Connect with us

Gulf

യുഎഇയിൽ റാപിഡ് ടെസ്റ്റിന് വിധേയമായ യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട

Published

|

Last Updated

അബുദാബി | ചാർട്ടർ വിമാനത്തിൽ യു എ ഇ യിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് അബുദാബി ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. യു എ ഇയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്ന എല്ലാവർക്കും യു എ ഇ യിലെ വിവിധ വിമാനത്താവളങ്ങളിൽ റാപിഡ് പരിശോധന നടത്തുന്നുണ്ട്. അതുകൊണ്ട് പുതിയൊരു സർട്ടിഫിക്കറ്റിന്റെ ആവശ്യം വരുന്നില്ലെന്നും അദ്ദേഹം സിറാജിനോട് പറഞ്ഞു.

കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജി സി സിയിൽ യു എ ഇ അല്ലാത്ത രാജ്യങ്ങളിൽ ഇത്തരം സൗകര്യമില്ല. കഴിഞ്ഞ ദിവസം വിവിധ രാജ്യങ്ങളിൽ നിന്നും കേരളത്തിൽ എത്തിയ നിരവധി യാത്രക്കാരെ പരിശോധിച്ചപ്പോൾ കൊവിഡ് പോസറ്റീവ് ആയിരുന്നു. അതുകൊണ്ടാണ് കേന്ദ്ര, കേരള സംസ്ഥാന സർക്കാറുകൾ കൊവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. യു എ ഇ അല്ലാത്ത രാജ്യങ്ങളിൽ നിന്നും യാത്രചെയ്യുന്ന യാത്രക്കാർക്കാണ് കൊവിഡ് നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമുള്ളത് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കാര്യത്തിൽ യു എ ഇയിലുള്ള ഇന്ത്യക്കാർ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. ജൂൺ 19ന് ശേഷം യു എ ഇ യുടെ വിവിധ വിമാനത്താവളങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്ക് നിരവധി വിമാനങ്ങൾ സർവീസ് നടത്തും. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്ക് ദിവസവും വിമാനങ്ങളുണ്ടാകും.

യു എ ഇ യിൽ നിന്നും വന്ദേ ഭാരത് വഴി കൂടുതൽ വിമാനങ്ങൾക്ക് ശ്രമിച്ചുവരികയാണെന്നും, അടുത്ത ദിവസങ്ങളിൽ കൂടുതൽ യാത്രക്കാർക്ക് നാട്ടിലേക്ക് പോകാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

Latest