Gulf
ദുബൈ നിരത്തുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും സുരക്ഷ വർധിപ്പിക്കും; ആർ ടി എയും പോലീസും കൂടുതൽ സഹകരണത്തിന്
ദുബൈ | എമിറേറ്റിലെ നിരത്തുകളിലും പൊതുഗതാഗത മേഖലയിലും കൂടുതൽ സുരക്ഷയൊരുക്കാൻ ദുബൈ പോലീസും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർ ടി എ)യും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് ഇരു വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ ചർച്ചനടത്തി. ദുബൈ പോലീസ് ആസ്ഥാനത്തെ കമാൻഡ് ആൻഡ് കൺട്രോൾ റൂമിൽ നടന്ന ചർച്ചക്ക് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയും ആർ ടി എ ഡയറക്ടർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ബോർഡ് ചെയർമാനുമായ മതർ അൽ തായറും നേതൃത്വം നൽകി.
ആറ് പ്രധാന പദ്ധതികളിൽ പരസ്പര സഹകരണത്തിനാണ് ചർച്ചയിൽ ധാരണയായത്. സുരക്ഷയും സന്തുഷ്ടിയോടെയുമുള്ള വിദ്യാലയ അന്തരീക്ഷം ഒരുക്കാനാണ് ഒന്നാമത്തെ ധാരണ. ഇതോടൊപ്പം മികച്ച ഗതാഗത സംസ്‌കാരം വളർത്തിയെടുക്കാൻ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതോടൊപ്പം കുറ്റകൃത്യങ്ങൾക്കെതിരെയും മികച്ച ആരോഗ്യ സുരക്ഷക്കും അവബോധം നടത്തും. സ്‌കൂൾ സെക്യൂരിറ്റി ഇനീഷ്യേറ്റീവിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലകളുമായി ഇരുവകുപ്പുകളും കൂടുതൽ ബന്ധം സ്ഥാപിക്കും.
ദുബൈ നഗരത്തെ നിരീക്ഷിക്കുന്ന സംവിധാനമായ “ഉയൂൻ” സി സി ടി വി സർവയലൻസ് പ്രൊജക്ട് മെട്രോ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. പൊതുജനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായാണിത്.
എമിറേറ്റിലെ ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളായ മോണിറ്ററിംഗ് ആൻഡ് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ്, റോഡ് എൻജിനിയറിംഗ് ആൻഡ് വെഹിക്ൾസ്, ട്രാഫിക് അവയർനസ്, ഇംപ്രൂവ്‌മെന്റ് ഓഫ് സിസ്റ്റം ആൻഡ് മാനേജ്‌മെന്റ് എന്നിവ സംബന്ധിച്ചും ചർച്ച ചെയ്തു.
ധനവിനിമയ സ്ഥാപനങ്ങളിലേക്ക് പണവുമായി പോകുന്ന വാഹനങ്ങൾക്ക് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും യോഗത്തിൽ ധാരണയായി. ഇത്തരം വാഹനങ്ങൾക്ക് തിരഞ്ഞെടുത്ത പാർക്കിംഗ് സ്‌പോട്ടുകളും ഇവിടങ്ങളിൽ പ്രത്യേക ജീവനക്കാരെയും നിയമിക്കും.
ടാക്‌സി ഡ്രൈവർമാരുടെ ഗതാഗത നിയമലംഘനം സംബന്ധിച്ച് ഒരു സ്‌കീമിനെ കുറിച്ചും ഇരുവകുപ്പുകളും അവലോകനം നടത്തി.
ദേശീയ അണുനശീകരണ പദ്ധതി നടപ്പിലാക്കുന്ന സമയങ്ങളിൽ നിരത്തുകളിൽ തിരക്ക് കുറക്കുന്നതിന് dxbpermit.gov.ae വഴി പൊതുജനങ്ങൾക്ക് പ്രത്യേക അനുമതി നൽകുന്ന കാര്യങ്ങളെ കുറിച്ചും ചർച്ചയായി.
ആർ ടി എ ചെയർമാൻ മതർ അൽ തായറും ഉദ്യോഗസ്ഥരും ദുബൈ പോലീസിന്റെ സെക്യൂരിറ്റി ഇന്നൊവേഷൻ ലബോറട്ടറിയും സന്ദർശിച്ചു.
ചർച്ചയിൽ പോലീസ് എക്‌സലൻസ് ആൻഡ് പയനീറിംഗ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുൽ ഖുദ്ദൂസ് അബ്ദുൽ റസാഖ് ഉബൈദലി, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്‌റാഹീം അൽ മൻസൂരി, അഡ്മിനിസ്‌ട്രേഷൻ വിഭാഗം അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സലാൽ സഈദ് ബിൻ ഹുവൈദി അൽ ഫലാസി, ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജി ഡയറക്ടർ മേജർ ജനറൽ അഹ്മദ് ഈദ് അൽ മൻസൂരി, ആർ ടി എ ട്രാഫിക് ആൻഡ് റോഡ് ഏജൻസി സി ഇ ഒ എൻജി. മൈത ബിൻ അദിയ്യ്, റെയിൽ ഏജൻസി സി ഇ ഒ അബ്ദുൽ മുഹ്‌സിൻ ഇബ്‌റാഹീം യൂനുസ് തുടങ്ങി ഉന്നതോദ്യോഗസ്ഥർ സംബന്ധിച്ചു.