Connect with us

Articles

ധരാവിയില്‍ പിഴച്ചാല്‍

Published

|

Last Updated

മൂന്ന് കോടിയോളം ജനങ്ങള്‍ ഇടതിങ്ങി പാര്‍ക്കുന്ന ഒരു പക്ഷേ ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ മഹാനഗരമാണ് മുംബൈ. വിസ്തൃതി ഉള്ളടക്കമോ വെറും 60 കിലോമീറ്റര്‍ ദൂരം മാത്രവും. ഇവിടെ കുടിയേറിയ പ്രവാസികളാകട്ടെ നാനാ സംസ്ഥാനക്കാരും വിദേശികളും. ഒരു ദിവസം പത്ത് രൂപക്കും പത്ത് ലക്ഷത്തിനും ജീവിക്കുന്നവരുടെ കായിക പന്തയക്കഥകള്‍ സുലഭം. ദാരിദ്ര്യ രേഖക്കു താഴെയുള്ളവര്‍ 60 ശതമാനമാണ്. 30 ശതമാനം അന്തേവാസികള്‍ മിഡില്‍ ക്ലാസുകാര്‍. ഏഴ് ശതമാനം പേര്‍ ധനികരെന്നു കണക്ക്. ശേഷിക്കുന്ന രണ്ട് ശതമാനം ഇന്‍ഡസ്ട്രിയലിസ്റ്റുകള്‍. ബാക്കി ഒരേ ഒരു ശതമാനം സുഖിയന്മാരായ വമ്പന്‍ രാഷ്ട്രീയക്കാരും ബിസിനസുകാരും. ഇതിലൊന്നും പെടാത്ത ഉഡായിപ്പന്മാരുടെ സംഖ്യ സെന്‍സെക്‌സിലില്ല. ഇവരില്‍ ബഹുഭൂരിപക്ഷവും ഭിക്ഷക്കാരോ അവരോട് സംസര്‍ഗമുള്ളവരോ ആണ്.

സുബോധമില്ലാത്തവരുടെ ജഗപൊക. ഭാവി വേണ്ട, ഹിപ്പി ഭൂതങ്ങളായി ജീവിച്ചാല്‍ മതിയവര്‍ക്ക്. ഇന്നു കണ്ടവര്‍ നാളെയില്ല. ദുര്‍നടപ്പും മാറാവ്യാധികളും സുലഭം. എന്തു ചെയ്താലും ആഭാസമേയല്ലവര്‍ക്ക്. ചരസ്, കഞ്ചാവ്, മയക്കുമരുന്ന് കുത്തിവെപ്പ് ലോബി. തട്ടിപ്പറിയും പെണ്ണുപിടിത്തവും അഭിവൃദ്ധിയുടെ അവിഭാജ്യ ഘടകമാണവരില്‍. ഇത്തരം അലസരൊഴിച്ചുള്ളവര്‍ രാപ്പകല്‍ ഷിഫ്റ്റ് വര്‍ക്കെന്നോണം നഗരത്തില്‍ പരക്കം പാച്ചിലാണ്. ചിലരതിനെ നിത്യവൃത്തി, ഉപജീവനം എന്നെല്ലാം വിളിക്കും. സൂര്യചന്ദ്രതാരകങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന ഫ്‌ളൈറ്റുകള്‍ തലക്കുമീതെ. തുറമുഖങ്ങളില്‍ നങ്കൂരമിടുന്ന പടുകൂറ്റന്‍ കപ്പലുകളുടെ മുക്രയിടല്‍. എല്ലാവരും വന്നിറങ്ങുന്നത് ഒരേ ബിസിനസ് ദ്വീപില്‍. മൂന്ന് ചുറ്റും വെള്ളത്തിലായ മൂന്ന് കോടി ജനം. കൊറോണ ലോക്ക്ഡൗണാകട്ടെ കോടി ഉടുപ്പിച്ചു ഒറ്റയടിക്കെല്ലാം സ്തംഭിപ്പിച്ചു. റെയിലും വായുവും വെള്ളവും ഒരുമിച്ചു ശൂന്യമായ കാലഘട്ടമില്ല. ഉടുക്കു കൊട്ടിയവനു കുടുക്കു വീണെന്നു പഴമൊഴി.

