Articles
മനസ്സില്‍ നടാം മരത്തൈകള്‍
ഈ വര്‍ഷത്തെ പരിസ്ഥിതി ദിനവും ഒപ്പം പരിസ്ഥിതി വാരാചരണവും കടന്നു പോയല്ലോ. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് വൃക്ഷത്തൈകള്‍ നടാനും പരിസ്ഥിതി ചര്‍ച്ചകള്‍ നടത്താനും മറ്റ് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കും വര്‍ഷങ്ങളായി നാം വിനിയോഗിക്കുന്നു. തുടര്‍ന്നുള്ള ഒരാഴ്ചക്കാലം പരിസ്ഥിതി വാരമായും ആചരിക്കാറുണ്ട്.
സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി കോടികള്‍ മുടക്കി വൃക്ഷത്തൈകള്‍ വിതരണം ചെയ്യാറുണ്ട് വനംവകുപ്പ് വര്‍ഷംതോറും. ഫോട്ടോ എടുക്കാന്‍ വേണ്ടി വൃക്ഷത്തൈ നടുകയും പിന്നെ അതിനെ മറക്കുകയും അടുത്ത വര്‍ഷം അതേ കുഴിയില്‍ തന്നെ വീണ്ടും വൃക്ഷത്തൈ നടുകയും ചെയ്യുന്നു എന്ന ആക്ഷേപം പൊതുവെ പറഞ്ഞു കേള്‍ക്കാറുണ്ട്. ഒരു ലക്ഷം വൃക്ഷത്തൈ നട്ടാല്‍ അതില്‍ ആയിരം എണ്ണം പോലും പരിപാലിക്കപ്പെടുന്നില്ല എന്നും, എന്നാല്‍ ഒരു ലക്ഷം വൃക്ഷത്തൈകള്‍ക്കൊപ്പം ഒരു ലക്ഷം പ്ലാസ്റ്റിക് കൂടുകള്‍ മണ്ണിലേക്ക് എത്തിച്ചേരുന്നത് അതിനേക്കാള്‍ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത് എന്നും പറഞ്ഞു കേള്‍ക്കുന്നു.
സ്‌കൂളുകളിലൂടെയും സന്നദ്ധ സംഘടനകളിലൂടെയും ആണല്ലോ വനംവകുപ്പ് വൃക്ഷത്തൈകള്‍ വീടുകളില്‍ എത്തിക്കുന്നത്. ഇത്തവണ സ്‌കൂളുകളിലൂടെയുള്ള വിതരണം നടന്നിട്ടില്ല എന്ന സത്യം മറക്കുന്നില്ല. നട്ടുപിടിപ്പിച്ച വൃക്ഷത്തൈകള്‍ പരിപാലിക്കുന്നതിലെ പോരായ്മകളാണ് നേരത്തേ സൂചിപ്പിച്ചത് എങ്കില്‍, വിതരണം ചെയ്യുന്ന വൃക്ഷത്തൈകളില്‍ എത്ര എണ്ണം നട്ടുപിടിപ്പിക്കപ്പെടുന്നു എന്ന കണക്കെടുത്താല്‍ അവിടെയും പൊരുത്തക്കേടുകള്‍ കാണാന്‍ കഴിയും.
വര്‍ഷങ്ങളായി വൃക്ഷത്തൈ വിതരണം ചെയ്യുന്ന ഒരാളെന്ന നിലയില്‍ ചില അനുഭവങ്ങള്‍ ഇവിടെ പങ്കുവെക്കാം. വിദ്യാര്‍ഥികള്‍ സ്വമേധയാ താത്പര്യപ്പെട്ടല്ല പലപ്പോഴും വൃക്ഷത്തൈകള്‍ സ്വീകരിക്കുന്നത്. വൃക്ഷത്തൈകള്‍ സ്വീകരിക്കുമ്പോള്‍ തന്നെ ചില വൃക്ഷത്തൈകളോട് അവര്‍ക്ക് പ്രിയം കൂടും. എന്നാല്‍ അവ ആവശ്യത്തിന് തികയുകയുമില്ല. മനമില്ലാ മനസ്സോടെ സ്വീകരിച്ച വൃക്ഷത്തൈകള്‍ പലപ്പോഴും ഉപേക്ഷിക്കപ്പെടും. ചിലര്‍ വൃക്ഷത്തൈ മാത്രം ഊരിയെടുത്ത് പ്ലാസ്റ്റിക് കൂടും മണ്ണും ഉപേക്ഷിക്കും.
