Connect with us

Articles

ഡൽഹി ദുരന്തത്തിലേക്ക് വീഴുന്നോ?

Published

|

Last Updated

ദില്ലി ഗെയ്റ്റില്‍ നിന്ന് 500 മീറ്റര്‍ അകലെയാണ് ലോക് നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രി. ഡല്‍ഹിയിലെ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഏറ്റവും വലിയ ആശുപത്രികളിലൊന്ന്. ഇവിടെ ഇപ്പോള്‍ കൊവിഡ് രോഗികളെ മാത്രമാണ് ചികിത്സിക്കുന്നത്. ഇപ്പോഴും പ്രതിദിനം ഈ ആശുപത്രിയിലേക്ക് ഒഴുകിയെത്തുന്നവരുടെ എണ്ണത്തിന് കുറവൊന്നുമില്ല. പരിശോധനക്കായി പ്രായഭേദമില്ലാതെ കാത്തിരിക്കുന്നത് നീണ്ട നിരയാണ്. ഊഴം കാത്തുള്ള നില്‍പ്പിനൊടുവില്‍ ചികിത്സ ലഭിക്കാതെ പോകുന്നവര്‍, നിന്നനില്‍പ്പില്‍ കുഴഞ്ഞുവീഴുന്നവര്‍, കൊവിഡ് പോസിറ്റീവായിട്ടും ആശുപത്രിയില്‍ കിടക്ക ലഭ്യമാകാതെ വരുന്നവര്‍, കൊവിഡ് മൂലം മരണപ്പെട്ട മനുഷ്യരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍… ഈ മഹാനഗരം ദുരന്തത്തിലേക്ക് വഴുതി മാറുന്നതിന്റെ കാഴ്ചകളാണ് എല്‍ എന്‍ ജെ പി ആശുപത്രിക്ക് ചുറ്റുമൊന്നു നടന്നാല്‍ കാണാന്‍ കഴിയുന്നത്. ലോക് നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയുടെ മാത്രമല്ല ഡല്‍ഹിയിലെ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന എല്ലാ ആശുപത്രികളുടെയും ഏകദേശ ചിത്രം ഇതു തന്നെയാണ്. ഡല്‍ഹി എയിംസിലെ മലയാളി നഴ്സുമാരിലൊരാളായ അജ്മല്‍ ഇന്നലെ മുതല്‍ കൊവിഡ് രോഗികള്‍ക്ക് പുതുതായി തയ്യാറാക്കിയ ബില്‍ഡിംഗിലാണ് ജോലിക്ക് പ്രവേശിച്ചത്.

ഇവിടെയും സ്ഥിതി വ്യത്യസ്തമല്ലെന്ന് അജ്മല്‍ വിശദീകരിക്കുന്നു. നിലവില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ട്രോമ ബ്ലോക്ക് രോഗികളെക്കൊണ്ട് നിറഞ്ഞതോടെയാണ് പുതിയ ബ്ലോക്ക് സജ്ജീകരിച്ചത്. ഇപ്പോള്‍ ഇതും നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്. ഡല്‍ഹി എയിംസിന്റെ കീഴിലുള്ള ഹരിയാനയിലെ സെന്ററിലും കൊവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞിട്ടുണ്ട്. മറ്റ് ആശുപത്രികളിലും ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമല്ല. കൊവിഡ് രോഗബാധിതരായ ബന്ധുക്കളെയും കൊണ്ട് ആശുപത്രികള്‍ കയറിയിറങ്ങുകയാണ് ഉറ്റവര്‍. ഇവിടെ ഇനി ബെഡ്ഡുകളില്ലെന്നു മാത്രമാണ് രജിസ്ട്രേഷന്‍ കൗണ്ടര്‍ വഴി ഓരോ സര്‍ക്കാര്‍ അശുപത്രികളും പറയുന്നത്. സാധാരണക്കാരോട് സ്വകാര്യ ആശുപത്രികളും ഇതേ മറുപടിയാണ് നല്‍കുന്നത്. കോടികള്‍ കൈയിലുള്ളവന് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയുണ്ട്. ദിവസം ചുരുങ്ങിയത് രണ്ട് ലക്ഷം ചെലവഴിക്കാനുള്ള ശേഷി വേണം. സ്വകാര്യ ആശുപത്രികള്‍ ആദ്യം പരിശോധിക്കുന്നത് നിങ്ങളുടെ പോക്കറ്റാണ്, ശേഷം ആവശ്യമെങ്കില്‍ ദേഹം പരിശോധിക്കും. കൊവിഡ് ചികിത്സക്ക് എത്ര പണം വേണ്ടിവരുമെന്ന് വ്യക്തമാക്കി സ്വകാര്യ ആശുപത്രികള്‍ പരസ്യം നല്‍കിക്കഴിഞ്ഞു. പ്രതിദിനം ലക്ഷങ്ങള്‍ വേണമെന്ന നിബന്ധനയോടെയാണ് ഓരോ കൊവിഡ് രോഗിയെയും ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍ സ്വീകരിക്കുന്നത്. മുംബൈയെ പോലെ ഈ മഹാനഗരവും വലിയൊരു ദുരന്തത്തെ മുന്നില്‍ കണ്ടാണ് ശ്വാസമയക്കുന്നത്.
ഡല്‍ഹിയിലെ കൊവിഡ് ദുരന്തത്തിന്റെ മറ്റൊരു ചിത്രം ദൃശ്യമാകുന്നത് ശ്മശാനങ്ങള്‍ക്ക് മുന്നിലാണ്. ശേഷിയില്‍ കൂടുതല്‍ മൃതദേഹങ്ങളാണ് ഓരോ ശ്മശാനങ്ങളും ഖബര്‍സ്ഥാനുകളും ഏറ്റുവാങ്ങുന്നത്. മൂകമായിരുന്ന ശ്മശാന പരിസരങ്ങളിപ്പോള്‍ ആംബുലന്‍സുകളുടെ സൈറണ്‍കൊണ്ട് മുഖരിതമാണ്. പ്രിയപ്പെട്ടവരുടെ ജീവനറ്റ ദേഹം ശാന്തിയോടെ യാത്രയാക്കുന്നതിനുള്ള കര്‍മങ്ങള്‍ക്കായി ഊഴം കാത്തിരിക്കുന്നവരുടെ ദയനീയ മുഖങ്ങളാണ് ശ്മശാനങ്ങള്‍ക്ക് ചുറ്റുമിപ്പോള്‍ കാണുന്നത്. കൊവിഡ് ബാധിതരെ സംസ്‌കരിക്കുന്നതിനു മാത്രമായി മാറ്റിവെച്ച പഞ്ചാബി ബാഗ് ശ്മശാനത്തില്‍ ഓരോ ദിവസവും എത്തുന്നത് സംസ്‌കരിക്കാന്‍ കഴിയുന്നതിലും അപ്പുറമുള്ള എണ്ണം മൃതദേഹങ്ങളാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഓരോ ദിവസവും ഇവിടെ നൂറിനടുത്ത് മൃതദേഹങ്ങളെത്തുന്നുണ്ട്. ഒരു ദിവസം 65 മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള ശേഷി മാത്രമാണ് ഇപ്പോള്‍ പഞ്ചാബി ബാഗ് ശ്മശാനത്തിനുള്ളത്.

