Sports
തുപ്പല്‍ നിരോധനത്തില്‍ ആശങ്ക വേണ്ടെന്ന് ബോള്‍ നിര്‍മാതാക്കള്‍; പകരം കോട്ടണ്‍ ടവ്വല്‍ ഉപയോഗിക്കാം
ലണ്ടന്‍ | കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ ബോള്‍ മിനുസപ്പെടുത്താന്‍ തുപ്പല്‍ ഉപയോഗിക്കുന്നത് ഐ സി സി നിരോധിച്ചതില്‍ ബോളര്‍മാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പകരം കോട്ടണ്‍ ടവ്വല്‍ കരുതിയാല്‍ മതിയെന്നും ഇംഗ്ലണ്ടിലെ ബോള്‍ നിര്‍മാതാക്കള്‍. ബോളിന്റെ ഗതിയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ഫാസ്റ്റ് ബോളര്‍മാര്‍ വിയര്‍പ്പും തുപ്പലും ഉപയോഗിച്ച് ബോളിന്റെ ഒരു വശം മിനുസപ്പെടുത്താറുണ്ട്. ഈയടുത്താണ് ഐ സി സി തുപ്പല്‍ ഉപയോഗിക്കുന്നത് നിരോധിച്ചത്.
സ്വിംഗ് ചെയ്യിക്കാന്‍ കഴിയില്ലെന്നതിനാല്‍ ചില പേസര്‍മാരാണ് ആശങ്കയിലായത്. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ബ്രിട്ടീഷ് ക്രിക്കറ്റ് ബോള്‍സ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ദിലീപ് ജജോദിയ പറഞ്ഞു. ഇംഗ്ലണ്ടിലെ ടെസ്റ്റ് മത്സരങ്ങളില്‍ ഉപയോഗിക്കുന്ന ഡ്യൂക്‌സ് ബോളുകള്‍ ഈ കമ്പനിയാണ് നിര്‍മിക്കുന്നത്. സ്വിംഗ് ചെയ്യിക്കാനുള്ള കഴിവുണ്ടെങ്കില്‍ ബോള്‍ സ്വിംഗ് ചെയ്ത് പോകുമെന്നും അതിന് വേണ്ടി തുപ്പലോ വിയര്‍പ്പോ ഉപയോഗിക്കുന്നത് വലിയ സഹായം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡ്യൂക് ബോളുകള്‍ ഒരു തുണിയിലിട്ട് നന്നായി ഉരസുമ്പോള്‍ ലെതറിലൂടെ അതിലടങ്ങിയിരിക്കുന്ന മെഴുക് വ്യാപിക്കുകയും ബോള്‍ തിളങ്ങുകയും ചെയ്യുമെന്ന് ജജോദിയ പറഞ്ഞു. കോട്ടണ്‍ ടവ്വല്‍ ഉപയോഗിച്ചാല്‍ ഈ ഫലം കിട്ടും. വെസ്റ്റ് ഇന്‍ഡീസ്- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അടുത്തുതന്നെ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുകയാണ്.