Connect with us

Kerala

കുഞ്ഞാലിക്കുട്ടിയെ തള്ളി യൂത്ത്‌ലീഗ്; വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം വേണ്ട

Published

|

Last Updated

മലപ്പുറം |  ജമാഅത്തെ ഇസ്ലാമിയുമായും അവരുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ സഖ്യത്തിലേര്‍പ്പെടാനുള്ള മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നീക്കത്തെ എതിര്‍ത്ത് യൂത്ത്‌ലീഗ് രംഗത്ത്. ജമാഅത്തെ ഇസ്ലാമിയുമായി ഒരു സഖ്യവും പാടില്ലെന്നത് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂത്ത്‌ലീഗിന്റെ യോഗം പണക്കാട്ട് ആരംഭിക്കുന്നതിന് മുമ്പായി മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫിറോസ്.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമോ, രാഷ്ട്രീയ കൂട്ടുകെട്ടോ പാടില്ല. ശിഹാബ് തങ്ങളുടെ കാലം മുതലുള്ള പാര്‍ട്ടിയുടെ നയമാണത്. വോട്ടിന് വേണ്ടി പാര്‍ട്ടി ആദര്‍ശം പണയം വെക്കാനാകില്ലെന്നും ഫിറോസ് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തില്ലെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് നേരത്തെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന സൂചന നല്‍കിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് പുറത്തുള്ളവരുമായി സഖ്യവും രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച ചര്‍ച്ച തുടങ്ങിയതായും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോട് വ്യക്തമായി പ്രതികരിക്കാന്‍ പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദും തയ്യാറായിരുന്നില്ല. ജമാഅത്തുമായി ഒരുമിക്കുന്നതില്‍ ലീഗിനുള്ളില്‍ രണ്ട് അഭിപ്രായമുണ്ടെന്നത് വ്യക്തമായിരുന്നു. ഇത്തരത്തിലായിരുന്നു നേതാക്കളുടെ പ്രതികരണങ്ങള്‍. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഫിറോസിന്റെ പ്രിതകരണത്തില്‍ ഉണ്ടായിരിക്കുന്നത്.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞപ്പോള്‍ മുന്‍കാലത്ത് ലീഗ് നേതാക്കള്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായിരുന്നു. തോറ്റാലും ജമാഅത്തിന്റെ വോട്ട് വേണ്ടെന്ന കെ എം ഷാജിയുടെ പ്രസംഗം, ജമാഅത്തെ ഇസ്ലാമി, എസ് ഡി പി ഐ തുടങ്ങിയ മുസ്ലിം തീവ്രസംഘടനകളുമായി പാര്‍ട്ടിയുടെ വിയോജിപ്പ് സംബന്ധിച്ച് ഹൈദരലി തങ്ങളുടെ അഭിമുഖങ്ങള്‍ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നു.
ലീഗിന്റെ തിരഞ്ഞെടുപ്പ് സഖ്യങ്ങളെക്കുറിച്ച് എതിര്‍ പാര്‍ട്ടിക്കാരുടെ കടുത്ത വിമര്‍ശനങ്ങളുമുണ്ടായിരുന്നു. നേരത്തെ, ബേപ്പൂരിലും വടകരയിലും നടന്ന കോ-ലി- ബി ബന്ധങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നു.

മുമ്പും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും ജമാഅത്തെ ഇസ്ലാമിയുമായും എസ് ഡി പി ഐയുമായും ലീഗ് രഹസ്യബന്ധമുണ്ടാക്കിയിരുന്നെന്നും ഇനി പരസ്യ ബന്ധത്തിന് പാര്‍ട്ടി ഒരുങ്ങുകയാണെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം കാണിക്കുന്നതെന്നും വിമര്‍ശനമുണ്ടായി. ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് മലപ്പുറത്ത് നടന്ന ഉപതിരഞ്ഞെടുപ്പിലും കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും ലീഗ് വെല്‍ഫെയര്‍ ബന്ധം പരസ്യമായിരുന്നു. കുഞ്ഞാലിക്കുട്ടി നേരത്തെ ഇത്തരം
ബന്ധങ്ങളെ പ്രമോട്ട് ചെയ്യുന്ന വ്യക്തിയാണെന്നും എതിരാളികള്‍ വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടേയും പാര്‍ട്ടി നേതൃത്വത്തിന്റേയും നിലപാടിനെതിരെ യുവജന വിഭാഗം രംഗത്തെത്തിയത് വരും ദിവസങ്ങളിലും വലിയ ചര്‍ച്ചയാകും. ഇനി തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി എന്ത് നീക്കുപോക്കിന് പാര്‍ട്ടി മുതിര്‍ന്നാലും അതും വലിയ വിമര്‍ശനത്തിന് ഇടയാക്കുമെന്ന് ഉറപ്പാണ്.

 

 

---- facebook comment plugin here -----

Latest