Education
സ്പാനിഷ് ഫ്ലു, കൊവിഡ്; താരതമ്യപഠനം നടത്താൻ ആവശ്യപ്പെട്ട് യു ജി സി
ന്യൂഡൽഹി | 1918ലെ സ്പാനിഷ് ഫ്ലുവും കൊറോണവൈറസും ഗ്രാമങ്ങളിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് താരതമ്യപഠനം നടത്താൻ യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യു ജി സി). ഇന്നലെ കമ്മീഷൻ പുറത്തു വിട്ട കത്തിലാണ് സർവകലാശാലകൾക്ക് കീഴിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോട് ഇത്തരമൊരു പഠനം നടത്താൻ ആവശ്യപ്പെട്ടത്. ഗ്രാമങ്ങളിൽ മഹാമാരി ഉണ്ടാക്കിയ ആഘാതത്തെക്കുറിച്ച് വിശദമായ പഠനം നടത്തേണ്ടതുണ്ടെന്ന് ഉപദേശക സമിതി അഭിപ്രായപ്പെട്ടു. ഈ മാസം 30നകമാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
അതത് കാമ്പസുകളോട് ചേർന്നുള്ള അഞ്ചോ ആറോ ഗ്രാമങ്ങളിൽ സർവേ നടത്തി റിപ്പോർട്ട് തയ്യാറാക്കാനാണ് യു ജി സിയുടെ നിർദേശം. ഈ രാജ്യത്തിന്റെ കാർഷികമേഖലയിൽ താമസിക്കുന്ന സമൂഹത്തെ ഇത്തരം മഹാമാരികൾ ഏതു വിധത്തിൽ ബാധിക്കുന്നു എന്നതിനെ കുറിച്ച് സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടതുണ്ട്. അതിനാൽ, ഈ സാഹചര്യത്തിൽ ഇത്തരമൊരു പഠനം അനിവാര്യമാണെന്ന് യു ജി സിയുടെ കത്തിൽ പറയുന്നു.
കൊവിഡുമായി ബന്ധപ്പെട്ട് ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ലഭിച്ച ബോധവത്കരണം, വെല്ലുവിളികളെ നേരിടാൻ സ്വീകരിച്ച മികച്ച തന്ത്രങ്ങൾ, ജനങ്ങൾ ഏതു രീതിയിൽ ഇതിനെ ഉൾക്കൊണ്ടു എന്നിങ്ങനെ പഠനം നത്തേണ്ട വിവിധ വശങ്ങളെക്കുറിച്ച് യു ജി സി പട്ടിക നൽകിയിട്ടുണ്ട്.
സ്പാനിഷ് ഫ്ലുവുമായി ബന്ധപ്പെടുത്തി സമാന്തര പഠനം നടത്തുമ്പോൾ അന്നത്തെക്കാലത്ത് ഇന്ത്യ എങ്ങനെ ഇത്തരമൊരു പകർച്ചവ്യാധിയെ കൈകാര്യം ചെയ്തുവെന്നും സമ്പദ്‌വ്യവസ്ഥ ഉയർത്താൻ സ്വീകരിച്ച നടപടികളെക്കുറിച്ച് പഠിക്കണമെന്നും യു ജി സി അഭിപ്രായപ്പെട്ടു.