National
ഒരാഴ്ചക്കിടെ മൂന്ന് കാട്ടാനകൾ ചരിഞ്ഞു; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
റായ്പൂര്‍| ഒരാഴ്ചക്കിടെ മൂന്ന് കാട്ടാനകൾ ചരിഞ്ഞതിനെ തുടര്‍ന്ന് സബ് ഡിവിഷനല്‍ ഫോറസറ്റ് ഓഫീസര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ ചത്തീസ്ഗഡ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു.
ഉദ്യോഗസ്ഥര്‍ കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ചൊവ്വാഴ്ചക്കും വ്യാഴാഴ്ചക്കുമിടയിലായി ബലരാംപൂര്‍, സുര്‍ജാപൂര്‍ ജില്ലയിലെ വനത്തില്‍ നിന്നാണ് മൂന്ന് പിടിയാനയുടെ ജഡം കണ്ടെത്തിയത്.
മൂന്ന് പിടിയാനകളും സുര്‍ജ വനത്തില്‍ വിഹാരം നടത്തിയവയായിരുന്നു. ഇതേ തുടര്‍ന്ന് ബല്‍റാംപൂര്‍ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് വനം മന്ത്രി മൊഹമ്മദ് അക്ബര്‍ ഉത്തരവിട്ടു.
ഗണേഷ്പൂര്‍ വനത്തില്‍ ചൊവ്വാഴ്ചയാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. ആന ചരിഞ്ഞത് ഹൃദയാഘാതം മൂലം എന്നായിരുന്നു റിപ്പോര്‍ട്ട്. ബുധനാഴ്ചയാണ് രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. വിഷം ഏറ്റ് ചരിഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ട്. മൂന്നാമത്തെ ആന ചരിഞ്ഞത് അണുബാധ മൂലമാണെന്നായിരുന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചത്.