങ്ങള്‍ കോളജുകള്‍ മുന്‍കൈയെടുത്ത് ഏര്‍പ്പെടുത്തണം. യൂനിവേഴ്‌സിറ്റികളുടെ നിര്‍ദേശാനുസരണം ഓരോ കോളജുകളിലെയും പ്രിന്‍സിപ്പല്‍മാരും അധ്യാപകരും വിദ്യാര്‍ഥി പ്രതിനിധികളും കൂട്ടായി ആലോചിച്ച് അടിസ്ഥാന നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താതെ ഓണ്‍ലൈന്‍ ബോധനരീതി പ്രായോഗികമാക്കുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

വിദ്യാര്‍ഥികള്‍ക്ക് അവരുടെ ജീവിതത്തിലെ വിലപ്പെട്ട സമയവും അധ്യയന വര്‍ഷവും അവസരങ്ങളും പാഴായി പോകരുത്. ഓണ്‍ലൈന്‍ സംവിധാനമൊരുക്കാന്‍ ഏതൊക്കെ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കാം എന്നത് കുട്ടികളുടെ എണ്ണവും പാഠ്യവിഷയവും അനുസരിച്ച് അധ്യാപകര്‍ക്ക് തീരുമാനിക്കാം. സൂം, ഗൂഗിള്‍ ക്ലാസ് റൂം, ഗൂഗിള്‍ മീറ്റ്, മൈക്രോസോഫ്റ്റ് എജ്യൂക്കേഷന്‍, വെബിക്സ് തുടങ്ങിയ വിവിധ വീഡിയോ കോണ്‍ഫറന്‍സിംഗ് സങ്കേതങ്ങള്‍ ഇതിനായി ഉപയോഗിക്കാം.

ഏതെങ്കിലും കോളജുകളുടെ സമീപത്ത് താമസിക്കുന്ന അധ്യാപകര്‍ പ്രസ്തുത കോളജുകളിലെത്തിയും അല്ലാത്തവര്‍ അവരവരുടെ വീടുകളിലിരുന്നും ക്ലാസുകള്‍ എടുക്കുന്ന രീതിയാണ് ഈ കൊവിഡ് കാലത്ത് നാം സ്വീകരിക്കേണ്ടത്. ഈ ക്ലാസുകള്‍ റെക്കോഡ് ചെയ്ത് ലഭ്യമാക്കിയാല്‍ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും കേള്‍ക്കാനും സാധിക്കും. എടുത്ത ക്ലാസുകളുടെ വിവരങ്ങള്‍ വകുപ്പുതലവനെ ദിവസേനയോ ആഴ്ചാവസാനമോ അറിയിക്കുന്ന രീതിയാണ് വിദേശ സര്‍വകലാശാലകള്‍ സ്വീകരിച്ചിരിക്കുന്നത്. കൊവിഡ് കാല പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കലാലയങ്ങളിലൂടെ നേരിട്ടുള്ള ക്ലാസ് റൂം അധ്യയനം നാം ഇതുവരെ നടപ്പാക്കിയ പ്രതിരോധ സംവിധാനങ്ങളെ പിറകോട്ടടിപ്പിക്കുന്നതിനു തുല്യമാകും. അമ്പതിലേറെ വിദ്യാര്‍ഥികളുള്ള ക്ലാസ് റൂമുകളില്‍ സാമൂഹിക അകലം പാലിച്ച് ക്ലാസെടുക്കാനോ ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികളെ താമസിപ്പിച്ച് പഠിപ്പിക്കാനോ നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ല. വിഖ്യാത സര്‍വകലാശാലകളായ ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, ഗ്‌ളാസ്‌ഗോ, സൗത്ത് കരോലിന യൂനിവേഴ്‌സിറ്റികളൊക്കെ അധ്യാപകരും വിദ്യാര്‍ഥികളും കോളജുകളില്‍ വരാതെ തന്നെ സമയബന്ധിതമായി അധ്യയനം നടത്തുന്ന രീതിയിലേക്ക് താത്കാലികമായി മാറിക്കഴിഞ്ഞു. കേരളത്തില്‍ പക്ഷേ ഈ സംവിധാനങ്ങള്‍ നടപ്പാക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇവയെ കുറിച്ചെല്ലാം ഘട്ടംഘട്ടമായി അവലോകനങ്ങള്‍ നടത്തി മുന്നോട്ടുപോകാം എന്നാണ് സര്‍ക്കാറിന്റെ കണക്കു കൂട്ടല്‍. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു മാത്രമേ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറാവൂ എന്ന ചിന്ത വിചിത്രമാണ്.

