National
കോണ്‍ഗ്രസ് സൈന്യത്തിനും സര്‍ക്കാറിനുമൊപ്പം; ശത്രുവിനെതിരെ രാജ്യം ഒന്നിക്കും: സോണിയ
ന്യൂഡല്‍ഹി | ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനും സൈന്യത്തിനും ഒപ്പമാണെന്ന് പാര്‍ട്ടി ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധി. ശത്രുവിനെ നേരിടാന്‍ രാജ്യം ഒന്നിച്ചുനിൽക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അവര്‍ പ്രത്യേക വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
നമ്മുടെ 20 ജവാന്‍മാരുടെ ജീവത്യാഗം രാജ്യത്തിന്റെ മനസാക്ഷിയെ പിടിച്ചുലക്കുന്നതായി. ധീരരായ ഈ ജവാന്മാര്‍ക്ക് ഹൃദയത്തില്‍ നിന്ന് ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഈ വേദനയെ നേരിടാന്‍ അവരുടെ കുടുംബങ്ങള്‍ക്ക് ശക്തി നല്‍കണമെന്ന് സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കുന്നുവെന്നും സോണിയ പറഞ്ഞു.
ലഡാക്കില്‍ 20 സൈനികര്‍ക്ക് ജീവത്യാഗം ചെയ്യേണ്ടിവന്ന സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് വിശദീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അവിടെ ഇപ്പോഴത്തെ സ്ഥിതി എന്താണ്? നമ്മുടെ സൈനികരെ ഇപ്പോഴും കാണുന്നില്ലേ? സൈനികരില്‍ എത്രപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു? ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാടും നയവും എന്താണ്? ഇന്ത്യയുടെ സ്ഥലം എങ്ങനെ ചെെന കെെയടക്കി… ഈ ചോദ്യങ്ങള്‍ക്കെല്ലാം പ്രധാനമന്ത്രി മറുപടി നല്‍കണമെന്നും അവര്‍ വ്യക്തമാക്കി.