Connect with us

Kozhikode

ബുക്ക് ചെയ്തത് വർക്ക് ഔട്ട് മെഷീൻ; ലഭിച്ചത് നല്ല ഒന്നാന്തരം ചാണകം

Published

|

Last Updated

ഫ്ലിപ്കാർട്ടിൽ ബുക്കിംഗിൽ നിന്ന് ലഭിച്ച ചാണകം

കോഴിക്കോട് | ഫ്ലിപ്കാർട്ടിൽ വർക്ക് ഔട്ട് മെഷീൻ ബുക്ക് ചെയ്തയാൾക്ക് കിട്ടിയത് നല്ല ഉണക്കിയ ഒന്നാം തരം ചാണകം. മുക്കത്ത് കേബിൾ ടി വി ടെക്‌നീഷ്യൻ ആയ മാവൂരിലെ രാഹുലാണ് കബളിപ്പിക്കപ്പെട്ടത്.
ഈ മാസം മൂന്നിനാണ് ഫ്ലിപ്കാർട്ടിൽ വർക്ക് ഔട്ട് മെഷീൻ ഇദ്ദേഹം ഓർഡർ ചെയ്തത്. 399 രൂപയായിരുന്നു വില. ഇതിന് പുറമെ ഫിറ്റിംഗ്, ചാർജുകൾ ഉൾപ്പെടെ 484 രൂപ നൽകണമെന്ന് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്നലെ വൈകീട്ട് മുക്കത്തെ ഫ്ലിപ്കാർട്ട് ഓഫീസിൽ ഡെലിവറിക്ക് ആയിട്ടുണ്ടെന് ഫോൺ വന്നതിന്റെ അടിസ്ഥാനത്തിൽ രാഹുൽ അവിടെ ചെന്ന് പണം കൊടുത്തയച്ച കവർ കൈപ്പറ്റുകയായിരുന്നു.

ഡൽഹിയിൽ നിന്നാണ് അയച്ചതെന്ന് അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൈയിൽ കിട്ടിയപ്പോൾ തന്നെ വെയിറ്റ് കുറവാണെന്ന് ബോധ്യപ്പെട്ട രാഹുൽ കവർ അവിടെ വെച്ച് തന്നെ തുറന്ന് നോക്കി. അത്ഭുതം, നല്ല ഉണക്കിയ ചാണകം നന്നായി പാക്ക് ചെയ്തതായിരുന്നു അകത്തെന്ന് രാഹുൽ പറഞ്ഞു. ഇതോടെ ഇക്കാര്യം ഫ്ലിപ്കാർട്ട് ഔട്ട്‌ലെറ്റിൽ അപ്പോൾ തന്നെ അറിയിച്ചെങ്കിലും അവർ കൈമലർത്തി. തങ്ങൾക്ക് ഡെലിവറിക്കുള്ള കവറുകൾ കൈമാറുന്ന ചുമതല മാത്രമേ ഉള്ളൂവെന്നാണ് ഇവരറിയിച്ചത്.

കബളിപ്പിക്കപ്പെട്ടതിനെത്തുടർന്ന് നിയമപരമായി മുന്നോട്ട് പോകാനാണ് രാഹുലിന്റെ തീരുമാനം. ഇത്തരത്തിൽ ഓൺലൈൻ വഴി കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. വ്യാജ വെബ്‌സൈറ്റുകൾ വഴി ഒട്ടേറെ പേരുടെ പണം നഷ്ടപ്പെട്ടതായി പരാതി ലഭിച്ച സാഹചര്യത്തിൽ പോലീസ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്മാർട്ട് ഫോൺ ഉൾപ്പെടെയുള്ളവ ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർ ഒരു പക്ഷേ തട്ടിപ്പിനിരയായേക്കാമെന്നാണ് പോലീസ് മുന്നറിയിപ്പ്.