ഭിക്ഷാടകരുടെ നഗരം
ഓസിക്കു ബിരിയാണിയുണ്ട് സുഖിച്ചവര്‍ ശീലം വിടുമോയെന്ന് നേതൃത്വ ധാര. കൊറോണ തൃശങ്കുവില്‍ വഴിതെറ്റിയവരെ ഓടിച്ചു കേറ്റിയതോ ചേരികളിലോട്ട്. പ്രശ്‌നം കൂലങ്കഷമായി കൈകാര്യം ചെയ്തു പോലീസെന്ന് സര്‍ക്കാര്‍ വീരങ്കി. പണിയെടുക്കാത്ത കുഴിമടിയനു പണികിട്ടി. നിരാശ്രയര്‍ ചടഞ്ഞു കൂടിയ വന്‍ ചേരികളിലൊന്നായി മാറി മധ്യ മുംബൈയിലെ ധരാവി. കൊറോണ രോഗം രൂക്ഷമായെന്ന് വികാര കോലാഹലം. ചികിത്സയാണേല്‍ പാവങ്ങള്‍ക്കു പരിമിതം.

ആധാറില്ലാത്തവന്‍ വഴിയാധാരമെന്ന പോളിസി വിരാജിക്കുന്ന യമകാലവും. യത്തീമുകള്‍ക്കു വേണ്ടി വക്കാലത്തിനാളെ കിട്ടില്ല. ദരിദ്രര്‍ വഴിപിഴച്ചത് കുത്തഴിഞ്ഞ ജീവിത രീതികള്‍ കൊണ്ടു മാത്രമല്ല. സമൂഹത്തിന് അവരുടെ അധഃപതനത്തില്‍ തികഞ്ഞ ഉത്തരവാദിത്വമുണ്ട്. അമ്മയുടെ വയറ്റില്‍ നിന്നാരും കുസൃതികളഭ്യസിച്ചിട്ടില്ലെന്നതു ഗുണപാഠ വായന. സാഹചര്യങ്ങളും കൂട്ടുകെട്ടും വഷളാക്കിയതാണെന്നാണ് പരമസത്യം. കുറ്റം സമ്മതിക്കുന്നവര്‍ ഒന്നോര്‍ക്കണം. പോര്‍ക്കളത്തിലവര്‍ വീണുപോയത് നിരാശയും അനാഥത്വവും മൂലമാണ്. സമുദ്ധരിക്കേണ്ട ചുമതല ഓരോ ഭാരതീയനുമുണ്ട്.
ധരാവിക്കുണ്ടായ ഭീഷണി
അരപ്പട്ടിണിക്കാരുടെ ഒളിസങ്കേതമാണ് ധരാവി.

