Thiruvananthapuram
ചൈനാ ബഹിഷ്‌കരണം പ്രായോഗികമല്ലെന്ന് നയതന്ത്ര വിദഗ്ധർ
തിരുവനന്തപുരം | ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉയർത്തുന്ന ചൈനാ ബഹിഷ്‌കരണം പ്രായോഗികമാകില്ലെന്ന് നയതന്ത്ര വിദഗ്ധർ. നിലവിലെ സാഹചര്യത്തിൽ ചൈനയെ പൂർണമായും ബഹിഷ്‌കരിച്ചുകൊണ്ട് രാജ്യത്തിന് മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ, രാഷ്ട്രീയ മുദ്രാവാക്യമായി ഉയർത്താമെന്നല്ലാതെ പ്രായോഗിക തലത്തിൽ ബഹിഷ്‌കരണം എളുപ്പമായിരിക്കില്ലെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്തെ ഫാർമസി, ഇലക്‌ട്രോണിക്‌സ് മേഖലകളെയായിരിക്കും ചൈനാ ബഹിഷ്‌കരണം ഏറ്റവും പ്രതികൂലമായി ബാധിക്കുക. ഇതോടൊപ്പം സപ്ലൈ ചെയിൻ തടസ്സപ്പെടുന്നതും രാജ്യത്തെ വിവിധ ബിസിനസുകളുടെ പ്രവർത്തനത്തെ താളം തെറ്റിക്കും. നിലവിലെ ആഗോള സംവിധാനത്തിൽ ആഭ്യന്തര ഉത്പാദനവും ആഭ്യന്തര ഉപഭോഗവും മാത്രമായി നിലനിൽക്കാനാകില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി, ഇറക്കുമതി കണക്കുകൾ പരിശോധിച്ചാൽ ബഹിഷ്‌കരണം ഇന്ത്യക്കായിരിക്കും കൂടുതൽ തിരിച്ചടിയാകുക.
ഇന്ത്യയിൽ വിൽക്കുന്ന 28 ശതമാനം എയർ കണ്ടീഷണറുകളും ഇറക്കുമതി ചെയ്യുന്നതാണ്. ഇന്ത്യയിലെ 15-20 ശതമാനം ഓട്ടോമൊബൈൽ പാർട്‌സും ഇറക്കുമതിയാണ്. ഇതിൽ ബഹുഭൂരിപക്ഷവും ചൈനയിൽ നിന്നാണ് വരുന്നത്. ഒപ്പം ഇന്ത്യയുടെ മെഡിസിൻ ഇൻഡസ്ട്രിയിലേക്കുള്ള 60-65 ശതമാനം അസംസ്‌കൃത വസ്തുക്കളും ചൈനയിൽ നിന്നാണ്. ഇലക്‌ട്രോണിക്‌സ് വിപണിയിലേക്കുള്ള 85 ശതമാനം ഘടകങ്ങളും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ എക്‌സ്‌പോർട്ട് ആൻഡ് ഇംപോർട്ട് ഡാറ്റാ ബേങ്ക് അനുസരിച്ച് 2018-19 കാലഘട്ടത്തിൽ ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള മൂന്ന് പ്രധാന വിഭാഗങ്ങളിലെ ഇറക്കുമതി 42.63 ബില്യൺ ഡോളറിന്റെതാണ്. എന്നാൽ, ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് ഇത് 7.9 ബില്യൺ ഡോളറിന്റെത് മാത്രമേയുള്ളൂ. മാത്രമല്ല ചൈനക്ക് ഇന്ത്യ ചെറിയ വിപണി മാത്രമാണ്.
ചൈനയുടെ മൊത്തം കയറ്റുമതിയുടെ 1.52 ശതമാനം മാത്രമേ ഇന്ത്യയിലേക്ക് വരുന്നുള്ളൂ. ബാക്കി മറ്റു രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. എന്നാൽ ഇന്ത്യയുടെ താഴേതട്ടു മുതൽ മിക്ക വിപണികളും ചൈനയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് ചൈനയിൽ നിന്നുള്ള വിതരണം തടസ്സപ്പെട്ടത് ഇന്ത്യയുടെ ഓട്ടോമൊബൈൽ മുതൽ ടെക് മേഖലകളെയും ഫാർമസി മേഖലയെയും വൻതോതിൽ ബാധിച്ചിരുന്നു. ഈ സാഹചര്യം ഒരു മുദ്രാവാക്യത്തിലൂടെയോ പ്രക്ഷോഭത്തിലൂടെയോ മാറ്റിയെടുക്കാൻ കഴിയില്ലെന്നിരിക്കെ, സംഘർഷ കാലത്ത് മാത്രം ഉയർത്തപ്പെടുന്ന ബഹിഷ്‌കരണ മുദ്രാവാക്യം രാഷ്ട്രീയ മുദ്രാവാക്യമായി മാത്രമേ നിലനിൽക്കൂ.
ചൈനയെ ബഹിഷ്‌കരിക്കുന്നതിന് മുമ്പ് രാജ്യത്തെ ബിസിനസ് വിപണിയെ ആദ്യം കൂടുതൽ മത്സരക്ഷമമാക്കേണ്ടിയിരിക്കുന്നു. ഇതിനായി രാജ്യത്തിന്റെ ഉത്പാദന മേഖല ചൈനയുടെ ഉത്പന്നങ്ങളുമായി പിടിച്ചുനിൽക്കാനുള്ള രീതിയിലേക്ക് നിലവാരം ഉയർത്തണം. നിലവിൽ വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ ഒപ്പിട്ടിരിക്കുന്ന ഇന്ത്യയും ചൈനയും ഫ്രീ ഇക്കോണമിയാണെന്നതിനാൽ ഒരു പരിധിയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ലെന്ന യാഥാർഥ്യവും നിലനിൽക്കുന്നുണ്ട്.