Connect with us

Kozhikode

കരിഞ്ചോല മല ദുരന്തത്തിന് രണ്ടാണ്ട്

Published

|

Last Updated

താമരശ്ശേരി | ആർത്തലച്ചു വന്ന കരിഞ്ചോല മല 14 ജീവനുകൾ കവർന്നെടുത്തതിന്റെ നടുക്കുന്ന ഓർമകൾക്ക് രണ്ട് വർഷം. 2018 ജൂൺ 14 ന് പുലർച്ചെയാണ് ഒരു കുടുംബത്തിലെ എട്ട് പേർ ഉൾപ്പെടെ മൂന്ന് കടുംബങ്ങളിൽ നിന്നുള്ള 14 പേർ പാറക്കല്ലുകൾക്കും മണ്ണിനും അടിയിൽ അകപ്പെട്ട് മരിച്ചത്.

മുന്നറിയിപ്പെന്നോണം ആദ്യം ഇരമ്പിയെത്തിയ മലവെള്ളപ്പാച്ചിൽ പലരുടെയും ജീവൻ രക്ഷിച്ചു. എന്നാൽ രക്ഷപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് 14 ജീവനുകൾ ഒഴുകിയെത്തിയ പാറക്കല്ലുകൾക്കിടയിൽ അകപ്പെട്ടത്. പലരേയും മണിക്കൂറുകൾക്ക് ശേഷം കണ്ടെടുത്തപ്പോൾ ചിലരെ കണ്ടെത്തിയത് ദിവസങ്ങൾ കഴിഞ്ഞാണ്.
ദുരന്ത വിവരം അറിഞ്ഞ സമയം മുതൽ നാട് ഒന്നടങ്കം കരിഞ്ചോല മലയിലേക്ക് ഒഴുകിയെത്തി രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളായി. സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് പലരും ആളുകളെ കണ്ടെടുക്കാനായി തിരച്ചിൽ നടത്തിയത്.

സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ഒരുമിച്ചു നിന്ന് കരിഞ്ചോലയുടെ കണ്ണീരൊപ്പാനുള്ള പ്രവർത്തങ്ങൾ ആരംഭിച്ചപ്പോൾ അവർ പതിയെ ജീവിതത്തിലേക്ക് തിരിച്ചു നടന്നു തുടങ്ങി. ഒന്പത് വീടുകൾ പൂർണമായും 27 വീടുകൾ ഭാഗികമായും തകർന്നിരുന്നു. ഭീതി കാരണം എഴുപതോളം കുടുംബങ്ങളാണ് വീടുവിട്ടിറങ്ങിയത്.

ഇവരെ പുനരധിവസിപ്പിക്കുന്നതിന്നായി കാരാട്ട് റസാഖ് എം എൽ എ യുടെ നേതൃത്വത്തിൽ പുനരധിവാസ കമ്മിറ്റി രൂപവത്കരിക്കുകയും സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. വീട് പൂർണമായും തകർന്ന ഒന്പത് കുടുംബങ്ങൾക്കും ഒന്നര വർഷത്തോളം കഴിയാൻ കമ്മിറ്റി വാടക വീട് ഏർപ്പാടാക്കി കൊടുത്തു. ഒമ്പത് വീടുകളുടെയും പ്രവൃത്തി പൂർത്തീകരിച്ച് താമസം മാറുകയും സാധാരണ ജീവിതം ആരംഭിക്കുകയും ചെയ്തു.

ഭീതി കാരണം കിടപ്പാടം ഉപേക്ഷിച്ച 10 കുടുംബങ്ങൾക്ക് കേരള മുസ്്ലിം ജമാഅത്തും എസ് വൈ എസും കിടപ്പാടം ഒരുക്കുമെന്ന് ഉറപ്പ് നൽകി. ഇതിൽ ഏകദേശം വീടുകളുടെയും പ്രവൃത്തി പൂർത്തീകരിച്ച് ഇരകൾക്ക് കൈമാറി. ഏതാനും വീടുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. എൻ എസ് എസ് രണ്ട് വീടുകളും സ്‌കൗട്ട് ആൻഡ് ഗൈഡ് ഒരു വീടും ജമാഅത്തെ ഇസ്്ലാമി അഞ്ചുവീടും നിർമിച്ചു നൽകി. സ്വകാര്യ കമ്പനിയുടെ 20 വീടുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഒലിച്ചു പോയ റോഡ് പുനർമിക്കുകയും ചെയ്തു.

ഇതെല്ലാം മനസ്സിന് കുളിർമയേകുമ്പോളും 14 ജീവനുകൾക്ക് പകരമാവില്ലെന്ന നൊമ്പരം ബാക്കിയാവുകയാണ്. ചെറിയ മഴ വന്നാൽ പോലും കരിഞ്ചോല നിവാസികളുടെ ഉള്ള് പിടയും. എല്ലാം ഉള്ളിലൊതുക്കി സാധാരണ ജീവിതം നയിക്കാനുള്ള ശ്രമത്തിലാണ് കരിഞ്ചോല ദുരന്തത്തിനിരയായവർ.

Latest