International
തൊഴിലില്ലായ്മ: എച്ച്-1 ബി വിസക്ക് താത്കാലിക വിലക്കേർപ്പെടുത്താനൊരുങ്ങി യു എസ്
വാഷിംഗ്ടൺ| കൊറോണവൈറസ് പകർച്ചവ്യാധി മൂലം അമേരിക്കയിൽ തൊഴിലില്ലായ്മ നിരക്കിലുണ്ടായ വൻ വർധന കണക്കിലെടുത്ത് എച്ച് -1 ബി വിസ താത്കാലികമായി നിർത്താനൊരുങ്ങി യു എസ്. എച്ച്- 1 ബി വിസ ഉൾപ്പെടെ നിരവധി തൊഴിൽ വിസകൾ താത്കാലികമായി നിർത്താനാണ് ഭരണകൂടം ആലോചിക്കുന്നതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. പുതുതായി രാജ്യത്തിന് പുറത്ത് നിന്ന് എത്തുന്നവർക്കാണ് നിയമം ബാധകമാകുകയെന്ന് ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ നിന്നുള്ള ഐ ടി പ്രൊഫഷനലുകൾക്ക് ഏറ്റവും പ്രാധാനപ്പെട്ട വിസയാണ് എച്ച്-1 ബി വിസ. ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം ആയിരക്കണക്കിന് ടെക്‌നോളജി പ്രൊഫഷനലുകളെ പ്രതികൂലമായി ബാധിക്കും. എച്ച്-1 ബി വിസയിലുള്ള ധാരാളം ഇന്ത്യക്കാർക്ക്് ഇതിനകം തന്നെ ജോലി നഷ്ടമാകുകയും വൈറസ് വ്യാപനത്തിനിടെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.