International
കിം-ട്രംപ് ബന്ധം തുടരുന്നതിൽ അർഥമില്ലെന്ന് ഉത്തരകൊറിയ

പ്യോഗ്യാംഗ്| വാഷിംഗ്ടൺ ശത്രുതാപരമായ നയങ്ങളിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ കിം ജോംഗ് ഉന്നും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ വ്യക്തിബന്ധം തുടരുന്നതിൽ അർഥമില്ലെന്ന് ഉത്തരകൊറിയ. രാജ്യത്തിന് വാഷിംഗ്ടൺ വലിയ വെല്ലുവിളിയാണെന്നാണ് യു എസ് നയങ്ങളിലൂടെ വ്യക്തമാകുന്നത്. ഈ ഭീഷണിയെ നേരിടാൻ ഉത്തരകൊറിയ കൂടുതൽ സൈനികരെ വിന്യസിക്കുമെന്ന് വിദേശകാര്യമന്ത്രി റി സോൺ ഗ്വോൺ പ്രസ്താവനയിൽ പറഞ്ഞു. ഉത്തരകൊറിയയെ ഒറ്റപ്പെടുത്താനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. ശൂന്യമായ വാഗ്ദാനത്തേക്കാൾ കൂടുതൽ കാപട്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉത്തരകൊറിയയുമായുള്ള സംഭാഷണത്തിന് യു എസ് പ്രതിജ്ഞാബദ്ധരാണെന്നും അനുകൂല കരാറിലെത്താൻ വിട്ടുവീഴ്ചക്ക് തയ്യാറാണെന്നും സ്റ്റേറ്റ് ഡിപാർട്ട്‌മെന്‌റ് വക്താവ് വാർത്താ ഏജൻസിയോട് അറിയിച്ചുു. എന്നാൽ യു എസ് സ്റ്റേറ്റ് ഡിപാർട്ട്‌മെന്റും വൈറ്റ് ഹൗസും ഇതിനോട് പ്രതികരിച്ചിട്ടില്ല.
2017ൽ ആണവ മിസൈൽ പദ്ധതിയിൽ ഉത്തരകൊറിയയുടെ മുന്നേറ്റത്തിനെതിരെ ഉപരോധം കർശനമാക്കിയാണ് യു എസ് പ്രതികരിച്ചത്. 2018 ജൂണിൽ സിംഗപ്പൂർ ഉച്ചകോടിയിൽ ആദ്യമായി ഇരു നേതാക്കളും കണ്ടുമുട്ടുകയും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയും ചെയ്തു.
ഉത്തരകൊറിയ ആണവായുധങ്ങൾ ഉപേക്ഷിക്കണമെന്ന് യു എസും യു എ എസ് ഉപരോധം ഒഴിവാക്കണമെന്ന് ഉത്തരകൊറിയയും ആവശ്യപ്പെട്ടതിനാൽ 2019 ഫെബ്രുവരിയിൽ വിയറ്റ്‌നാമിൽ നടന്ന രണ്ടാമത്തെ ഉച്ചകോടിയിൽ ഒരു കരാറിലെത്താൻ ഇവർക്ക് കഴിഞ്ഞില്ല.