Connect with us

Kerala

പ്രവാസികളെ നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ വേണം: കേരള മുസ്‌ലിം ജമാഅത്ത്

Published

|

Last Updated

കോഴിക്കോട് | ഗൾഫ് രാജ്യങ്ങളിൽ നിന്ന് പ്രവാസി മലയാളികളെ നാട്ടിലേക്ക് കൊണ്ടുവരുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പുലർത്തുന്ന വിവേചന നടപടികൾ അവസാനിപ്പിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കാബിനറ്റ് ആവശ്യപ്പെട്ടു. ചാർട്ടർ വിമാനങ്ങളിൽ വരുന്നവർ കൊവിഡ് പരിശോധന നടത്തണം എന്ന നിലപാടിൽ പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. ഇത്തരം പരിശോധനകളിലൂടെ അതിവേഗം രോഗനിർണയം നടത്താനുള്ള സംവിധാനം ഗൾഫ് നാടുകളിൽ കുറവാണ്. ഇത് പരിഗണിക്കാതെയുള്ള നിർദേശം ശരിയല്ല.

രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് പോലും പരിശോധന നടത്താൻ വിദേശത്ത് ഏറെ ദിവസം കാത്തിരിക്കേണ്ടി വരുന്നുണ്ട്. യാത്ര ഉദ്ദേശിക്കുന്നവർക്ക് പരിശോധനാ ഫലം വന്ന ശേഷം മാത്രമേ ടിക്കറ്റെടുക്കാനാകൂ എന്നതും ടിക്കറ്റെടുത്തവർ യാത്രാദിവസം വരെ വീണ്ടും രോഗഭീതിയിൽ തുടരണം എന്നതുമെല്ലാം ബുദ്ധിമുട്ട് സൃഷ്ടിക്കും.

എംബസികളുടെ നേതൃത്വത്തിൽ രോഗനിർണയം നടത്തണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തിലും സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. “വന്ദേ ഭാരത് മിഷൻ” വിമാനങ്ങളിൽ പരിശോധന വേണ്ടതില്ലന്നത് പ്രവാസികളെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുന്നു. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സമവായത്തിലെത്തി ഇക്കാര്യത്തിൽ പ്രായോഗിക നിർദേശങ്ങൾ മാത്രം പുറപ്പെടുവിച്ച് പ്രവാസികൾക്ക് നാട്ടിലെത്താൻ വഴിയൊരുക്കണം.

നാട്ടിലേക്ക് വരാൻ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ രജിസ്റ്റർ ചെയ്ത് പതിനായിരങ്ങൾ ഇനിയും കാത്തിരിക്കുന്നുണ്ട്. വന്ദേഭാരത് മിഷൻ വിമാനങ്ങൾ വേണ്ടത്ര സർവീസ് നടത്താത്തത് സഊദിയിലെ പ്രവാസികളെ കൂടുതൽ പ്രയാസത്തിലാക്കുന്നു. ഗർഭിണികൾ, രോഗികൾ, പ്രായം ചെന്നവർ, തൊഴിൽ നഷ്ടപ്പെട്ടവർ തുടങ്ങി മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്ന, രജിസ്റ്റർ ചെയ്ത പ്രവാസികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടികൾ ആവശ്യമാണ്. മിതമായ നിരക്കിൽ കൂടുതൽ ചാർട്ടർ വിമാനങ്ങൾക്ക് അവസരം സൃഷ്ടിക്കണം. നിരക്ക് ഏകീകരിക്കുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണം. ചാർട്ടർ വിമാനങ്ങൾക്ക് വഴിമുടക്കുന്ന നയം കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഉപേക്ഷിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, സി മുഹമ്മദ് ഫൈസി, വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, അലി അബ്ദുല്ല, സി പി സൈദലവി മാസ്റ്റർ, സി പി മൂസ ഹാജി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, പ്രൊഫ. യു സി അബ്ദുൽ മജീദ് തുടങ്ങിയവർ പങ്കെടുത്തു.