ഹോട്ടലുകാരുടെ സക്കാത്തും കുശാല്‍ ശാപ്പാടും നഷ്ടപ്പെട്ട മുഴുപ്പട്ടിണിക്കാരെ ഒരു ചേരിയിലേക്ക് കുത്തിക്കയറ്റിയാലത്തെ സ്ഥിതിയൊന്നാലോചിച്ചു നോക്കൂ. ഇതാണിന്ന് ധരാവി. പതിനായിരങ്ങള്‍ക്കു വഴിയടഞ്ഞു. ഇവരെ തുറന്ന് പുറത്തു വിട്ടാലും ഭീകരാവസ്ഥ സൃഷ്ടിക്കും. പകര്‍ച്ചവ്യാധികൾക്ക് എണ്ണം ഉണ്ടാകില്ല. കൂടിനകത്ത് അടച്ചിട്ടാലോ മരിക്കുന്നവരുടെ എണ്ണമെഴുതി കൈ കഴക്കും. ഒരു കണക്കിനു നിരപരാധികളെ തളച്ചു ശ്വാസം മുട്ടിച്ചു കൊല്ലുന്ന അവസ്ഥ. ധരാവിയെന്നു കേട്ടാല്‍ അധികാരികളുടെ പുരികം ചുളിയും തലവേദനയാല്‍. അതിനകത്തു ചുഴിഞ്ഞിറങ്ങുന്നത് അത്ര പന്തിയല്ല. വരുതിക്കു നില്‍ക്കാത്ത കാക്കികളുടെ ചുടുചോര കുടിച്ച് അട്ടഹസിച്ച എമ്പോക്കികളുടെ മണ്ണാണ് ധരാവിയുടേത്. കലിസിംഹങ്ങളായ തമിഴരുടെ വിളയാട്ട ഭൂമിയെന്ന് ചരിത്രം. തമിഴരീ ലോകം കൈയടക്കിയതിന് ഒത്തിരി കഥകളും പ്രചാരത്തിലുണ്ട്. അടിയന്തരാവസ്ഥയില്‍ സഞ്ജയ് ഗാന്ധി ധരാവി രഹസ്യത്തില്‍ കത്തിച്ചു ചാമ്പലാക്കാന്‍ ഓര്‍ഡര്‍ കൊടുത്തതുമാണ്. ധരാവിക്കാര്‍ വെറുതെയിരിക്കുമോ. ഒറ്റക്കെട്ടായി കണ്ണിലെണ്ണയൊഴിച്ചു തീപന്തങ്ങളും മാരകായുധങ്ങളുമായി ചെറുത്തു നിന്നു. ബുള്‍ഡോസര്‍ വരെ ഭരണതലങ്ങള്‍ രംഗത്തിറക്കിയിട്ടും ശോചനീയമായി പരാജയപ്പെട്ടു. തമിഴുരാശിയിലെ അരക്കിട്ടുറപ്പിച്ച ഒത്തൊരുമയുടെ ബലം. പണ്ടു പണ്ടാരോ പണം കൊടുത്ത് പതിച്ചുവാങ്ങിയ പണ്ടാരഭൂമിയാണു ധരാവിയെന്നു കേട്ടുകേള്‍വിയുമുണ്ട്. ചെറിയൊരു കോളനിയോ ചേരിയോ അല്ല ധരാവി. പകയുടെ ഇടമാണത്. തലമുറകളനുഭവിച്ച കൊടും ക്രൂര കഥകള്‍ പ്രചാരത്തിലുണ്ടനവധി.

ചോരത്തിളപ്പോടെ തമിഴ് നിവാസികളത് വീരഗാഥയാക്കി പാടിനടക്കുകയും ചെയ്യുന്നു. മറ്റൊരര്‍ഥത്തില്‍ ദുഃഖ ഭൂമിയാണ്. മുംബൈ ഇത്ര പുരോഗമിച്ചിട്ടും മല വിസര്‍ജനവേദി റെയില്‍ പാളങ്ങളും വഴിയോരങ്ങളുമാണ്.
റൂട്ട് മാപ്പ്
മെട്രോ നഗരമായ മുംബൈയില്‍ സാധാരണക്കാരനു സഞ്ചരിക്കാനുള്ള എളുപ്പ മാര്‍ഗം ലോക്കല്‍ ട്രെയിനുകളാണ്. മൂന്ന് വിഭാഗമായി അതും തരംതിരിച്ചിട്ടുണ്ട്. സെന്‍ട്രല്‍, വെസ്റ്റേണ്‍, ഹാര്‍ബര്‍. ഈ മുച്ചങ്ങലയിലേതാണ്ടു കൊളുത്തു കോര്‍ത്ത വിധമാണു ധരാവിയുടെ കിടപ്പ്. സയോണ്‍ സ്റ്റേഷന്‍ ചെന്നു കേറും വരെയുള്ള ആള്‍ക്കൂട്ടമാര്‍ന്ന നെടുനീളന്‍ റോഡിനു പോലും ധരാവിയെന്നു പേരു വീണു. 520 ഏക്കര്‍ സ്ഥലത്ത് ഏഴെട്ടു ലക്ഷം ജനങ്ങളെന്നു പോപ്പുലേഷന്‍ തിയറി. ഇതിലും അധികം ജനസംഖ്യ ഉറപ്പ്. ഇലക്്ഷന്‍ കാലത്തെ ജനസമ്മതരുടെ നിര്‍ണായക വോട്ടെന്നു സാരം. അതുകൊണ്ട് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു സംഖ്യ വിലയിരുത്തുമ്പോള്‍ ധരാവിക്കു മുന്‍തൂക്കമുണ്ട്. ഫണ്ട് കട്ടതു വളച്ചൊടിക്കാന്‍ കുറ്റവും ചാരും. വികസനത്തിനു ചേരിക്കാര്‍ തെല്ലും സഹകരണം നല്‍കുന്നില്ല പോലും. ഔദാര്യങ്ങള്‍ ആശിക്കാത്തവര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരെന്നു സ്വയം അഭിനയിച്ചും കാലം കഴിച്ചു.

