Connect with us

Gulf

യു എ ഇ ചൊവ്വാ പര്യവേക്ഷണ പേടക വിക്ഷേപണം ജൂലൈ 15ന്

Published

|

Last Updated

ദുബൈ | ബഹിരാകാശ ശാസ്ത്ര രംഗത്തെ യു എ ഇയുടെ സ്വപ്‌ന പദ്ധതിയായ ചൊവ്വാ ദൗത്യത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. 35 ദിനങ്ങളുടെ കാത്തിരിപ്പിന് ശേഷം ജൂലൈ 15 യു എ ഇ സമയം (എ എം) 12.51, 27 സെക്കൻഡിന് ജപ്പാനിലെ തനെഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് പേടകം വിക്ഷേപിക്കുക. ജപ്പാന്റെ H- IIA റോക്കറ്റിലാണ് പേടകം വിക്ഷേപണത്തിനായി ഘടിപ്പിക്കുന്നത്. മണിക്കൂറിൽ 34,082 കിലോമീറ്ററായിരിക്കും വിക്ഷേപണ വേഗത. ഇതുവരെയുള്ള ലോഞ്ചിംഗ് റേറ്റിംഗിൽ H-II A റോക്കറ്റ് 97.6 ശതമാനം വിജയകരമാണ്.

കൊവിഡ് 19ന്റെ ഭാഗമായുള്ള അന്താരാഷ്ട്ര യാത്രാ വിലക്കിനെ തുടർന്ന് മൂന്ന് ആഴ്ചകൾക്ക് മുമ്പാണ് ബഹിരാകാശ പേടകം തനെഗാഷിമ ബഹിരാകാശ കേന്ദ്രത്തിലെത്തിക്കാൻ കഴിഞ്ഞത്.
ഏഴ് മാസത്തെ യാത്രക്കൊടുവിൽ 2021 ഫെബ്രുവരിയിൽ പേടകം ചൊവ്വയുടെ പ്രതലത്തിലിറങ്ങുമെന്ന് മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം അറിയിച്ചു. 20 ലാപ്‌ടോപ്പുകൾ പ്രവർത്തിക്കാനുള്ള ഊർജം ലഭ്യമാക്കുന്ന 600 വാട് സോളാർ പാനലുകൾ പേടകത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.

ബഹിരാകാശത്തെ -25 ഡിഗ്രി സെൽഷ്യസിന് താഴെയുള്ളതും 55 ഡിഗ്രി സെൽഷ്യസ് വരെയുമുള്ള താപനിലയെ പേടകത്തിന് അതിജീവിക്കാൻ സാധിക്കുമെന്ന് ഉറപ്പുവരുത്താൻ 10 ദിവസം പേടകം പ്രത്യേക താപ അറയിൽ സൂക്ഷിച്ചു. തനെഗാഷിമ ബഹിരാകാശ കേന്ദ്രത്തിലെ യോഷിനോബു കോംപ്ലക്‌സിൽ പത്തോളം ഇമാറാത്തി എൻജിനിർമാരുടെ നിരീക്ഷണത്തിലും പരിപാലനത്തിലുമാണ് പേടകം.

ദൗത്യസംബന്ധമായ മുഴുവൻ പരിശോധനകളും പൂർത്തിയാക്കി വരുന്നതായിഎമിറേറ്റ്‌സ് മാർസ് മിഷൻ പ്രൊജക്ട് മാനേജർ ഉംറാൻ അൽ ശറഫ് വ്യക്തമാക്കി. കമ്മ്യൂണിക്കേഷൻ ആൻഡ് കൺട്രോൾ ഡിവൈസുകളുടെ ബാറ്ററി പൂർണമായും ചാർജ് ചെയ്തതായി ഓൺലൈൻ യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശ പേടകത്തിന്റെ ഇന്ധന ടാങ്കിൽ 700 കിലോ ഹൈഡ്രജൻ ഫ്യുവൽ നിറച്ചുള്ള, ലീക്കേജ് ടെസ്റ്റ് പുരോഗമിക്കുന്നതായും ഉംറാൻ അൽ ശറഫ് വ്യക്തമാക്കി.
യു എ ഇയുടെ 50-ാമത് ദേശീയദിനം ആഘോഷിക്കുന്ന 2021ലാണ് പേടകം ചൊവ്വയുടെ പ്രതലത്തിലിറങ്ങുക എന്ന പ്രത്യേകതയുംകൂടി ദൗത്യത്തിനുണ്ട്. ഇതോടെ അറബ് ലോകത്ത് നിന്ന് ചൊവ്വയിലേക്ക് ആളില്ലാ പേടകമയക്കുന്ന ആദ്യ രാജ്യമായി യു എ ഇ മാറും.

ചൊവ്വാ ഗ്രഹത്തിന്റെ ഇതുവരെ കണ്ടെത്താത്ത രഹസ്യങ്ങൾ പഠിക്കുന്നതിനൊപ്പം ഭൂമിയുടെ അന്തരീക്ഷത്തെ കുറിച്ചുമാണ് പേടകം അന്വേഷണം നടത്തുക. ബഹിരാകാശ രംഗത്തെ പുതിയ കാൽവെപ്പ് വിജയകമരമാകുമ്പോൾ ചൊവ്വാ ദൗത്യത്തിന് ഇറങ്ങിപ്പുറപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ യു എ ഇ ഏഴാമതാകും. ഇതുവരെ ഇന്ത്യയുൾപെടെ നാലു രാജ്യങ്ങളുടെ ദൗത്യങ്ങൾ മാത്രമാണ് വിജയിച്ചിട്ടുള്ളത്. മംഗൾയാൻ എന്ന ചൊവ്വാ ദൗത്യം വിജയകരമായി വിക്ഷേപിച്ച ഇന്ത്യ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ രാജ്യമായി മാറിയിരുന്നു.
1964ൽ നാസയാണ് ആദ്യമായി ചൊവ്വാ ദൗത്യം വിജയകരമായി നടത്തിയത്. പിന്നീട് 1971ൽ റഷ്യയും 2003ൽ യൂറോപ്യൻ സ്‌പേസ് ഏജൻസിയും നാലാമതായി ഇന്ത്യയുമാണ് വിജയകരമായി ദൗത്യം പൂർത്തിയാക്കിയത്. ചൈന, ജപ്പാൻ എന്നിവരുടെ ദൗത്യങ്ങൾ നേരത്തെ പരാജയപ്പെട്ടിരുന്നു.