Connect with us

Kerala

ശനിയാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യണം: വിദഗ്ധ സമിതി ശിപാർശ

Published

|

Last Updated

തിരുവനന്തപുരം | ലോക്ക്ഡൗണിനെ തുടർന്ന് ശനിയാഴ്ചകളിൽ അവധി നൽകിയ സർക്കാർ ജീവനക്കാർക്ക് “വർക് ഫ്രം ഹോം” അനുവദിക്കാൻ ശിപാർശ ചെയ്ത് വിദഗ്ധ സമിതി റിപ്പോർട്ട്. സി ഡി എസ് ഡയറക്ടർ പ്രൊഫ. സുനിൽ മാണി അധ്യക്ഷനായ സമിതിയാണ് സർക്കാറിന് ഇടക്കാല റിപ്പോർട്ട് നൽകിയത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ചാക്കി കുറക്കണമെന്നും വിരമിക്കൽ പ്രായം ഉയർത്തണമെന്നും ശിപാർശയുണ്ട്. അതേസമയം, പെൻഷൻ പ്രായം വർധിപ്പിക്കൽ പരിഗണിക്കില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കി. മറ്റ് ശിപാർശകൾ മന്ത്രിസഭ ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച വർക്ക് ഫ്രം ഹോം ആക്കുക വഴി ഓഫീസുകളുടെ പ്രവർത്തനച്ചെലവും ഇന്ധനച്ചെലവും കുറക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. വിരമിക്കൽ പ്രായം 56ൽ നിന്ന് 58 ആക്കണമെന്നാണ് നിർദേശം. ഇതിലൂടെ വർഷം 5,265.97 കോടി രൂപ ലാഭിക്കാമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. സ്ഥിരം നിയമനം ലഭിച്ചയാൾക്ക് പ്രൊബേഷൻ കാലയളവ് പൂർത്തിയാകും വരെ ശമ്പളത്തിന്റെ 75 ശതമാനം നൽകിയാൽ മതി. നിലവിൽ കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ പെൻഷൻ പ്രായം. ഇത് രണ്ട് വർഷം വർധിപ്പിച്ചാൽ പെൻഷൻ ആനുകൂല്യമായി ഉടൻ നൽകേണ്ട തുക ലാഭിക്കാം. ഭാവിയിൽ പെൻഷന് വേണ്ടിവരുന്ന ഭാരിച്ച ബാധ്യതയിൽ കുറവ് വരുത്താമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പദവി ഉയർത്തൽ നിർത്തിവെക്കുക, പുതിയ നിർമാണങ്ങൾ, അറ്റകുറ്റപ്പണി, ഫർണിച്ചറും വാഹനവും വാങ്ങൽ എന്നിവ ഈ ഘട്ടത്തിൽ ഒഴിവാക്കുക, പരിശീലനം, ശിൽപ്പശാല, സെമിനാർ എന്നിവ ഓൺലെനിൽ മാത്രമാക്കുക, പഠന പര്യടനം, ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും അച്ചടിക്കൽ, വിദേശ പര്യടനം, മേളകൾ, പ്രദർശനങ്ങൾ ഒഴിവാക്കുക, രണ്ട് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന അന്വേഷണ കമ്മീഷനുകളോട് രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുക, വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ കേന്ദ്ര മാനദണ്ഡം അനുസരിച്ച് മാത്രമാക്കുക തുടങ്ങിയ നിർദേശങ്ങളും സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്.

മലബാർ സിമന്റ്സ്, ട്രാവൻകൂർ സിമന്റ്‌സ്, സിഡ്‌കോ, കാഡ്‌കോ തുടങ്ങിയ ഒരേ സ്വഭാവമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ലയിപ്പിക്കുക, കെ എസ് ആർ ടി സി മൂന്ന് മേഖലകളായി തിരിക്കാനും ഡയറക്ടർ ബോർഡ് വിദഗ്ധരെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കാനും ശിപാർശയുണ്ട്.

Latest