Articles
മതേതരത്വത്തെ ശക്തിപ്പെടുത്തിയ ബഹുമുഖ പ്രതിഭ
എം പി വീരേന്ദ്രകുമാര്‍ കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ ചരിത്രത്തില്‍ അതുല്യമായ ഇടമുണ്ടാക്കിയ വ്യക്തിത്വമാണ്. കേരളത്തിന്റെ മതസൗഹൃദ പാരമ്പര്യത്തെ ശക്തിപ്പെടുത്തിയ വ്യക്തിത്വം, മികച്ച എഴുത്തുകാരന്‍, വാഗ്മി, സംഘാടകന്‍, പാര്‍ലിമെന്റേറിയന്‍ തുടങ്ങി ഒട്ടേറെ രംഗങ്ങളില്‍ ശ്രദ്ധേയമായ മുദ്ര പതിപ്പിച്ചു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ മുസ്്ലിം സമുദായത്തിന് അവരുടെ ഒരുറ്റ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. നമ്മുടെ സമൂഹം ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന സന്ദിഗ്ധതകളെ കുറിച്ച് അറിയുന്ന ഒരാള്‍ക്ക് ആ നഷ്ടത്തിന്റെ ആഴവും പരപ്പും എളുപ്പത്തില്‍ മനസ്സിലാകും.
സമപ്രായക്കാരായ ഞങ്ങള്‍ ഏതാണ്ട് ഒരേ സമയത്താണ് കോഴിക്കോട് കേന്ദ്രമാക്കി പൊതു പ്രവര്‍ത്തനം ആരംഭിക്കുന്നത്. അതായിരുന്നു ഞങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനം. വീരേന്ദ്രകുമാര്‍ രാഷ്ട്രീയം, സാംസ്‌കാരികം, സാഹിത്യം എന്നീ മേഖലകളില്‍ ആണെങ്കില്‍ ഞാന്‍ പ്രധാനമായും മത, സാമൂഹിക മേഖലകളില്‍ ആയിരുന്നു ശ്രദ്ധ കൂടുതല്‍ പതിപ്പിച്ചിരുന്നത്. ഈ മേഖലകളെ പരസ്പര വിരുദ്ധമായി കാണാനാണ് പൊതുവെ ആളുകള്‍ ഇഷ്ടപ്പെടുന്നതെങ്കിലും ഇവ തമ്മിലുള്ള പാരസ്പര്യത്തില്‍ ആയിരുന്നു വീരേന്ദ്രകുമാറിന്റെ ഊന്നല്‍. അദ്ദേഹത്തിന്റെ എഴുത്തിലും പ്രഭാഷണങ്ങളിലും ഞാന്‍ ശ്രദ്ധിച്ച ഒരു പ്രധാന കാര്യവും ഇതാണ്. ആത്മീയതയെ മാറ്റിനിര്‍ത്തി മനുഷ്യസമൂഹം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല എന്ന വിശ്വാസക്കാരന്‍ ആയിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ ഞങ്ങളുടെ താത്പര്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ ഉണ്ടായിരുന്നു.
എന്റെ പൊതു ജീവിതത്തില്‍ ഏറെ വേദനിപ്പിച്ച അനുഭവങ്ങളില്‍ ഒന്ന് ബാബരി മസ്ജിദിന്റെ തകര്‍ച്ചയാണ്. നമ്മുടെ പല പ്രതീക്ഷകളും കണക്കു കൂട്ടലുകളും തെറ്റിയ സന്ദര്‍ഭം. ഒരു പക്ഷേ രാജ്യം നേരിട്ട ഈ പ്രതിസന്ധിയെ സൂക്ഷ്മമായി മനസ്സിലാക്കിയ അപൂര്‍വം രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍ വീരേന്ദ്രകുമാര്‍ ആയിരുന്നു. രാമന്റെ ദുഃഖം എന്നായിരുന്നു അക്കാലത്ത് അദ്ദേഹം എഴുതിയ ലേഖന പരമ്പരയുടെ തലക്കെട്ട്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ മുസ്്ലിംകളുടെ വേദനയായല്ല, രാമന്റെ തന്നെ വേദനയായാണ് അദ്ദേഹം അവതരിപ്പിച്ചത്. ബാബരി മസ്ജിദ് തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ ആളുകള്‍ക്ക് നല്‍കാന്‍ കഴിയുന്ന വലിയൊരു പ്രഹരമായിരുന്നു ആ വിലയിരുത്തല്‍. തങ്ങള്‍ ഏത് ആശയത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണോ ഇതൊക്കെ ചെയ്തു കൂട്ടുന്നത്, ആത്യന്തികമായി ആ ആശയത്തെ വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ഉള്ളില്‍ നിന്ന് ദുര്‍ബലപ്പെടുത്തുകയാണ് എന്നായിരുന്നു വീരേന്ദ്രകുമാറിന്റെ വിലയിരുത്തല്‍. ആ കാലത്ത് അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ഈ സമുദായത്തിന് തെല്ലൊന്നുമല്ല ആശ്വാസം പകര്‍ന്നിട്ടുള്ളത്.
ഞങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ വീരേന്ദ്രകുമാറിനെ പങ്കെടുപ്പിക്കാന്‍ ഞാന്‍ പ്രത്യേകം തന്നെ നിര്‍ദേശം നല്‍കിയത് ഇപ്പോഴും ഓര്‍ക്കുന്നു. മതകീയതയും വര്‍ഗീയതയും തമ്മിലുള്ള വേര്‍തിരിവ് ചൂണ്ടിക്കാണിക്കുന്നത് ആയിരുന്നു അദ്ദേഹത്തിന്റെ വിശകലനങ്ങള്‍. ഇന്ത്യയിലെ വര്‍ഗീയതയുടെ ഘടനാപരമായ സവിശേഷതകളെ മനസ്സിലാക്കിയ ഒരാള്‍ക്കേ അത്തരം നിലപാടുകള്‍ എടുക്കാന്‍ കഴിയുമായിരുന്നുള്ളൂ.
മുസ്‌ലിം സമുദായത്തിനകത്തെ സൂക്ഷ്മ ചലനങ്ങളെയും വൈജാത്യങ്ങളെയും മനസ്സിലാക്കുന്നതില്‍ അദ്ദേഹം സവിശേഷ ശ്രദ്ധ പുലര്‍ത്തി. കല്‍പ്പറ്റയില്‍ ആണെങ്കിലും കോഴിക്കോട് ആണെങ്കിലും അദ്ദേഹത്തിന്റെ തൊട്ടടുത്തുള്ള സമുദായം മുസ്‌ലിംകള്‍ ആയിരുന്നു. ഒരയല്‍പക്ക ബന്ധത്തിന്റെ ഇഴയടുപ്പം അദ്ദേഹത്തിന് മുസ്‌ലിംകളോടും അവരുടെ സാമൂഹിക അനുഭവങ്ങളോടും ഉണ്ടായിരുന്നു. മുസ്‌ലിംകളുടെ മതപരമായ കാര്യങ്ങളില്‍ കൂടുതലായി അറിവ് തേടേണ്ട സന്ദര്‍ഭം വരുമ്പോള്‍ എന്നെ വിളിച്ചു തന്നെ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. അതുപോലെ, പാര്‍ലിമെന്റില്‍ സമുദായവുമായി ബന്ധപ്പെട്ട് ഉന്നയിക്കേണ്ട കാര്യങ്ങള്‍ വരുമ്പോള്‍ അദ്ദേഹത്തെ വിളിച്ചും നേരില്‍ കണ്ടു സംസാരിച്ചും ഞാന്‍ കാര്യങ്ങള്‍ അറിയിക്കാറുണ്ടായിരുന്നു. മികച്ച പാര്‍ലിമെന്റേറിയന്‍ ആയിരുന്ന അദ്ദേഹം, അത്തരം വിഷയങ്ങളെല്ലാം സമഗ്രമായി തന്നെ സഭകളില്‍ അവതരിപ്പിച്ച്, രാജ്യത്ത് മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ന്യായമായ ശബ്ദങ്ങളെ ഉയര്‍ത്തിപ്പിടിച്ചു.
