National
രാഹുൽ തരംതാണ രാഷ്ട്രീയ നിലവാരത്തിൽ നിന്നുയരണമെന്ന് അമിത്ഷാ
ന്യൂഡൽഹി | ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സർക്കാറിനെതിരേ രാഹുൽ ഗാന്ധി നടത്തുന്ന പ്രസ്ഥാവനകളെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രംഗത്ത്. രാജ്യം ഐക്യം നിലനിർത്താൻ ശ്രമിക്കുന്ന സാഹചര്യത്തിൽ തരംതാണ രാഷ്ട്രീയനിലവാരത്തിൽ നിന്നുയർന്ന് സർക്കാറിനൊപ്പം നിൽക്കണമെന്ന് അമിത്ഷാ രാഹുൽഗാന്ധിയോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ചൈനീസ് എറ്റുമുട്ടലിൽ പരുക്കേറ്റ ഇന്ത്യൻ സൈനികന്റെ പിതാവ് രാഹുൽഗാന്ധിയെ വിമർശിക്കുന്ന വീഡിയോ സഹിതമാണ് അമിത്ഷായുടെ ട്വീറ്റ്.
രാഹുൽ ഗാന്ധിക്ക് കൃത്യമായ സന്ദേശം നൽകിയാണ് ധീരനായ സൈനികന്റെ പിതാവ് സംസാരിക്കുന്നത്. രാജ്യം മുഴുവൻ ഐക്യപ്പെടുന്ന സാഹചര്യമുണ്ടാകുമ്പോൾ രാഹുൽഗാന്ധി തരംതാണ രാഷ്ട്രീയം മാറ്റി വെച്ച് ദേശീയ താത്പര്യത്തോട് എക്യപ്പെടണമെന്നാണ് അമിത്ഷാ ട്വിറ്ററിൽ കുറിച്ചത്. ചൈനയെ പരാജയപ്പെടുത്താൻ മാത്രം ശക്തമാണ് ഇന്ത്യൻ സൈന്യമെന്നും രാഹുൽഗാന്ധി ഇതിൽ രാഷ്ട്രീയം കലർത്തരുതെന്നും തന്റെ മകൻ സൈന്യത്തിൽ തുടരുമെന്നുമാണ് പരുക്കേറ്റ സൈനികന്റെ പിതാവ് വീഡിയോയിൽ പറയുന്നത്.
സൈനികന്റെ പിതാവിന്റെ വാക്കുകൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ സംരക്ഷിക്കാൻ കേന്ദ്രമന്ത്രിമാർ ഒത്തുകളിക്കുകയാണെന്നും ഇന്ത്യൻ മണ്ണ് മോദി ചൈനക്ക് മുമ്പിൽ അടിയറവ് വെച്ചെന്നും നേരത്തേ രാഹുൽഗാന്ധി പറഞ്ഞിരുന്നു. ഭൂമി ചൈനയുടേതാണെങ്കിൽ ഇന്ത്യൻ സൈനികരുടെ ജീവൻ എങ്ങനെ നഷ്ടമായിയെന്നും യഥാർഥത്തിൽ അവർ കൊല്ലപ്പെട്ടത് എവിടെ വെച്ചാണെന്നും രാഹുൽ ചോദ്യമുന്നയിച്ചിരുന്നു.