National
ഡിജിറ്റല്‍ വിദ്യാഭ്യാസത്തെ എതിര്‍ത്ത് സി പി എം പോളിറ്റ്ബ്യൂറോ
ന്യൂഡല്‍ഹി | ലോക്ക്ഡൗണ്‍ മുതലെടുത്ത് പിന്തിരിപ്പന്‍ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള വ്യഗ്രതയിലാണ് കേന്ദ്ര സര്‍ക്കാറെന്ന് സി പി എം പോളിറ്റ്ബ്യൂറോ. പാര്‍ലിമെന്റ് അംഗീകരിക്കാത്ത നയമാണ് നടപ്പാക്കുന്നത്. ഡിജിറ്റല്‍ അധ്യാപന, പഠന രീതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നും സി പി എം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
അധ്യയന വര്‍ഷം അവസാനിക്കാനിരിക്കെയാണ് ലോക്ക്ഡൗണ്‍ വന്നത്. പരീക്ഷകള്‍ നടത്താന്‍ ഒരുങ്ങാനിരിക്കെയായിരുന്നു ഇത്. വിദ്യാര്‍ഥികളുടെ ഭാവിയെ തന്നെ ഇത് തടസ്സപ്പെടുത്തി. രാജ്യത്തിന്റെ ഭാവിയും തടസ്സപ്പെട്ടു. ലോക്ക്ഡൗണ്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ വികലമായ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ ശ്രമിക്കുന്നത്. സമൂഹത്തിലെ ഡിജിറ്റല്‍ വിഭജനം നമ്മുടെ രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിന് മേല്‍ മേധാവിത്വമുണ്ടാക്കുന്ന രീതിയുണ്ടാകരുത്. കാരണം രാഷ്ട്രഭാവിയെ ഇത് പ്രതികൂലമായി ബാധിക്കും.
സ്‌കൂളുകളിലെയും കൊളജുകളിലെയും സാമ്പ്രദായിക പഠന രീതിക്ക് പകരം ഡിജിറ്റല്‍ രൂപം കൊണ്ടുവരുന്നത് എക്കാലത്തും സി പി എം എതിര്‍ത്തിട്ടുണ്ട്. തുടര്‍ന്നും എതിര്‍ക്കും. അതേസമയം, മഹാമാരിയുടെ വ്യാപന കാലത്ത് അധ്യയന വര്‍ഷം തടസ്സപ്പെടാതിരിക്കാന്‍ ഡിജിറ്റല്‍ രൂപം ഉപയോഗിച്ചിരിക്കാം. എന്നാല്‍, സാമ്പ്രദായിക രീതിയെ എടുത്തുകളയുന്നതാകരുത്. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ രീതിയില്‍ വിദ്യാഭ്യാസം ലഭിക്കുന്ന സൗകര്യം ഉണ്ടെങ്കിലേ ഈ രീതി അവലംബിക്കാവൂ.
വിദ്യാഭ്യാസത്തിലെ ഡിജിറ്റല്‍ വിഭജനത്തെ പാര്‍ട്ടി എതിര്‍ക്കുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ അധ്യയന പ്രക്രിയ പുനഃക്രമീകരിക്കണം. അപ്പോള്‍ സാധാരണ നിലയില്‍ പരീക്ഷകള്‍ നടത്താന്‍ സാധിക്കുകയും വിദ്യാര്‍ഥികള്‍ക്ക് വര്‍ഷം നഷ്ടപ്പെടുകയുമില്ലെന്നും പി ബി പ്രസ്താവനയില്‍ അറിയിച്ചു.