കര്‍ണാടകയിലെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ അടുത്തു നിന്ന് മനസ്സിലാക്കുകയും ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്ത വ്യക്തിയായിരുന്നു അന്തരിച്ച എഴുത്തുകാരനും വിദ്യാഭ്യാസ ചിന്തകനും ആയിരുന്ന യു ആര്‍ അനന്തമൂര്‍ത്തി. ബെംഗളൂരുവില്‍ വെച്ച് പലപ്പോഴും അദ്ദേഹത്തെ കാണേണ്ടി വന്നിട്ടുണ്ട്. ഞങ്ങളുടെ സംസാരത്തില്‍ പ്രധാനമായും കടന്നുവന്ന വ്യക്തികളില്‍ ഒരാള്‍ എം പി വീരേന്ദ്രകുമാര്‍ ആയിരുന്നു.
അനന്തമൂര്‍ത്തിയും വീരേന്ദ്രകുമാറും ഞാനും ഒരുമിച്ച് കല്‍പ്പറ്റയില്‍ ഒരു പരിപാടി സംഘടിപ്പിക്കാന്‍ അക്കാലത്ത് ഞങ്ങള്‍ പദ്ധതി ഇട്ടിരുന്നു. പക്ഷേ, അവസാന ഘട്ടത്തില്‍ അനന്തമൂര്‍ത്തിക്ക് ആരോഗ്യപരമായ ചില പ്രയാസങ്ങള്‍ വന്നുപെട്ടതിനാല്‍ അതു നടന്നില്ല. ഈ രണ്ട് വ്യക്തികളുടെയും നിലപാടുകളിലും സമീപനങ്ങളിലും ഒട്ടേറെ സാമ്യതകള്‍ ഉള്ളതായി തോന്നിയിട്ടുണ്ട്.
മാതൃഭൂമി പത്രത്തെയും പ്രസിദ്ധീകരണങ്ങളെയും കേരളത്തില്‍ ശ്രദ്ധേയമാക്കുകയും, മാധ്യമ മേഖലകളില്‍ വരുന്ന മാറ്റങ്ങളോട് അനുഗുണമാക്കി മികവോടെ പരിവര്‍ത്തിപ്പിക്കുകയും ചെയ്തുവദ്ദേഹം. മര്‍കസിന്റെ പ്രവര്‍ത്തനങ്ങളെ അടുത്ത് നിന്ന് മനസ്സിലാക്കിയ സുഹൃത്തായിരുന്നു വീരേന്ദ്രകുമാര്‍. മലബാറിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ മര്‍കസ് വലിയ പങ്കുവഹിച്ചുവെന്ന് അദ്ദേഹം എടുത്തു പറയാറുണ്ടായിരുന്നു.
നോര്‍ത്ത് ഇന്ത്യയിലെ പല മുസ്്ലിം രാഷ്ട്രീയ നേതാക്കളോടും മര്‍കസിനെ കുറിച്ച് അദ്ദേഹം പറഞ്ഞ നല്ല കാര്യങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ കരുത്ത് നല്‍കിയിട്ടുണ്ട്. മുസ്‌ലിം സമുദായവുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദവും അഗാധമായ ഇഴയടുപ്പവും കരുതലും എടുത്തുകാണിക്കുന്നതായിരുന്നു ഈ അനുഭവങ്ങള്‍.
2012ല്‍ ഞാന്‍ നടത്തിയ കേരള യാത്രയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചപ്പോള്‍ ആരോഗ്യപരമായി അദ്ദേഹം നല്ല അവസ്ഥയില്‍ ആയിരുന്നില്ല. മലബാറിലെ ഏതെങ്കിലും ഒരു പരിപാടിയില്‍ പങ്കെടുക്കും, അതെന്റെ ഉത്തരവാദിത്വമാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ക്ഷീണിതനായിട്ടും കൊണ്ടോട്ടിയിലെ പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു. ദീര്‍ഘ നേരം സംസാരിച്ചു. എല്ലാ മര്‍കസ് സമ്മേളനങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യവും പ്രഭാഷണങ്ങളും എടുത്തു പറയേണ്ടതാണ്.