Connect with us

Articles

ചൈനക്ക് ക്ലീന്‍ചിറ്റ്‌ !

Published

|

Last Updated

ഡല്‍ഹിയില്‍ നിന്ന് ലാഹോറിലേക്ക് ബസ് സര്‍വീസ് ആരംഭിച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ആദ്യത്തെ എന്‍ ഡി എ സര്‍ക്കാറിന് നേതൃത്വം നല്‍കിയ ബി ജെ പി നേതാവ് അടല്‍ ബിഹാരി വാജ്പയ് ശ്രമിക്കുമ്പോള്‍ തന്നെയാണ് കാര്‍ഗില്‍ കുന്നുകളിലേക്ക് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കടന്നുകയറ്റമുണ്ടായത്, 1999ല്‍. പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറിയെന്നാണ് ലഭ്യമായ വിവരങ്ങളില്‍ നിന്ന് മനസ്സിലാക്കുന്നത് എന്ന് അറിയിച്ചപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന വാജ്പയ് ശ്രദ്ധിച്ചതേയില്ലെന്ന് എഴുതിയത് അന്ന് കരസേനാ മേധാവിയായിരുന്ന, കാര്‍ഗില്‍ യുദ്ധം നയിച്ച ജനറല്‍ വി പി മാലികാണ്. രാജ്യസ്‌നേഹ പ്രകടനത്തില്‍ അന്നും പിന്നിലല്ലാതിരുന്ന ബി ജെ പിയുടെ നേതാവ്, അധികാരസ്ഥാനത്തിരിക്കെ കാണിച്ച വലിയ അശ്രദ്ധയുടെ വിലയായിരുന്നു കാര്‍ഗില്‍ യുദ്ധം. അന്ന് വീരമൃത്യുവരിച്ച ജവാന്‍മാരുടെ എണ്ണം കുറവല്ല. ജനറല്‍ മാലിക് എഴുതിയതനുസരിച്ചാണെങ്കില്‍ അവരാരും വീരമൃത്യു വരിച്ചവരല്ല, മറിച്ച് കൊലക്ക് കൊടുക്കപ്പെട്ടവരാണ്.

ബി ജെ പി ഒറ്റക്ക് ഭൂരിപക്ഷം നേടി നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുകയും അധികാരത്തിലെ രണ്ടാമൂഴം നടക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യ ലോകത്തെ വന്‍ശക്തിയായെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്, സംഘ്പരിവാരം പാടി നടക്കുന്നത്. രാജ്യസ്‌നേഹത്തില്‍ (തീവ്രമോ കപടമോ ആയതും മനുഷ്യാവകാശങ്ങളെ മുഴുവന്‍ ഞെരിക്കാന്‍ ഉപയോഗിക്കുന്നതുമായ രാജ്യസ്‌നേഹം എന്ന് തിരുത്തി വായിക്കണം) വിട്ടുവീഴ്ചയില്ല. പുല്‍വാമ ആക്രമണത്തിന്, പാക്കിസ്ഥാന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്ന് തിരിച്ചടി നല്‍കിയെന്ന ഒരൊറ്റ പ്രചാരണം കൊണ്ട് അഞ്ചാണ്ടത്തെ ഭരണ വീഴ്ചകളെയൊക്കെ മറികടക്കാന്‍ പാകത്തില്‍ ഉയര്‍ത്തപ്പെട്ട രാജ്യസ്‌നേഹം. അതങ്ങനെ നില്‍ക്കുമ്പോഴാണ് ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ 20 സൈനികരുടെ “വീരമൃത്യു” സംഭവിക്കുന്നത്. ഗാല്‍വന്‍ താഴ്‌വര, പാന്‍ഗോംഗ് തടാകം, ഗോഗ്ര എന്നീ മേഖലകളില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കടന്നുകയറ്റത്തിന് ശ്രമിക്കുന്നുവെന്ന വാര്‍ത്ത ഏതാണ്ടൊരു മാസമായുണ്ട്. 2017ല്‍ ദോക്‌ലാമില്‍ ഇരു സൈന്യങ്ങളും മുഖാമുഖം വന്നിരുന്നു. അതിര്‍ത്തി കടന്ന് അരുണാചല്‍ പ്രദേശിലേക്ക് ചൈനയുടെ സൈനികര്‍ പലകുറി കടന്നുവന്നു. അതിര്‍ത്തി തര്‍ക്കങ്ങള്‍ സജീവമാക്കി നിര്‍ത്താനോ പുതിയ തര്‍ക്കങ്ങളുണ്ടാക്കിയെടുക്കാനോ ചൈന മനപ്പൂര്‍വം ശ്രമിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ വലിയ നയതന്ത്ര ബുദ്ധിയൊന്നും ആവശ്യമില്ല. അതിന്റെ തുടര്‍ച്ചയായി വേണം ഗാല്‍വനിലും മറ്റുമുണ്ടായ കടന്നുകയറ്റങ്ങളെ കാണാന്‍. കടന്നുകയറ്റമുണ്ടാകുകയും ഇരു രാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ കൈയാങ്കളിയുണ്ടാകുകയും ചെയ്തപ്പോഴും നയതന്ത്ര ചര്‍ച്ചകളിലൂടെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ ശ്രമമുണ്ടായില്ല.

