Covid19
ലോക്ക്ഡൗണ്‍ കാരണം കരക്കടുക്കാനായില്ല; റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കടലില്‍ ചുറ്റിത്തിരിഞ്ഞത് രണ്ട് മാസത്തോളം
ക്വലാലംപൂര്‍ | കൊറോണവൈറസ് ലോക്ക്ഡൗണ്‍ കാരണം രണ്ട് മാസത്തോളമായി കടലില്‍ ചുറ്റിത്തിരിഞ്ഞ 270 റോഹിംഗ്യന്‍ അഭയാര്‍ഥികളെ മലേഷ്യ കസ്റ്റഡയിലെടുത്തു. ഏപ്രില്‍ ആദ്യവാരം തെക്കന്‍ ബംഗ്ലാദേശില്‍ നിന്നാണ് ഇവര്‍ യാത്ര പുറപ്പെട്ടത്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം കരക്കടുക്കാനായില്ല.
ഇവര്‍ സഞ്ചരിച്ച മത്സ്യബന്ധന ബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ കടലില്‍ ചാടി തീരത്തേക്ക് നീന്തുകയായിരുന്നു. തിങ്കളാഴ്ചയാണ് മലേഷ്യന്‍ കോസ്റ്റ്ഗാര്‍ഡ് തകര്‍ന്ന ബോട്ട് കണ്ടെത്തിയത്. അവധി ആഘോഷത്തിനായി മലേഷ്യക്കാര്‍ തിരഞ്ഞെടുക്കുന്ന ലങ്കവി ദ്വീപിന് സമീപമായാണ് ഈ ബോട്ട് അധികൃതര്‍ കണ്ടെത്തിയത്. തീരദേശ സേനാംഗങ്ങളെ കണ്ട് 53 പേരാണ് കടലില്‍ ചാടിയത്. ബോട്ടിനകത്ത് 216 പേരാണ് ബാക്കിയുണ്ടായിരുന്നത്. ഒരു യാത്രക്കാരിയുടെ മൃതദേഹവും കണ്ടെത്തി. ബോട്ട് പുറപ്പെടുമ്പോള്‍ അഞ്ഞൂറ് പേര്‍ ഉണ്ടാകാനിടയുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.
മ്യാന്മറിലെ ന്യൂനപക്ഷമായ റോഹിംഗ്യന്‍ മുസ്ലിംകള്‍ കൊടുംപീഡനവും വംശഹത്യയും നേരിട്ടതിനെ തുടര്‍ന്നാണ് അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ അഭയാര്‍ഥി ക്യാമ്പിലാണ് ഇവര്‍ കഴിയുന്നത്. ഇവിടെ പത്ത് ലക്ഷം അഭയാര്‍ഥികള്‍ കഴിയുന്നുണ്ട്. അയല്‍ രാജ്യമായ മലേഷ്യയില്‍ സാധാരണ ജീവിതം കെട്ടിപ്പടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ അവിടേക്ക് കടക്കാന്‍ ശ്രമിക്കുന്നത്.