ഇവിടങ്ങളില്‍ പെട്ടിക്കട കച്ചവടമാണെന്തിനും. നല്ല തുകല്‍ സാധനങ്ങള്‍ വിലപേശി വാങ്ങാം. കടകമ്പോളത്തിനു കാര്യമായ ലൈസന്‍സന്വേഷിച്ചു ആരും ശല്യപ്പെടുത്തില്ല. സമ്മര്‍ സീസണില്‍ രത്‌നഗിരി ആപ്പൂസ് മാമ്പഴം വരെ ധരാവിയിലന്വേഷിച്ചാല്‍ വിലകുറച്ചു കിട്ടും. നികുതി, കപ്പക്കാര്‍ ശരണം കെടുത്താന്‍ തെല്ലു മടിക്കും. എന്തിനധികം വീടുവീടാന്തരം സ്മഗ്ള്‍ഡ് സാധനങ്ങളുടെ വില്‍പ്പന നിലനിന്നിരുന്നു. താമസവും ഉപജീവനവും ഒന്നിച്ചു കൊണ്ടു നടക്കുന്നവരാണധികവും. തലതൊട്ടപ്പന്മാരായി ശിങ്കിടികള്‍ കരം പിരിക്കുന്ന സമ്പ്രദായവും നിലവിലുണ്ട്. ആപത്തു കാലത്തവരുടെ സഹായം ഇന്‍ഷ്വറന്‍സ് പോളിസിക്ക് തുല്യം ഉപകരിക്കുമത്രേ. കേള്‍ക്കാന്‍ സുഖമുള്ള പല്ലവി. വേറൊരു പച്ചവെള്ളം ചേര്‍ക്കാത്ത യാഥാര്‍ഥ്യവുമുണ്ട്. മെയ്ഡിന്‍ യു എസ് എ ഉത്പന്നങ്ങളുടെ വിപുല വിപണിയും ഇവിടമായിരുന്നു. അതിലും ചീപ്പായി മെയ്ഡിന്‍ ചൈന രംഗപ്രവേശനം ചെയ്തതോടെ ഹെഡ്ഡോഫീസ് തന്നെ പൂട്ടി.

ഒരധികാരിയുമവിടെ കാലുകുത്തില്ല. ഇൻക്വിലാബാകും. തിരിച്ചു പോകാന്‍ തല കാണില്ല കഴുത്തില്‍. നക്കാപ്പിച്ച വാങ്ങി വാലാട്ടി നടക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. അധോലോകം ഛിന്നഭിന്നമായിട്ടും ധരാവിയുടെ ഭരണസംഹിതകള്‍ക്കു മാറ്റമില്ല. ഛോട്ടാ ഗുണ്ടയോ ക്രിമിനലോ ധരാവിയിലഭയം തേടിയെന്നു വിശ്വാസ വിവരം കിട്ടിയാലും നീണ്ട ധരാവി കേറി തപ്പാന്‍ മടിക്കും. സ്വന്തം ജീവനില്‍ എല്ലാവര്‍ക്കും കൊതിയുണ്ട് തന്നെ. ആ ധരാവിയിലോട്ടാണ് അഗതി വിഭാഗം കണ്ണടച്ചു മാര്‍ച്ചു ചെയ്തിരിക്കുന്നത്. സര്‍വമാനം മുളവെച്ചു ബന്ദവസ്സായി അടച്ചുപൂട്ടി സീല്‍ വെച്ചു. ധരാവിക്കാരോടു ഏറ്റുമുട്ടാന്‍ ഒരു മുട്ടാളനും സന്മനസ്സില്ലെന്നു പൊരുള്‍. രോഗ ചികിത്സയായ ഐസൊലേഷന്‍ വാര്‍ഡവര്‍ സ്വയം കണ്ടെത്തണം. പരിസരത്തെ ഡിസ്പെന്‍സറികള്‍ പോലും പ്രവര്‍ത്തന രഹിതമാണ്. നിവാസികളെ ചൊടിപ്പിക്കാനും ക്ഷുഭിതരാക്കാനും ഇതിലും കൂടുതലെന്തു വേണം.