നിയന്ത്രണ രേഖക്കപ്പുറത്ത് ചൈന, സൈനികരുടെ എണ്ണം കൂട്ടുകയും ആയുധങ്ങള്‍ സംഭരിക്കുകയും ചെയ്യുന്നുവെങ്കില്‍ അത് ഭരണ നേതൃത്വത്തിന്റെ അറിവോടെയാകുമെന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി. അത്തരമൊരു സാഹചര്യത്തില്‍ സേനയുടെ നേതൃത്വത്തിലുള്ളവര്‍ തമ്മിലുള്ള ആശയവിനിമയത്തിലൂടെ പ്രശ്‌നപരിഹാരം സാധ്യമാകില്ലെന്ന് ബോധ്യപ്പെട്ടിട്ടും, സേനയുടെ നേതൃത്വത്തിലുള്ളവര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിച്ചെന്ന് വിശ്വസിച്ച, രാജ്യത്തെ ജനങ്ങളെ വിശ്വസിപ്പിച്ച നരേന്ദ്ര മോദിയുടെ ഭരണ നേതൃത്വമാണ് 20 സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടതിന്റെ യഥാര്‍ഥ ഉത്തരവാദികള്‍. അതിനെ വീരമൃത്യുവെന്ന് വിശേഷിപ്പിക്കാനും ജീവത്യാഗം പാഴാകില്ലെന്ന് ആവര്‍ത്തിച്ച് രാജ്യസ്‌നേഹത്തിന്റെ മറയൊരുക്കി, സ്വന്തം വീഴ്ച മറക്കാനും മാത്രമേ നരേന്ദ്ര മോദിക്കും സംഘത്തിനും സാധിക്കൂ.

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍, ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് ആരും കടന്നുകയറിയിട്ടില്ലെന്നാണ് പ്രധാനമന്ത്രി വിശദീകരിച്ചത്. ചൈനയുടെ സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറി ടെന്റുകള്‍ സ്ഥാപിച്ചത് ചോദ്യംചെയ്യാന്‍ ഇന്ത്യന്‍ സൈന്യം എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായതെന്നും പ്രകോപനം സൃഷ്ടിച്ചത് ചൈനയാണെന്നും വിദേശകാര്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഈ പ്രസ്താവനയെ തിരുത്തുകയാണ് പ്രധാനമന്ത്രി ചെയ്തത്. ഇതിലെ വൈരുധ്യം ചൂണ്ടിക്കാണിച്ചപ്പോള്‍ പ്രസ്താവന ഭേദഗതി ചെയ്ത് വാര്‍ത്താക്കുറിപ്പിറക്കി, പ്രധാനമന്ത്രിയുടെ ഓഫീസ്. നിയന്ത്രണ രേഖയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചൈനയുടെ സൈന്യം ശ്രമിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത് എന്നായിരുന്നു ഭേദഗതി. ഇന്ത്യയുടെ സൈനികരുണ്ടാക്കിയ പ്രകോപനമാണ് കൈയാങ്കളിയിലേക്കും ജീവഹാനിയിലേക്കും നയിച്ചത് എന്ന ചൈനയുടെ വാദത്തിന് ബലമേകാനാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയും ഭേദഗതിയും വഴിവെച്ചത്. അതിര്‍ത്തിയില്‍ എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി മനസ്സിലാക്കി, രാജ്യത്തെ അറിയിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രി എന്ന വിശേഷണത്തിന് കൂടി അര്‍ഹനായിരിക്കുന്നു നരേന്ദ്ര മോദി. അത്രമാത്രമേ, രാജ്യസ്‌നേഹത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നേതാവ് അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്ക്, അവിടെ പൊലിഞ്ഞ ജീവനുകള്‍ക്ക് വില കൊടുത്തിട്ടുള്ളൂവെന്ന് കൂടിയാണ് അര്‍ഥം. 1999ല്‍ പാക് സൈന്യത്തിന്റെ കടന്നുകയറ്റത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ശ്രദ്ധിക്കാതിരുന്ന നേതാവിന്റെ മാതൃകയാണ് നരേന്ദ്ര മോദിയും പിന്തുടര്‍ന്നത്.
2017ല്‍ ദോക്‌ലാമിലുണ്ടായ പ്രശ്‌നം ഇരു സൈന്യങ്ങളുടെയും പിന്‍മാറ്റത്തോടെ പരിഹരിക്കപ്പെട്ടുവെന്നാണ് പ്രഖ്യാപിക്കപ്പെട്ടത്. നയതന്ത്ര ചര്‍ച്ചകളിലൂടെ ഇന്ത്യ നേടിയ വിജയമായി ഇത് വാഴ്ത്തപ്പെട്ടു. ഒരു തരി മണ്ണ് നഷ്ടപ്പെട്ടില്ലെന്ന് രാജ്യത്തെ ഭരണകൂടം ജനങ്ങളോട് പറയുകയും ചെയ്തു. ഗാല്‍വന്‍ താഴ്‌വരയില്‍ ഉണ്ടായ തര്‍ക്കവും ഇരു സൈന്യങ്ങളുടെയും പിന്‍മാറ്റത്തിലൂടെ പരിഹരിക്കപ്പെട്ടതാണ്. അതിന് ശേഷമാണ് സംഘര്‍ഷത്തിലേക്ക് നയിച്ച, വിദേശകാര്യ മന്ത്രാലയം പറയുന്നത് അനുസരിച്ചാണെങ്കില്‍, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കടന്നുകയറ്റമുണ്ടായത്. പ്രധാനമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന് ചൈനയുടെ സൈന്യം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ദോക്‌ലാമിലുണ്ടാക്കിയ പരിഹാരവും ഇതുപോലെ കടന്നുകയറാനോ “നിയന്ത്രണ രേഖ”ക്കടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ ചൈനക്ക് അവസരം നല്‍കിക്കൊണ്ടാണോ എന്ന സംശയം ഇപ്പോള്‍ ഉയരുന്നുണ്ട്. സംശയങ്ങള്‍ ഉന്നയിക്കുന്നത്, ഹിന്ദുപാരമ്പര്യം അംഗീകരിക്കാത്തവരെ മുഴുവന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറംതള്ളണമെന്ന് ആവശ്യപ്പെടുന്ന സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലുള്ള തീവ്രവാദക്കാരാണ്.