ആര്‍ക്കാനും വേണ്ടി ഓക്കാനിക്കും പോലെ വൃക്ഷത്തൈ വിതരണവും നടീലും നടത്തുമ്പോള്‍ ഉണ്ടാകുന്ന ദുര്യോഗങ്ങളെ കുറിച്ചാണ് പറഞ്ഞു വന്നത്. എന്നാല്‍ ഇങ്ങനെയല്ലാതെ മനസ്സില്‍തട്ടി വൃക്ഷത്തൈ നടീലും പരിചരണവും നടത്തുന്നതിനെ കുറിച്ചാണ് ഇനി പറയാനുള്ളത്. പ്രായോഗികമായി വിജയിപ്പിച്ചെടുത്തതിന്റെ നേര്‍സാക്ഷ്യവുമായാണ് ഇത് പറയുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദ്യാര്‍ഥികളെ വൃക്ഷത്തൈ നടീല്‍, പരിചരണം തുടങ്ങിയവയില്‍ താത്പര്യപൂര്‍വം പങ്കാളികളാക്കാന്‍ കഴിഞ്ഞതിന്റെ അനുഭവം ഇവിടെ പങ്കുവെക്കാം. സമീപ ഭൂതകാലത്തില്‍ നാം അവഗണിച്ച ചക്കകള്‍ ഈ കൊറോണ കാലത്ത് നമ്മെ ഊട്ടിയതിന് നന്ദി സൂചകമായി ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനാചരണം “നാട്ടുമാ മഹോത്സവ”മായി ആചരിക്കാന്‍ തീരുമാനിച്ചു, നാടന്‍ ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന മഹോത്സവം. പരിസ്ഥിതി ദിനത്തിനും രണ്ടാഴ്ച മുമ്പ് ഈ വിവരം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു. നാടന്‍ ഫലവൃക്ഷങ്ങളുടെ വിത്തുകള്‍ സംഘടിപ്പിച്ച് നട്ടുവളര്‍ത്താന്‍ നിര്‍ദേശം നല്‍കി. എല്ലാവരും താത്പര്യപൂര്‍വം പങ്കാളികളായി. സ്വന്തമായി മുളപ്പിച്ചെടുക്കാന്‍ കഴിയാത്തവര്‍ തനിക്ക് ഒന്ന് തരണം എന്ന് കൂട്ടുകാരോട് നേരത്തേ ശട്ടം കെട്ടി. ഇതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ടൈപ്പ് ചെയ്തും വോയ്‌സ് മെസ്സേജ് ആയും വീഡിയോ ആയും ക്ലാസ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നല്‍കി. വൃക്ഷത്തൈ നടീലിന്റെ സ്‌കൂള്‍തല ഉദ്ഘാടനം സ്‌കൂളിനടുത്തുള്ള വിദ്യാര്‍ഥിയുടെ വീട്ടുവളപ്പില്‍ നടത്തി. അതേസമയം മുഴുവന്‍ കുട്ടികളോടും അവര്‍ നേരത്തേ മുളപ്പിച്ചെടുത്ത തൈകള്‍ അവരവരുടെ വീട്ടുവളപ്പില്‍ നട്ട്, അതിന്റെ ഫോട്ടോ എടുത്ത് ക്ലാസ് ടീച്ചര്‍ക്ക് അയച്ചുകൊടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ബഹുഭൂരിപക്ഷം കുട്ടികളും നിര്‍ദേശം പാലിച്ചപ്പോള്‍ ആയിരക്കണക്കിന് വൃക്ഷത്തൈകള്‍ നട്ട പടങ്ങളാണ് നേര്‍സാക്ഷ്യമായി ലഭിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ ആരോ നിര്‍ബന്ധിച്ച് ഏല്‍പ്പിച്ച വൃക്ഷത്തൈകളോടുള്ള പ്രതികരണത്തില്‍ നിന്ന് തുലോം വ്യത്യസ്തമായിരുന്നു ഇത്തവണത്തെ വൃക്ഷത്തൈ നടീല്‍. അതായത്, ഈ വര്‍ഷത്തെ വൃക്ഷത്തൈകള്‍ അവര്‍ കഷ്ടപ്പെട്ട് മുളപ്പിച്ചെടുത്തതോ തന്റെ പ്രിയ കൂട്ടുകാരനോട് സ്‌നേഹപൂര്‍വം അഭ്യര്‍ഥിച്ചു വാങ്ങിയതോ ആയിരുന്നു. അത് നട്ടു പരിപാലിക്കാന്‍ അവര്‍ക്ക് എത്രമാത്രം താത്പര്യം ഉണ്ടാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇങ്ങനെ അവരുടെ ആവശ്യമായി, ആവേശമായി വൃക്ഷത്തൈ നടീലും മറ്റു പരിസ്ഥിതി പ്രവര്‍ത്തനങ്ങളും നടക്കുമ്പോള്‍ മാത്രമേ അത് യഥാര്‍ഥ ഫലം ചെയ്യൂ.
കോടികള്‍ ആണല്ലോ ഓരോ വര്‍ഷവും സാമൂഹിക വനവത്കരണത്തിന് ചെലവാക്കുന്നത്. ഓരോ വ്യക്തിയും ആവശ്യമായ നാടന്‍ വിത്തുകള്‍ സംഘടിപ്പിച്ച്, വൃക്ഷത്തൈകള്‍ സ്വന്തം ഉണ്ടാക്കി, നട്ടുവളര്‍ത്തുന്നതിന് പ്രോത്സാഹനം നല്‍കുകയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മത്സരങ്ങളും മറ്റും ഏര്‍പ്പാടാക്കുകയും ചെയ്താല്‍ മെച്ചപ്പെട്ട ഫലം ലഭിക്കും. ചെലവ് കുറയും. വൃക്ഷത്തൈകള്‍ക്കൊപ്പം മണ്ണില്‍ എത്തുന്ന പ്ലാസ്റ്റിക് കൂടുകളുടെ മാലിന്യവും ഒഴിവാക്കാം. വര്‍ഷങ്ങളായി നാം മണ്ണില്‍ വൃക്ഷത്തൈ നടുന്നു. പകരം മനസ്സില്‍ നടൂ വൃക്ഷത്തൈ, ഫലം കാണാം. അടുത്ത വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന് ഇത് പ്രായോഗികമാക്കാന്‍ ആവശ്യമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ തന്നെ തുടങ്ങി വെച്ചെങ്കില്‍, അധികൃതര്‍!
(കേരള സര്‍ക്കാറിന്റെ വനമിത്ര പുരസ്‌കാര ജേതാവാണ് ലേഖകന്‍)