Connect with us

International

'അതിര്‍ത്തി തര്‍ക്കത്തില്‍ ഭീഷണിയുടെ സ്വരം വേണ്ട'; ആദിത്യനാഥിനെതിരെ നേപ്പാള്‍ പ്രധാനമന്ത്രി

Published

|

Last Updated

കാട്മണ്ഡു | അതിര്‍ത്തി തര്‍ക്കത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യനാഥിനെതിരെ നേപ്പാല്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. നേപ്പാളിനെതിരെ ഭീഷണിയുടെ സ്വരം മുഴക്കുന്നതില്‍നിന്നും ആദിത്യനാഥിനെ ഇന്ത്യന്‍ നേതാക്കള്‍ വിലക്കണമെന്ന് അദ്ദേഹം പറഞ്ഞു. ടിബറ്റന്‍ അതിര്‍ത്തിയിലെ ലിപുലേഖിലേക്ക് ഇന്ത്യ 80 കിലോ മീറ്റര്‍ റോഡ് തുറക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് ഇപ്പോഴത്തെ തര്‍ക്കത്തിന് ആധാരം.

ലിപുലേഖ് മേഖല തങ്ങളുടേതാണെന്നാണ് നേപ്പാളിന്റെ അവകാശവാദം. ലിപുലേഖിനെ തങ്ങളുടെ മേഖലയിലാക്കി അടുത്തിടെ രാഷ്ട്രീയ ഭൂപടവും നേപ്പാള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഭൂപടത്തിന് നിയമ പരിരക്ഷ ലഭിക്കുന്നതിനായി നേപ്പാള്‍ പാര്‍ലമെന്റില്‍ ചൊവ്വാഴ്ച ഭരണഘടനാ ഭേദഗതിയും കൊണ്ടുവന്നിരുന്നു. അതിര്‍ത്തി തര്‍ക്ക വിഷയുമായി ബന്ധപ്പെട്ട് നേപ്പാള്‍ പാര്‍ലമെന്റില്‍ സംസാരിക്കവെയാണ്‌ ആദിത്യനാഥ് ഭീഷണിയുടെ സ്വരം ഉപയോഗിക്കരുതെന്നും ഇക്കാര്യത്തില്‍ കേന്ദ്രം അദ്ദേഹത്തെ ഉപദേശിക്കണമെന്നും ഒലി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേപ്പാളിനെ കുറിച്ച് ആദിത്യനാഥ് ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരാമര്‍ശം അനുചിതവും നിയമപിന്തുണ ഇല്ലാത്തതുപമാണ്. അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെട്ട് സംസാരിക്കാന്‍ ഇദ്ദേഹത്തിന് ഉത്തരവാദിത്വമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തോട് പറയണം. നേപ്പാളിനെ ഭീഷണിപ്പെടുത്തുന്ന പരാമര്‍ശത്തെ അപലപിക്കുകയാണെന്നും ഒലി പറഞ്ഞു. ലിപുലേഖ് , കാലാപാനി, ലിംപിയാധുര എന്നീ പ്രദേശങ്ങളില്‍ ഇന്ത്യ സൈന്യത്തെ വിന്യസിച്ചതിനേയും ഒലി ചോദ്യം ചെയ്തു. അതേ സമയം ഒലിയുടെ വാക്കുകളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

രാഷ്ട്രീയ ഭൂപടം തീരുമാനിക്കുമ്പോള്‍ ടിബറ്റിന്റെ കാര്യത്തില്‍ ചെയ്ത തെറ്റ് നേപ്പാള്‍ ആവര്‍ത്തിക്കരുതെന്ന് ഒരു അഭിമുഖത്തില്‍ ആദിത്യനാഥ് പറഞ്ഞിരുന്നു. ടിബറ്റില്‍ എന്താണ് സംഭവിച്ചതെന്ന കാര്യവും പ്രത്യാഘാതങ്ങളെക്കുറിച്ചും നേപ്പാള്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് മറുപടിയായണ് ആദിത്യനാഥിനെതിരെ ഒലി രംഗത്തെത്തിയത്.