അതിര്‍ത്തിക്കുള്ളിലേക്ക് ആരും കടന്നുകയറിയിട്ടില്ലെന്ന് രാജ്യത്തോടും ലോകത്തോടും പ്രധാനമന്ത്രി പറയുമ്പോള്‍, യഥാര്‍ഥത്തിലൊരു കടന്നുകയറ്റം നടന്നിട്ടുണ്ടെങ്കില്‍ അതിന് സാധൂകരണം നല്‍കുക കൂടിയാണ് ചെയ്യുന്നത്. ഗാല്‍വന്‍ താഴ്‌വരയില്‍ എവിടെയെങ്കിലും ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് ചൈന കടന്നുകയറിയിട്ടുണ്ടെങ്കില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയോടെ അത് ഇല്ലാതായിരിക്കുന്നു. ചൈനയുടെ കടന്നുകയറ്റം മാത്രമല്ല ഇല്ലാതാകുന്നത്, മറിച്ച് അങ്ങനെ കടന്നുകയറിയ ഇടങ്ങളൊക്കെ തങ്ങളുടേതാണെന്ന് എല്ലാ വേദികളിലും വാദിച്ചുറപ്പിക്കാന്‍ ചൈനക്ക് അവസരം നല്‍കുക കൂടിയാണ് പ്രധാനമന്ത്രി ചെയ്തത്. ചൈനക്ക് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുന്ന രാജ്യസ്‌നേഹം!
അടിച്ചാല്‍ തിരിച്ചടിക്കുമെന്നാണ് ഇനിയങ്ങോട്ടുള്ള ലൈന്‍. ഇന്ത്യയെന്ന വലിയ കമ്പോളം ചൈനക്ക് നിഷേധിച്ച് സാമ്പത്തിക യുദ്ധം ആരംഭിക്കണമെന്നും. ചൈനയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സംഘ്പരിവാരം ആഹ്വാനം തുടങ്ങിയിരിക്കുന്നു. ചൈനീസ് കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കി റെയില്‍വേ ചെറുസൂചന നല്‍കുകയും ചെയ്തിരിക്കുന്നു. അവിടെ നിന്നുള്ള ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനോ അവക്ക് ഉയര്‍ന്ന നികുതി ചുമത്തി വിപണിയിലെ അനാകര്‍ഷക വസ്തുക്കളാക്കാനോ ശ്രമിച്ചാല്‍ ഇവിടെ നിന്നുള്ള കയറ്റുമതിയെ ബാധിക്കുമെന്ന് ഉറപ്പ്. ഏതാണ്ട് കാലിയായ ഇന്ത്യന്‍ ഖജനാവിന് പ്രതിവര്‍ഷം നഷ്ടമാകുക 1,700 കോടി ഡോളര്‍. അത്തരമൊരു നഷ്ടക്കച്ചവടത്തിന് മോദി സര്‍ക്കാര്‍ തയ്യാറാകില്ലെന്ന് ഉറപ്പ്. വുഹാനിലും മാമല്ലപുരത്തും സി ജിന്‍പിംഗും നരേന്ദ്ര മോദിയും കാഴ്ചവെച്ച കമ്പോളാധിഷ്ഠിത സഹകരണ പ്രകടനം കൊവിഡൊന്നