Kozhikode
വെൽഫെയർ പാർട്ടി ബന്ധം: പിന്നോട്ടടിച്ച് ലീഗ്
കോഴിക്കോട് | തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടാനുള്ള മുസ്‌ലിം ലീഗ് നീക്കത്തിനെതിരെ പാർട്ടിയിലും യു ഡി എഫിലും അഭിപ്രായഭിന്നത നിലനിൽക്കെ പ്രസ്താവനയിൽ നിന്ന് പിന്നോട്ടടിച്ച് പി കെ കുഞ്ഞാലിക്കുട്ടി. മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദും കെ പി എ മജീദും എം കെ മുനീറും ഉൾപ്പെടെയുള്ളവർ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടാനുള്ള നീക്കത്തിനെതിരെ നേതൃതലം മുതൽ താഴേത്തട്ട് വരെയുള്ള പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും വലിയ പ്രതിഷേധമാണുയരുന്നത്. ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. വെൽഫെയർ പാർട്ടിയുമായി സഖ്യം തീരുമാനിച്ചു എന്ന് പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. മാധ്യമപ്രവർത്തകരെ കണ്ടതിന്റെ വീഡിയോ ക്ലിപ്പും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
പാർട്ടിയിലും യു ഡി എഫിലും ശക്തമായ പ്രതിഷേധമാണ് കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത്. പ്രധാനമായും മലപ്പുറത്താണ് വെൽഫെയർ പാർട്ടിയുൾപ്പെടെയുള്ള കക്ഷികളുമായുള്ള സഖ്യം കൊണ്ട് പാർട്ടി നേട്ടം കരുതുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുൾപ്പെടെ വെൽഫെയർ പാർട്ടി വിവിധ സ്ഥലങ്ങളിൽ യു ഡി എഫിന് വേണ്ടി പ്രവർത്തിച്ചിരുന്നു. മുന്നണി സംവിധാനത്തിലായിരുന്നില്ലെന്ന് മാത്രം. യു ഡി എഫിന് വേണ്ടി അവരുമായി കൂട്ടുകൂടാൻ ചർച്ചയുണ്ടെന്ന് പരസ്യമായി ലീഗ് പറയുന്നത് ഇതാദ്യമാണ്. ഇതാണ് കോൺഗ്രസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. യു ഡി എഫ് ഔദ്യോഗികമായി പറയാത്ത കാര്യം കുഞ്ഞാലിക്കുട്ടി നേരത്തേ തന്നെ പറഞ്ഞത് കോൺഗ്രസിന്റെ എതിർപ്പിനിടയാക്കി. സാമ്പാർ മുന്നണികളോട് കോൺഗ്രസിന് യോജിപ്പില്ലെന്ന് ആര്യാടൻ മുഹമ്മദ് പ്രതികരിച്ചത് ഈ സാഹചര്യത്തിലാണ്. എന്നാൽ, യു ഡി എഫ് സംവിധാനത്തിൽ തന്നെ മത്സരിക്കുമെന്നും മറ്റ് കക്ഷികളുമായി പ്രാദേശിക നീക്കുപോക്കുകളാണ് ഉണ്ടാക്കുകയെന്നും ആര്യാടന്റെ പ്രസ്താവനക്ക് മറുപടിയായി കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസും ലീഗും തമ്മിൽ നല്ല ബന്ധത്തിലല്ല. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ വിഭാഗവുമായി ഉണ്ടാക്കുന്ന സഖ്യം തിരിച്ചടിയാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിന് വളരെ മുമ്പ് കുഞ്ഞാലിക്കുട്ടി സ്വന്തം നിലക്ക് ഇക്കാര്യം പറഞ്ഞതിലും കോൺഗ്രസ് നേതാക്കൾക്ക് ശക്തമായ എതിർപ്പുണ്ട്. അതേസമയം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായ സന്ദർഭത്തിൽ കെ എം ഷാജി ജമാഅത്തെ ഇസ്‌ലാമിക്കെതിരെ നടത്തിയ പ്രസ്താവനകൾ അവരുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടാനുള്ള സാഹചര്യത്തിൽ പാർട്ടി പ്രവർത്തകർ വിശദീകരിക്കേണ്ടി വരും. വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടാനുള്ള ലീഗ് നീക്കത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ഇടതുമുന്നണി ശ്രമം. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് സി പി എം നേതാവ് എളമരം കരീം ആവശ്യപ്പെട്ടു.
ചർച്ച നടത്തിയിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം | തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടിയുമായി ലീഗ് ചർച്ച നടത്തിയിട്ടില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി. ഇത്തരം കാര്യങ്ങൾ പാർട്ടിക്കകത്ത് ചർച്ചയിലുണ്ടെന്നാണ് താൻ പ്രതികരിച്ചത്. എന്നാൽ ചില മാധ്യമങ്ങൾ വിഷയം തെറ്റിദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ഇക്കാര്യം തന്നെയാണ് കഴിഞ്ഞ ദിവസം കെ പി എ മജീദും പ്രതികരിച്ചത്. മറ്റു തരത്തിലുള്ള ചർച്ചകൾ ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. കാരത്തോട് സ്വവസതിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയെന്ന വാർത്ത വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്നാണ് കഴിഞ്ഞദിവസം ലീഗ് വെൽഫെയർ പാർട്ടിയുമായി തിരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന് കെ പി എ മജീദ് അറിയിച്ചത്. വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞാലിക്കുട്ടി കാര്യങ്ങൾ വിശദീകരിച്ചത്.