Connect with us

National

ഇന്ത്യ- ചൈന സംഘർഷം; അപകടങ്ങൾ ഇരുവശത്തുമുണ്ടെന്ന് ഉദ്യോഗസ്ഥർ

Published

|

Last Updated

ന്യൂഡൽഹി | ഇന്നലെ രാത്രി ലഡാക്കിലെ ഗാൽവൻ വാലിയിൽ ചൈനയുമായുണ്ടായ സംഘർഷത്തിൽ കേണൽ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതായി വാർത്താക്കുറിപ്പിലൂടെയാണ് സൈന്യം അറിയിച്ചത്. കൊല്ലപ്പെട്ട കേണൽ ലഡാക്ക് അതിർത്തിയിലെ ഇൻഫന്ററി ബറ്റാലിയന്റെ കമാൻഡിംഗ് ഓഫീസറാണ്. 1967ന് ശേഷം ആദ്യമായാണ് ചൈനയുമായുള്ള സംഘർഷത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെടുന്നത്.

ഇക്കഴിഞ്ഞ ഏപ്രിലിൽ ആണ് ഇന്ത്യ- ചൈന സംഘർഷം ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഈ മാസമാദ്യം ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് ചർച്ച നടത്തിയെങ്കിലും ചൈന വിട്ടുവീഴ്ചക്ക് തയ്യാറായില്ല. കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വര ചൈനയുടേതാണെന്നാണ് അവരുടെ വാദം. നിയന്ത്രണരേഖ സംബന്ധിച്ച് ഇരുരാജ്യങ്ങൾക്കും വ്യത്യസ്ത നിലപാടുകൾ ഉള്ളതാണ് ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയുമായി ബന്ധപ്പെട്ട സംഘർഷം ഉടലെടുക്കാൻ കാരണം. എന്നാൽ, അതിർത്തി പ്രശ്‌നം പരിഹരിച്ചില്ലെങ്കിലും 1967ന് ശേഷം ആളപയാമുണ്ടാകുന്ന സംഘർഷങ്ങൾ ഇവിടെ ഉണ്ടായിരുന്നില്ല.

45 വർഷത്തിന് ശേഷം ഇങ്ങനെയൊരു സാഹചര്യമുണ്ടായത് മോദി സർക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കാൻ സാധ്യതയുണ്ട്. അതിർത്തിയിൽ യഥാർഥത്തിൽ എന്താണ് നടക്കുന്നത് എന്നറിയാൻ സാധാരണക്കാർക്കും അവകാശമുണ്ടെന്നും, ഇത് വ്യക്തമാക്കാൻ സർക്കാർ തയ്യാറാകണമെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തു വിടണമെന്നും ഇവർ പറഞ്ഞു.

Latest