Connect with us

Malappuram

93-ാം വയസ്സിലും ഖുർആൻ പാരായണ രീതി പഠിപ്പിക്കുകയാണ് റിട്ട. റെയിൽവേ ചീഫ് സൂപ്രണ്ട്

Published

|

Last Updated

തിരൂരങ്ങാടി | രായിൻകുട്ടി ഹാജിയെ അറിയാത്ത തജ്‌വീദ് പണ്ഡിതൻമാർ കുറവായിരിക്കും. റെയിൽവേയിൽ നിന്ന് ചീഫ് ബുക്കിംഗ് സൂപ്രണ്ടായി വിരമിച്ച ഇദ്ദേഹം 93-ാം വയസ്സിലും ഖുർആൻ പാരായണ രീതി സമൂഹത്തിന് പകർന്ന് നൽകുകയാണ്. പന്താരങ്ങാടിയിലെ അഴുവളപ്പിൽ എ വി രായിൻകുട്ടി ഹാജിക്ക് ഖുർആൻ പാരായണ ശാസ്ത്രത്തിലെ ഏത് നിയമങ്ങളിലും അഗാധ പാണ്ഡിത്യമാണ്.
മർഹൂം ഖാരിഅ് പി ഹസൻ മുസ്‌ലിയാർ, അബുൽ വഫാ കെ വി അബ്ദുർറഹ്മാൻ മുസ്‌ലിയാർ കൊടുവള്ളി തുടങ്ങിയ പ്രമുഖ പണ്ഡിതൻമാരിൽ നിന്നായി ഖുർആൻ പാരായണത്തിലും പരായണ നിയമത്തിലും അവഗാഹം നേടിയ ഇദ്ദേഹത്തിന് ഈ രംഗത്ത് ഒട്ടനവധി ശിഷ്യന്മാരുണ്ട്. തിരൂരങ്ങാടി ആസാദ് നഗർ സ്വദേശിയായിരുന്ന പിതാവ് ചായക്കച്ചവടക്കാരനായിരുന്നു.

ഈ രംഗത്തേക്ക് എത്തിപ്പെടാനുണ്ടായത് ഒരു നിയോഗമായിട്ടാണ് രായിൻകുട്ടി ഹാജി കാണുന്നത്. 1962ൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ നിസ്‌കരിക്കാൻ അടുത്തുള്ള പള്ളിയിൽ പോയിരുന്നു. നാട്ടുകാരുമായി കൂടുതൽ ഇടപഴകാൻ തുടങ്ങിയതോടെ അവർ മഹല്ല് കമ്മിറ്റി ജോയിൻറ് സെക്രട്ടറിയായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തു. മഹല്ല് പരിധിയിലെ മദ്‌റസകളിലെ വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി മദ്‌റസകളുടെ സൂപ്പർവൈസറായി നിയമിക്കുകയും ചെയ്തു. ഏറ്റവും പ്രധാനപ്പെട്ടത് കുട്ടികളുടെ ഖുർആൻ പാരായണം നന്നാക്കുക എന്നതാണ് എന്നാൽ അധ്യാപർക്ക് ഇതിൽ നല്ല പരിജ്ഞാനം ഉണ്ടാകണമെന്നതിനാൽ ഇതിനായി ആദ്യം പഠിക്കേണ്ടത് താൻ തന്നെയാണെന്ന ബോധമാണ് ഈ രംഗത്തെത്തിച്ചതെന്ന് രായിൻകുട്ടി ഹാജി പറഞ്ഞു.

പിന്നീട് പരപ്പനങ്ങാടി സ്റ്റേഷനിലേക്ക് മാറിയപ്പോൾ മദ്‌റസാധ്യാപകർക്ക് റെയ്ഞ്ച് തലത്തിൽ നടക്കാറുള്ള ഒട്ടുമിക്ക ഹിസ്ബ് ക്ലാസുകളിലും പങ്കെടുത്തിരുന്നു. മുഅല്ലിംകളല്ലാത്ത ആർക്കും ഇതിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നില്ലെങ്കിലും അവരുടെ സമ്മതത്തോടെയാണ് പങ്കെടുത്തിരുന്നത്.

പ്രമുഖ ഖാരിഉകളിൽ നിന്നുള്ള സനദും ഇദ്ദേഹത്തിനുണ്ട് കാരന്തൂർ സുന്നി മർകസ് അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളിലും നിരവധി പള്ളി ദർസുകളിലും വിദ്യാർഥികൾക്ക് ഖുർആൻ പാരായണത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. പ്രായാധിക്യം കാരണം വീട്ടിൽ കഴിയുകയാണെങ്കിലും വലിയ പണ്ഡിതൻമാർ അടക്കം ദിവസവും ഒട്ടേറെ പേർ ഇദ്ദേഹത്തിന്റെ അടുത്ത് വന്ന് ഖുർആൻ ഓതിക്കൊടുത്ത് സംശയങ്ങൾ തീർക്കുകയും ഖുർആൻ പാരായണ നിയമങ്ങൾ പഠിക്കുകയും ചെയ്യുന്നു. കുറ്റമറ്റ രീതിയിൽ ഖുർആൻ പാരയണം പഠിക്കുകയെന്നത് അനിവാര്യമാണെന്നും സമൂഹം ഇക്കാര്യത്തിൽ അലംഭാവം കാണിക്കരുതെന്നും ഇദ്ദേഹം പറഞ്ഞു. പള്ളിദർസുകളിലും അറബിക് കോളജുകളിലും ശരീഅത്ത്, ദഅ്‌വ കോളജുകളിലും ഖുർആൻ പഠിപ്പിക്കുന്നതിനായി തജ്‌വീദ് പഠനത്തിന് പ്രാമുഖ്യം നൽകണമെന്നും ഇദ്ദേഹം പറഞ്ഞു.
തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം തുടങ്ങിയ റെയിൽവേ സ്‌റ്റേഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്. ഭാര്യയും എട്ട് മക്കളുമുണ്ട്.

---- facebook comment plugin here -----

Latest