Connect with us

National

ഗാല്‍വന്‍ വാലിയിലെ സൈനികര്‍ നിരായുധരായിരുന്നില്ല: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഗാല്‍വന്‍ വാലിയില്‍ ചൈനീസ് ആക്രമണം നേരിട്ട് വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികര്‍ നിരായുധരായിരുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. അതിര്‍ത്തി ഡ്യൂട്ടിയിലുള്ള എല്ലാ സൈനികരും എല്ലായ്‌പ്പോഴും ആയുധങ്ങള്‍ വഹിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ സൈനികരെ എന്തിനാണ് നിരായുധരായി ഗാൽവനിലേക്ക് അയച്ചതെന്ന രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് മറുപടിയായാണ് ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

“നമുക്ക് കാര്യങ്ങള്‍ നേര്‍വഴിക്ക് കാണാം. അതിര്‍ത്തി ഡ്യൂട്ടി നിര്‍വഹിക്കുന്ന എല്ലാ സൈനികരും എല്ലായ്‌പ്പോഴും ആയുധങ്ങള്‍ വഹിക്കാറുണ്ട്. പോസ്റ്റ് വിടുമ്പോള്‍ പ്രത്യേകിച്ചും. ജൂണ്‍ 15ന് ഗാല്‍വനിലുള്ള സൈനികരും ആയുധങ്ങള്‍ വഹിച്ചിരുന്നു. 1996ലെയും 2005ലെയും കരാര്‍ പ്രകാരംസേനാപിന്‍മാറ്റം നടക്കുമ്പോള്‍ ആയുധങ്ങള്‍ ഉപയോഗിക്കരുത് എന്ന് വ്യവസ്ഥയുണ്ട്” – ജയശങ്കര്‍ വിശദീകരിച്ചു.

അതിനിടെ, ഗാല്‍വന്‍ വാലിയില്‍ 20 സൈനികുടെ വീരമൃത്യുവിന് ഇടയാക്കിയ ഇന്ത്യ – ചൈന സംഘര്‍ഷത്തില്‍ ഒരു സൈനികനെയും കാണാതായിട്ടില്ലെന്ന് കരസേനയും വ്യക്തമാക്കി. ഏതാനും ഇന്ത്യന്‍ സൈനികര്‍ ചൈനയുടെ കസ്റ്റഡിയില്‍ ഉണ്ടെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രചാരണങ്ങള്‍ സൈന്യം തള്ളി. ഇക്കാര്യത്തില്‍ ഒരു സൈനികനെയും കാണാതായിട്ടില്ല എന്ന ഒറ്റവരി പ്രതികരണമാണ് സൈന്യം നടത്തിയത്.

തിങ്കളാഴ്ച രാത്രിയാണ് ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി പങ്കിടുന്ന ഗാല്‍വന്‍ താഴ് വരയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ചൈനീസ് പക്ഷത്ത് നിന്ന് 40ല്‍ അധികം സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

---- facebook comment plugin here -----

Latest