Covid19
കൊവിഡ് വാക്‌സിൻ; മനുഷ്യരിൽ രണ്ടാംഘട്ട പരീക്ഷണത്തിനൊരുങ്ങി ചൈന

ബീജിംഗ് | ആഗോളതലത്തിൽ കൊറോണവൈറസ് വാക്‌സിൻ പരീക്ഷണങ്ങൾ കാര്യക്ഷമമായി നടന്നുകൊണ്ടിരിക്കുകയാണ്. ചൈനയിൽ പല ഘട്ടങ്ങളായി നടന്ന പഠനങ്ങൾക്കൊടുവിൽ ആദ്യമായി മനുഷ്യരിൽ പരീക്ഷണം നടത്തിയിരുന്നു. ഇപ്പോൾരണ്ടാം ഘട്ടമായി വീണ്ടും വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കാനൊരുങ്ങുകയാണ് ചൈന.
കൊവിഡ് മഹാമാരിയുടെ ഏറ്റവും ഭയാനകമായ അവസ്ഥയിലാണ് ലോകമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ആഗോളതലത്തിൽ ഒരു ഡസനോളം വാക്‌സിനുകളാണ് മനുഷ്യരിൽ പരീക്ഷിക്കാനൊരുങ്ങുന്നത്. എന്നാൽ, ഇതു വരെ വികസിപ്പിച്ച ഒരു വാക്‌സിനും ഫലപ്രദമായിരുന്നില്ല. വിവിധ ക്ലിനിക്കൽ ടെസ്റ്റുകളിൽ വിജയിക്കാൻ സാധിക്കാത്തതിനാൽ ഇതു വരെ ഒരു വാക്‌സിനും വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിന് അനുമതി ലഭിച്ചിട്ടില്ല.
ചൈനയുടെ രണ്ടാംഘട്ട പരീക്ഷണം ഇന്നലെയാണ് ആരംഭിച്ചത്. ആറ് തരത്തിലുള്ള വാക്‌സിനുകളാണ് ഇത്തരത്തിൽ മനുഷ്യരിൽ പരീക്ഷിക്കാനായി ചൈനീസ് ശാസ്ത്രഞ്ജർ തയ്യാറാക്കിയിരിക്കുന്നത്. മെയ് മുതൽ 200ഓളം പേരിലാണ് ഇവർ ഒന്നാംഘട്ട പരീക്ഷണം നടത്തിയത്.