International
ഇന്തോനേഷ്യയിലെ മെറാപി അഗ്നിപർവതത്തിൽ സ്‌ഫോടനം
ജക്കാർത്ത | ലോകത്തിലെ ഏറ്റവും സജീവമായ അഗ്‌നിപർവതങ്ങളിലൊന്നായ ഇന്തോനേഷ്യയിലെ മെറാപി പർവതത്തിൽ ഇന്ന് രണ്ട് തവണ പൊട്ടിത്തെറിയുണ്ടായി. സ്‌ഫോടന അവശിഷ്ടമായി പുറത്തു വന്ന മേഘം പോലെയുള്ള ചാരം ആകാശത്തേക്ക് 6,000 മീറ്റർ ഉയർന്നു പൊങ്ങിയതായി രാജ്യത്തെ ജിയോളജിക്കൽ ഏജൻസി അറിയിച്ചു. രണ്ട് സ്‌ഫോടനങ്ങളും ഏഴ് മിനിറ്റോളം നീണ്ടു.
ഇന്തോനേഷ്യയുടെ സാംസ്‌കാരിക തലസ്ഥാനമായ യോഗ്യാകാർത്തക്ക് സമീപമുള്ള പർവതത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ പ്രാദേശിക അധികാരികൾക്ക് നിർദേശം നൽകിയതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. പൊട്ടിത്തെറിക്ക് ശേഷം സാധാരണയായി അഗ്നിപർവതത്തിന്റെ അലേർട്ട് സ്റ്റാറ്റസ് ഉയർത്തേണ്ടതാണ്. എന്നാൽ, ഇത്തവണ വിമാനങ്ങളിലൂടെ ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകുകയായിരുന്നു.
ഇന്ന് രാവിലെ സ്ലെമാൻ, ക്ലാറ്റൻ എന്നിവയുൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലെ ആളുകൾ പർവതത്തിൽ നിന്ന് വലിയ ശബ്ദങ്ങൾ കേട്ടിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏറ്റവും അവസാനം 2010ൽ മെറാപിയിലുണ്ടായ സ്‌ഫോടനത്തിൽ മുന്നൂറിലധികം പേർ കൊല്ലപ്പെടുകയും 2,80,000 പ്രദേശവാസികളെ മാറ്റി പാർപ്പിക്കുകയും ചെയ്തിരുന്നു. 1930ന് ശേഷമുണ്ടായ ഏറ്റവും ശക്തമായ പൊട്ടിത്തെറിയായിരുന്നു 2010ലേത്. 1930ൽ 1,300 പേരാണ് മരിച്ചത്. 1994ലെ മറ്റൊരു സ്‌ഫോടനത്തിൽ 60ഓളം പേർ മരിച്ചു.
ഇന്തോനേഷ്യയിൽ 17,000 ലധികം ദ്വീപുകളും 130ഓളം സജീവ അഗ്‌നിപർവതങ്ങളുമുണ്ട്.