ഇതിലധികം വരുന്ന മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാകില്ലെന്നും ഇവരുടെ ബന്ധുക്കളോട് കാത്തിരിക്കേണ്ടതില്ലെന്ന് അറിയിക്കാറുണ്ടെന്നും എന്നിട്ടും കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ കുറവൊന്നുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. പഞ്ചാബി ബാഗിനു പുറമെ നിഗംബോധ് ഘട്ട്, പഞ്ച്കുയാന്‍ റോഡ്, മംഗോളപുരി എന്നിവിടങ്ങളിലെ ശ്മശാനങ്ങളിലും ഇപ്പോള്‍ കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നുണ്ട്. ശ്മശാനങ്ങളിലെ സംസ്‌കാരങ്ങള്‍ നടത്തുന്നതിനു ശേഷി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിക്കുന്നതിനുള്ള തങ്ങളുടെ ഘടന പുനഃക്രമീകരിച്ചുവെന്നും മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വക്താക്കള്‍ വ്യക്തമാക്കിയിരുന്നു. ആശുപത്രികള്‍ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ശ്മശാനങ്ങള്‍ നിര്‍ണയിച്ചിട്ടുള്ളത്. ലോക് നായക് ആശുപത്രിയില്‍ നിന്നുള്ള മൃതദേഹങ്ങള്‍ പഞ്ചാബി ബാഗിന് പകരം നിഗംബോധ് ഘട്ടിലേക്കാണ് അയക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മുസ്‌ലിംകളെ മറമാടുന്ന ഖബര്‍സ്ഥാനുകളിലെയും സ്ഥിതി വ്യത്യസ്തമല്ല. ദില്ലി ഗെയ്റ്റിനു തൊട്ടടുത്തുള്ള ഖബര്‍സ്ഥാനില്‍ സ്ഥല പരിമിതി അനുഭവപ്പെടുന്നുവെന്ന് മസ്ജിദ് ഭാരവാഹികള്‍ പറയുന്നു. രണ്ട് മാസത്തിനിടെ ഇവിടെ മറമാടിയത് കൊവിഡ് ബാധിച്ച 300 മൃതദേഹങ്ങളാണ്. സാധാരണയായി വരുന്ന മൃതദേഹങ്ങള്‍ക്ക് പുറമെയാണിത്. ഈ സ്ഥിതി തുടര്‍ന്നാല്‍ മറമാടുന്നതിന് മറ്റു പരിഹാരങ്ങള്‍ തേടേണ്ട സ്ഥിതിയാണുള്ളതെന്ന് ഭാരവാഹികള്‍ പറയുന്നു. മൃതദേഹം സംസ്‌കരിക്കാനാകാതെ വരുമ്പോള്‍ മോര്‍ച്ചറികളിലേക്ക് തന്നെ മൃതദേഹവുമായി ആംബുലന്‍സ് തിരികെ പോകും. പിന്നെ സംസ്‌കരിക്കാനുള്ള അനുമതിക്കായി മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ കാത്തുകിടക്കും. ചിലപ്പോള്‍ ക്രമം തെറ്റിച്ച് മരിച്ചവരുടെ ദേഹങ്ങള്‍ ചിതറിക്കിടക്കും.
ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ അനാസ്ഥയോടെ കൈകാര്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുകൊണ്ടുവന്നത് ഇന്ത്യ ടി വിയാണ്. എല്‍ എന്‍ ജെ പിയില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അത്. കൊവിഡ് ബാധിച്ച് കിടക്കുന്ന രോഗികളുടെ കട്ടിലുകള്‍ക്കരികില്‍ മൃതദേഹങ്ങള്‍ കിടക്കുന്നതിന്റെയും മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ ചിതറി കിടക്കുന്നതിന്റെയും ദൃശ്യങ്ങളാണ് അവര്‍ പുറത്തുകൊണ്ടുവന്നത്. വെന്റിലേറ്റര്‍ സൗകര്യമില്ലാതെ ജീവന്റെ അവസാന ശ്വാസം വലിക്കുന്ന രോഗികള്‍, പാതി കട്ടിലിലും പാതി പുറത്തുമായി കിടക്കുന്ന രോഗികള്‍, സ്ട്രെച്ചറുകളില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ തുടങ്ങിയ ദൃശ്യങ്ങളും ഇന്ത്യ ടി വി പുറത്തുവിട്ടിരുന്നു. ഇത് കണ്ടാണ് സുപ്രീം കോടതി പൊട്ടിത്തെറിച്ചത്.

മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എല്‍ എന്‍ ജെ പിയില്‍ കഴിഞ്ഞ ദിവസം 34 മൃതദേഹങ്ങള്‍ ഒരുമിച്ചു വന്നുവെന്നും കൊവിഡ് രോഗം ബാധിച്ച ഇത്രയധികം പേരുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുകയെന്നത് ജീവനക്കാരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണെന്നും ആശുപത്രിയിലെ ഒരു മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു. കൊവിഡ് രോഗം ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കുന്നതിന് പ്രത്യേക ശ്മശാനങ്ങളുണ്ട്. എന്നാല്‍ അവയുടെ ശേഷിയില്‍ കൂടുതല്‍ വരുമ്പോള്‍ മൃതദേഹങ്ങള്‍ ഇവിടെ കെട്ടിക്കിടക്കുമെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു. ഇതെല്ലാം കണ്ടാണ് സുപ്രീം കോടതി രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്. ഡല്‍ഹിയില്‍ മൃഗങ്ങളേക്കാള്‍ കഷ്ടമായിട്ടാണ് കൊവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നതെന്നായിരുന്നു ജസ്റ്റിസ് അശോക് ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബഞ്ച് നിരീക്ഷിച്ചത്. മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചിതറിക്കിടക്കുന്നു. ഇങ്ങനെയാണെങ്കില്‍ മൃതദേഹങ്ങള്‍ ചവറ്റുകൂനയിലും കണ്ടെത്തും. ഞെട്ടിക്കുന്നതാണ് ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സാഹചര്യം. 2,000 കിടക്കകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ രോഗികള്‍ ആശുപത്രിയില്‍ പ്രവേശനം കിട്ടാന്‍ നെട്ടോട്ടം ഓടുകയാണ്. കിടക്കകള്‍ തരപ്പെടുത്തി കൊടുക്കാന്‍ ലോബികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹങ്ങളുടെ കാര്യത്തില്‍ ഗുരുതര അലംഭാവമാണ്. രോഗി മരിച്ച വിവരം പോലും ബന്ധുക്കളെ അറിയിക്കുന്നില്ല. ഡല്‍ഹിയിലെ രോഗികളുടെ ദയനീയമായ അവസ്ഥയാണ് മാധ്യമങ്ങള്‍ കാണിക്കുന്നതെന്ന് ബഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ കൊവിഡ് ടെസ്റ്റിംഗ് നിരക്ക് കുറച്ചതിലും ബഞ്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ പോസിറ്റീവ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും പരിശോധന കുറയുകയും ചെയ്യുന്നു. പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തങ്ങള്‍ സംസ്ഥാനത്തോട് ആവശ്യപ്പെടുന്നുവെന്നും ബഞ്ച് വ്യക്തമാക്കി.

ഇതേ തുടര്‍ന്ന് കൊവിഡ് കൂടുതലുള്ള ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികളുടെ പരിചരണത്തെക്കുറിച്ച് ഈ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ അടിയന്തരമായി ശ്രദ്ധിക്കുകയും ഇതുമായി ബന്ധപ്പെട്ട് വിശദമായ തത്്സ്ഥിതി റിപ്പോര്‍ട്ട് തയ്യാറാക്കി ഈ മാസം പതിനേഴിന് മുമ്പ് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
(അവസാനിക്കുന്നില്ല)

ശാഫി കരുമ്പില്‍

Latest