Connect with us

Editors Pick

മലപ്പുറം വധം; ഇതത്ര നിസ്സാരമല്ല

Published

|

Last Updated

ആനവധത്തിന്റെ പശ്ചാത്തലത്തില്‍ മേനകാ ഗാന്ധി പറയുന്നത് കേട്ടില്ലേ. ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ലയാണത്രേ മലപ്പുറം. പാലക്കാട്ടാണ് ആ ക്രൂരത നടന്നത്, അതില്‍ മലപ്പുറത്തിന് എന്ത് കാര്യം, മേനകാ മാഡം ചിരിപ്പിച്ച് കൊല്ലും എന്നൊക്കെയാണ് ഫേസ്ബുക്കിലെ പ്രതികരണങ്ങള്‍. എന്നാല്‍ അതത്ര നിസ്സാര കാര്യമല്ല.

ഡല്‍ഹിയിലും ലക്‌നോയിലും അഹമ്മദാബാദിലുമൊന്നും ഇത് തമാശയല്ല. മലപ്പുറമെന്ന മുസ്‌ലിം ഡോമിനേറ്റഡ് പ്രദേശത്ത് വലിയ ഗുണ്ടായിസമാണ് നടക്കുന്നതെന്നും നിയമവാഴ്ചക്ക് പുറത്താണ് ഈ പ്രദേശമെന്നുമുള്ള പ്രതീതിയാണ് ദീര്‍ഘകാലത്തെ പ്രചാരണം കൊണ്ട് ഹിന്ദുത്വവാദികള്‍ മറ്റിടങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നത്. ആ പൊതു ബോധത്തെ കരുതിക്കൂട്ടി ഊട്ടിയുറപ്പിക്കുകയാണ് മേനക ചെയ്യുന്നത്. പുറം നാടുകളില്‍ ഈ പൊതു ബോധം മൂര്‍ച്ചയേറിയ രാഷ്ട്രീയ ആയുധമാണ്.

കര്‍ണാടകയില്‍ നിന്നുള്ള ബി ജെ പി. എം പി ശോഭ കരന്തലജേ ജനുവരിയില്‍ പറഞ്ഞത് മറക്കാറായിട്ടില്ല. കുറ്റിപ്പുറത്ത് ദളിതര്‍ക്ക് കുടിവെള്ളം മുട്ടിക്കുന്നുവെന്നായിരുന്നു നുണ. മലപ്പുറത്ത് അഫ്‌സ്പ പ്രയോഗിക്കണമെന്ന് സുബ്ഹ്മണ്യന്‍ സ്വാമി ആഹ്വാനം ചെയ്തിരുന്നു. “ഓര്‍ഗനൈസര്‍” പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മലപ്പുറം ഗോഹത്യയുടെ കേന്ദ്രമായിരുന്നു. എല്ലാ വീടുകളിലും പശുക്കളെ കൊല്ലുന്നു. ഓരോ മുക്കിലും മൂലയിലും കശാപ്പുശാലകള്‍ ഉണ്ട്. ഇവിടെ തുകല്‍ വ്യവസായങ്ങള്‍ നിരനിരയായി ഉണ്ട്. ഹിന്ദുക്കളെ ഇവിടെ നിന്ന് സാവധാനം ആട്ടിയോടിച്ചു കൊണ്ടിരിക്കുകയാണ്. ഹിന്ദുക്കളുടെ ഭൂമി മുഴുവന്‍ മുസ്‌ലിംകള്‍ വാങ്ങിച്ചു കൂട്ടുകയാണ്; മുസ്‌ലികളുടെ ഭൂമിയാകട്ടേ അവര്‍ മുസ്‌ലിംകള്‍ക്ക് മാത്രമേ വില്‍ക്കൂ. മതപരിവര്‍ത്തനത്തിന് സഊദിയില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് ഇങ്ങോട്ട് ഒഴുകുന്നതെന്നും ഓര്‍ഗനൈസര്‍ തട്ടിവിടുന്നു.

കേരളത്തിന്റെ ഹിന്ദുത്വവത്കരണത്തിന് പ്രധാന തടസ്സം മലപ്പുറമാണെന്ന് ഇവര്‍ നിരന്തരം വാദിക്കുന്നു. മലപ്പുറത്ത് നിന്ന് ജയിച്ചു കയറുന്ന എം എല്‍ എമാരുടെ സാന്നിധ്യമാണ് നിയമസഭയെ ന്യൂനപക്ഷത്തേക്ക് ചായ്ച്ചു കളയുന്നതത്രേ. വടക്ക്, തെക്ക് ഹൈന്ദവ കേരളത്തെ മലപ്പുറം ഇടക്ക് മുറിച്ചു കളഞ്ഞുവെന്ന് ഭൂമിശാസ്ത്രപരമായി കണ്ടെത്തുന്നവര്‍ വരെയുണ്ട് സംഘ് സൈബര്‍ പടയാളികള്‍ക്കിടയില്‍. “മുസ്‌ലിം ഭീകരരില്‍ നിന്ന് കടുത്ത ഭീഷണി നേരിടുന്ന മലപ്പുറത്തെ ഹിന്ദുക്കളുടെ സംരക്ഷണത്തി”നായി ഇന്ത്യയിലെ മഹാനഗരങ്ങളില്‍ വ്യാപകമായ പണപ്പിരിവ് നടക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഒരു ദേശത്ത് മുസ്‌ലിംകള്‍ ഭൂരിപക്ഷമായാല്‍ എന്താണ് സംഭവിക്കുക എന്നതിന് തെളിവായി നുണകള്‍ ആവര്‍ത്തിക്കപ്പെടുന്നു. മലപ്പുറവുമായി താരതമ്യത്തിന് സ്വാത് താഴ്‌വരയെ വരെ ഉപയോഗിക്കുന്നു. മലപ്പുറത്ത് നടക്കുന്ന ഏത് കുറ്റകൃത്യത്തിനും വലിയ ധ്വനി കൈവരുന്നു. അവിടെ നടക്കുന്ന വിദ്യാഭ്യാസ, സാമൂഹിക നേട്ടങ്ങളും വികസനവും പോലും ഈ പ്രചാരണത്തിന് ഇന്ധനമാകുന്നു. പൊതു സംവിധാനത്തില്‍ നിന്ന് മലപ്പുറം എന്തോ തട്ടിയെടുക്കുന്നു എന്ന തരത്തിലായിരിക്കും പ്രചാരണം.

സത്യമെന്തെന്നറിയിക്കാന്‍ ഉത്തരേന്ത്യയിലെ മനുഷ്യരെ മുഴുവന്‍ നമുക്ക് മലപ്പുറത്ത് കൊണ്ടുവന്ന് ഏതാനും ദിവസം താമസിപ്പിക്കാനാകില്ലല്ലോ. അങ്ങനെ ചെയ്യാനായാല്‍ മേനകമാര്‍ക്ക് മുഖത്ത് അവര്‍ കാര്‍ക്കിച്ച് തുപ്പുമല്ലോ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്