കേരളത്തിലെ പല ജില്ലകളിലും കൊവിഡ് വ്യാപനതോതിനൊപ്പം ഹോട്ട്സ്‌പോട്ടുകള്‍ കൂടുതല്‍ ഉണ്ടാകുന്ന അവസ്ഥ നാം കണ്ടതാണ്. ഇത്തരം സാഹചര്യങ്ങളില്‍ സാമൂഹിക സുരക്ഷക്ക് ക്ലാസ് റൂം പഠനത്തേക്കാള്‍ ഓണ്‍ലൈന്‍ പഠനമാകും അഭികാമ്യമാകുക. ഒരു ജില്ലയിലെ താമസക്കാരനായ അധ്യാപകന് തന്റെ കലാലയം സ്ഥിതിചെയ്യുന്ന മറ്റൊരു ജില്ലയിലേക്ക് യാത്രചെയ്ത് ഓണ്‍ലൈന്‍ ക്ലാസ് എടുക്കേണ്ട ആവശ്യമില്ല. പകരം അധ്യാപകര്‍ക്ക് അവരവരുടെ വീടുകളില്‍ ഇരുന്നുകൊണ്ടോ തൊട്ടടുത്ത കോളജുകളിലെത്തിയോ ക്ലാസെടുക്കാനും വിദ്യാര്‍ഥികളുമായി സംവദിക്കാനും നിഷ്പ്രയാസം സാധിക്കും. ഇത്തരം സാഹചര്യങ്ങളില്‍ കോളജുകളിലെ സാങ്കേതിക സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള സംവിധാനങ്ങള്‍ യൂനിവേഴ്‌സിറ്റികള്‍ ഒരുക്കണം.

എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളുടെ പ്രായോഗിക പരിശീലനത്തിന് വെര്‍ച്വല്‍ ലാബുകളും സിമുലേഷന്‍ ലാബുകളും വിട്ടുനല്‍കാന്‍ ഐ ഐ ടികള്‍ ഉള്‍പ്പെടെ തയ്യാറായിരിക്കുകയാണ്. അങ്ങനെ ചെയ്യാന്‍ കഴിയാത്ത വിഷയങ്ങളില്‍ ലാബുകളുടെ വീഡിയോ ഡമോണ്‍സ്‌ട്രേഷന്‍ വഴി താത്കാലികമായി കുട്ടികളെ പ്രാക്ടിക്കലുകളും പഠിപ്പിക്കാം. നേരിട്ടു ചെയ്തുള്ള പരിചയത്തിന്റെ അഭാവം താത്കാലികമായി ഉണ്ടാകുമെങ്കിലും കൊവിഡ് കാലയളവിനു ശേഷം ആ നൈപുണ്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് സ്വായത്തമാക്കാന്‍ പുതിയ രീതി സഹായകമാകും.

വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ കൃത്യതയോടെ പങ്കെടുക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ ഹാജര്‍നില ശേഖരിക്കേണ്ടതുണ്ട്. സ്വന്തം വീടുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് തൊട്ടടുത്ത കോളജുകളിലോ മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ലൈബ്രറികളിലോ ബന്ധപ്പെട്ടവരുടെ അനുമതിയോടുകൂടി സൗകര്യം ഒരുക്കാവുന്നതേയുള്ളൂ. ഇന്റര്‍നെറ്റ് കണക‌്ഷനോടുകൂടിയുള്ള ലാപ്‌ടോപ്പുകളോ സ്മാര്‍ട്ട് ഫോണുകളോ താത്കാലികമായി വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്ന കാര്യവും നമുക്ക് ചിന്തിക്കാവുന്നതാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മുഴുവന്‍ എസ് സി – എസ് ടി വിദ്യാര്‍ഥികള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക പദ്ധതികള്‍ വെച്ച് ഇതിനകം തന്നെ ലാപ്‌ടോപ്പുകള്‍ നല്‍കിയിട്ടുണ്ട്. സ്വന്തമായോ വീട്ടിലോ കമ്പ്യൂട്ടറുകളില്ലാത്ത പാവപ്പെട്ട വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്ക് പ്രസ്തുത സൗകര്യം ഒരുക്കാന്‍ ശ്രദ്ധിക്കണം.

പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പഠനപ്രക്രിയ സുഗമമാകാന്‍ ഏത് സാങ്കേതിക വിദ്യയും ഉപയോഗിക്കാന്‍ അധ്യാപകന് സ്വാതന്ത്ര്യമുണ്ട്. താത്കാലികമായി നാം കൂടുമാറുന്ന ഓണ്‍ലൈന്‍ സംവിധാനത്തെ അത്തരമൊരു സ്വാതന്ത്ര്യമായി അധ്യാപകര്‍ കണക്കാക്കണം. പല തരത്തിലുള്ള പരീക്ഷകള്‍ നടത്താനും വിദ്യാര്‍ഥികള്‍ ഓരോ ക്ലാസുകള്‍ വഴിയും ആര്‍ജിക്കുന്ന ശേഷികളും നൈപുണ്യങ്ങളും ഏതൊക്കെയാണെന്ന് വിവേചിച്ചറിയാനുതകുന്ന മൂല്യനിര്‍ണയ രീതികളും ഓണ്‍ലൈനില്‍ ഉണ്ട്. വിദ്യാര്‍ഥികളുടെ ഹാജര്‍നില അറിയാനും ക്ലാസുകള്‍ക്കിടക്ക് വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ ദൂരീകരിക്കാനും അവരുമായി സംവദിക്കാനുമുള്ള സംവിധാനങ്ങളും നിലവിലുണ്ട്.
കേരളത്തിലെ ഒരു ഗ്രാമപ്രദേശത്തെ വീട്ടിലിരിക്കുന്ന സെയില്‍സ്മാന്‍ ദുബൈയിലെ കമ്പനിക്കുവേണ്ടി മാര്‍ക്കറ്റിംഗ് ജോലികള്‍ ഓണ്‍ലൈനില്‍ ചെയ്യുന്ന കാലമാണിത്. നമ്മള്‍ പഠിപ്പിച്ചുവിട്ട ഭൂരിഭാഗം ടെക്കികളും വീട്ടിലിരുന്നാണ് മള്‍ട്ടിനാഷനല്‍ കമ്പനികള്‍ക്കു വേണ്ടി ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഒരര്‍ഥത്തില്‍ നിവൃത്തിയില്ലായ്മയില്‍ നിന്ന് ഉരുത്തിരിയുന്ന താത്കാലിക സംവിധാനം മാത്രമാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍. അതുകൊണ്ടുതന്നെ കൊവിഡ് കാലം കഴിയുന്നതുവരെ അധ്യാപകരും വിദ്യാര്‍ഥികളും ഇതിന് തയ്യാറായേ പറ്റൂ.

ആദ്യ ദിനങ്ങളില്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ ഈ പരിമിതികളെ അതിജീവിക്കാന്‍ അധ്യാപക, വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ സമയബന്ധിതമായി ഇടപെടണം. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്നും നമ്മുടെ അധ്യാപക, വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ മുന്നിലുണ്ടായിരുന്നുവെന്നത് ഈ കൊവിഡ് കാലത്തെ സഹവർത്വിത്തത്തിലൂടെയും നമുക്ക് ബോധ്യപ്പെടുത്താനാകും.

ആരോഗ്യരംഗത്തു മാത്രമല്ല ഉന്നത വിദ്യാഭ്യാസരംഗത്തും വേണം ഒരു ബ്രേക്ക് ദി ചെയിന്‍. പരമ്പരാഗത പാഠ്യ, പഠന, മൂല്യനിര്‍ണയ സംവിധാനങ്ങളുടെ ഒരു സൂക്ഷ്മ നിരീക്ഷണവും അവലോകനവും പുനര്‍വായനയും പൊളിച്ചെഴുത്തും ഈ കൊവിഡ് കാലം നമ്മോട് ആവശ്യപ്പെടുന്നുണ്ട്. മറ്റാരേക്കാളും ഈ പുതു സ്പന്ദനങ്ങളെ തിരിച്ചറിയാന്‍ കഴിയേണ്ടത് ഞാനുള്‍പ്പെടെയുള്ള അധ്യാപക സമൂഹത്തിനാണ്. കൊവിഡ് കാലം അടച്ചിടുന്ന കലാലയ വാതിലുകളെ ജ്ഞാനഭൂമികയുടെ ഭാവിയിലേക്കും പുതിയ ആകാശങ്ങളിലേക്കും ആര്‍ജവത്തോടെ തുറന്നുവെക്കുകയാണ് അധ്യാപക സമൂഹം ചെയ്യേണ്ടത്.

Latest