Connect with us

National

20 സൈനികരുടെ വീരമൃത്യു സൈന്യം സ്ഥിരീകരിച്ചു, ചൈനീസ് പക്ഷത്തും വലിയ ആള്‍നാശം; ഇരു സൈന്യങ്ങളും പിന്‍മാറി

Published

|

Last Updated

ന്യൂഡല്‍ഹി | കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ വാലിയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഇന്ത്യ- ചൈന സൈനികര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ചൈനീസ് പക്ഷത്തും കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തു. വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ- ചൈന സൈനികര്‍ മുഖാമുഖം നിലയുറപ്പിച്ചയിടത്ത് വെച്ച് ജവാന്മാര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും തുടര്‍ന്ന് പൂജ്യം താപനിലക്കും താഴെ അന്തരീക്ഷ ഊഷ്മാവുള്ള ഏറെ ഉയരത്തിലുള്ള കുന്നിന്‍ മുകളിലേക്ക് ഇവരെയെത്തിക്കുകയും അവിടെ വെച്ച് മരിക്കുകയുമായിരുന്നെന്ന് സൈന്യം അറിയിച്ചു. മൊത്തം 20 സൈനികരാണ് മരിച്ചത്. രാഷ്ട്രത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും സൈന്യം അറിയിച്ചു.

ഗല്‍വാനിലെ സംഘര്‍ഷ പ്രദേശത്ത് നിന്ന് ഇന്ത്യ- ചൈന സൈനികര്‍ പിന്‍മാറിയിട്ടുണ്ട്. വീരമൃത്യു വരിച്ച സൈനികരില്‍ കേണല്‍ സന്തോഷ് ബാബു, ശിപായി ഓജ, ഹവില്‍ദാര്‍ പളനി എന്നിവരുടെ പേരുവിവരങ്ങളാണ് പുറത്തുവിട്ടത്. ധാരണ പ്രകാരം ചൈനീസ് സേന പിന്‍മാറാനൊരുങ്ങുമ്പോള്‍ ഇന്ത്യന്‍ കേണലിന് കല്ല് കൊണ്ട് പരുക്കേല്‍ക്കുകയും തുടര്‍ന്ന് ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിക്കുകയുമായിരുന്നു. ആയുധങ്ങള്‍ ഉപയോഗിക്കാതെയായായിരുന്നു സംഘര്‍ഷം. ഇത് മണിക്കൂറുകളോളം നീണ്ടു. അര്‍ധരാത്രിക്ക് ശേഷം സൈനികര്‍ പിന്‍മാറി.

അഞ്ച് പതിറ്റാണ്ടിനിടെ, ഇന്ത്യ- ചൈന അതിര്‍ത്തിയിലുണ്ടായ വലിയ സംഘര്‍ഷമാണിത്. നിയന്ത്രണ രേഖയിലെ തത്സ്ഥിതി ഏകപക്ഷീയമായി മാറ്റം വരുത്താന്‍ ചൈനീസ് സൈന്യം ശ്രമിച്ചതാണ് സംഘര്‍ഷത്തിന്റെ കാരണമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സൈനിക മേധാവികളുമായി രണ്ട് പ്രാവശ്യം ചര്‍ച്ച നടത്തിയിരുന്നു.

യഥാര്‍ഥ നിയന്ത്രണ രേഖയിലാണ് ചൈനയുടെ പ്രകോപന നടപടിയുണ്ടായതെന്ന് സൈന്യം അറിയിച്ചിരുന്നു. കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ഇരു രാജ്യങ്ങളിലെയും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Latest