Malappuram
മലപ്പുറം ജില്ലയില്‍ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്
മലപ്പുറം | മലപ്പുറം ജില്ലയില്‍ ഇന്ന്കൊവിഡ് 19 സ്ഥിരീകരിച്ചത് പത്ത് പേർക്ക്. ഇവരിൽ അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.
കോഴിക്കോട് വൈറസ് ബാധ സ്ഥിരീകരിച്ച ബന്ധുവുമായി സമ്പര്‍ക്കമുണ്ടായ കീഴുപറമ്പ് വാലില്ലാപ്പുഴ സ്വദേശിയായ മൂന്നര വയസുകാരന്‍, മെയ് അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച കല്‍പകഞ്ചേരി മാമ്പ്ര സ്വദേശിയുടെ മാതാവ് 65 വയസ്സുകാരി, തെന്നല അറക്കലില്‍ താമസിക്കുന്ന സേലം സ്വദേശിനി 40 വയസുകാരി, തെന്നല പൂക്കിപ്പറമ്പ് സ്വദേശി 36 കാരന്‍, തെന്നല കുറ്റിപ്പാല സ്വദേശി 26 കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇവരില്‍ തെന്നല സ്വദേശികളെ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് പ്രത്യേക പരിശോധനക്ക് (റാപ്പിഡ് ടെസ്റ്റ്) വിധേയരാക്കിയതായിരുന്നു.
മെയ് 22 ന് സ്വകാര്യ വാഹനത്തില്‍ ബംഗളൂരുവില്‍ നിന്നെത്തിയ വഴിക്കടവ് പൂവത്തിപ്പൊയില്‍ സ്വദേശിനി 22 വയസുകാരി, മെയ് 13 ന് മുംബൈയില്‍ നിന്ന് സ്വകാര്യ ബസില്‍ നാട്ടിലെത്തിയ എടരിക്കോട് കുറ്റിപ്പാല സ്വദേശി 35 കാരന്‍, ജൂണ്‍ ആറിന് ഷിമോഗയില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ തിരിച്ചെത്തിയ ചെമ്മാട് കറുമ്പില്‍ സ്വദേശിനി ഗര്‍ഭിണിയായ 25 വയസുകാരി, മെയ് 31 ന് റിയാദില്‍ നിന്ന് തിരുവനന്തപുരം വഴി തിരിച്ചെത്തിയ എടക്കര പായിമ്പാടത്ത് സ്വദേശി 45 കാരന്‍, മെയ് 29 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശി 34 കാരന്‍ എന്നിവര്‍ക്കുമാണ് ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.