National
അതിര്‍ത്തിയില്‍ മഞ്ഞുരുക്കം; ഇന്ത്യയും ചൈനയും സൈന്യത്തെ പിന്‍വലിക്കുന്നു
ലഡാക്ക് | കിഴക്കന്‍ ലഡാക്കിലെ ചില പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യയും ചൈനയും തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കാന്‍ ആരംഭിച്ചു. ഗല്‍വാന്‍ താഴ്വരയിലെയും മറ്റ് രണ്ട് പ്രദേശങ്ങളിലെയും സൈന്യത്തെയാണ് ഇരു രാജ്യങ്ങളും പിന്‍വലിക്കുന്നത്. ഒരു മാസത്തോളമായി നീണ്ട സംഘര്‍ഷാവസ്ഥക്ക് അയവ് വരുന്നതിന്റെ സൂചനയാണിത്.
അതേസമയം, പാംഗോംഗ് സൊ, ദൗലത് ബേഗ് ഒള്‍ഡി പോലുള്ള സ്ഥലങ്ങളിലെ സൈനിക വിന്യാസത്തില്‍ മാറ്റമില്ല. സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച് പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ചൈനീസ് വൃത്തങ്ങളും ഇത്തരമൊരു അറിയിപ്പ് നല്‍കിയിട്ടില്ല. എന്നാല്‍ കുറച്ച് സൈനികരെ പിന്‍വലിച്ചതായി സൈനിക വൃത്തങ്ങള്‍ പറയുന്നു. ഗല്‍വാന്‍, ഹോട്ട് സ്പിംഗ്‌സ്, പി പി- 15ലെ പട്രോളിംഗ് പ്രദേശം എന്നിവിടങ്ങളിലെ താത്കാലിക നിര്‍മിതികളും ഒഴിവാക്കിയിട്ടുണ്ട്.
മേഖലയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും കഴിഞ്ഞയാഴ്ച മേജര്‍ ജനറല്‍ തല ചര്‍ച്ചകള്‍ നടത്തിയിരുന്നു. മെയ് അഞ്ച് മുതലാണ് ഇന്ത്യ- ചൈന സൈനികര്‍ കിഴക്കന്‍ ലഡാക്കില്‍ മുഖാമുഖം നിലയുറപ്പിച്ചത്. പാംഗോംഗ് സൊയിലെ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു ഇത്. 2017ലെ ദോക്ലാം പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ സംഘര്‍ഷാവസ്ഥയായിരുന്നു ഇത്.