ചുമതലയേറ്റെടുത്ത ആരോഗ്യ വകുപ്പും വിഷമസന്ധിയിലാണ്. ഇലക്കും മുള്ളിനും കേടില്ലാതെ പരിഹാരങ്ങള്‍ തേടിത്തുടങ്ങി സര്‍ക്കാറും. പലവക കുടിപ്പകകള്‍ മറന്നു. പ്രതിസന്ധി ചില്ലറയല്ലല്ലോ.
പരിഹാര വഴികള്‍ തുറക്കുന്നു
ഒറ്റയടിക്കു ധരാവി കാലിയാക്കുക പ്രയാസം. പത്ത് ലക്ഷത്തിനു മേലെയാണ് ജനസംഖ്യ. പുനരധിവസിപ്പിക്കുക എളുപ്പ ഫോര്‍മുലയേ അല്ല. അടുത്ത ചിന്താഗതി ആരോഗ്യ പ്രവര്‍ത്തകരിലെ ഉഷാറിലും തീഷ്ണതയിലും മാത്രം. അവര്‍ നിര്‍ഭയരും സേവന തത്പരരുമാണ്. പോലീസും പകമറന്ന് വിട്ടുവീഴ്ചകള്‍ക്കു തയ്യാറാണ്. സേന ഒരുങ്ങിക്കഴിഞ്ഞു. ഇനി വേണ്ടത് കോര്‍പറേഷന്‍ അധികാരികളുടെ തയ്യാറെടുപ്പാണ്. അവരും അരയും തലയും മുറുക്കി രംഗത്തെത്തുക തന്നെ ചെയ്യും. ഒത്തുപിടിച്ചാല്‍ മലയും പോരുമെന്നല്ലേ പ്രമാണം. ഇതൊരു ചില്ലറ പ്രശ്‌നമല്ല. ധരാവിയിലോട്ടിറങ്ങുന്നവര്‍ പലതും കരുതിയിരിക്കണം. അന്തേവാസികളെത്ര സഹകരണ ശീലരാണെങ്കിലും വൈറസ് ബാധ പിടിച്ചാല്‍ കിട്ടില്ല. ലോകമാസകലം തോറ്റു തൊപ്പിയിട്ടു മുട്ടുകുത്തിയ പരിതസ്ഥിതിയാണ്. ജനലക്ഷങ്ങളാണ് മരുന്നില്ലാ വ്യാധിമൂലം മരണപ്പെട്ടത്. ഈ വിഷമഘട്ടത്തെ അതിജീവിച്ചേ തീരൂ. മരുന്ന് കണ്ടു പിടിക്കുന്നതു വരെ പിടിച്ചു നില്‍ക്കണം.

എത്ര പേര്‍ക്ക് ശരിക്കും രോഗബാധയുണ്ടെന്ന് നിര്‍ണയവും തിട്ടവും വേണം. സമചിത്തരാക്കി ഇവരെ ചികിത്സിച്ചു ഭേദമാക്കുകയാകും ഏറ്റം ഉത്തമവും അഭിലഷണീയവും. കേന്ദ്ര സര്‍ക്കാര്‍ ഇടപെടുക മാത്രമല്ല, വേണ്ടതിലധികം സഹായം ആളുകൊണ്ടും പണംകൊണ്ടും വാഗ്ദാനം ചെയ്തിരിക്കുന്നു. ഇരുചേരിക്കുമതിന്റെ മാനസാന്തരം വേണം. അരങ്ങൊരുങ്ങിയ സ്ഥിതിക്ക് എല്ലാം രമ്യതയിലും ശാന്തതയിലും കലാശിക്കും. തുടക്കത്തിലെ പ്രതികാര ബുദ്ധിയല്ലയിപ്പോള്‍. രോഗികള്‍ ചികിത്സ ആവശ്യപ്പെട്ടു മുറവിളി കൂട്ടുന്ന ദയനീയതയിലെത്തി. ആരും പുറത്തു പോകാതെ നാടിനെ മാത്രമല്ല ലോകത്തെ രക്ഷിക്കേണ്ട ഭാരിച്ച ചുമതലയാണ് അധികാരികളില്‍ നിക്ഷിപ്തമായിട്ടുള്ളത്. പിഴവുകള്‍ സംഭവിച്ചാല്‍ സ്വന്തം നാടിന്റെ പരിപൂര്‍ണ നാശമാണ് മുന്നില്‍.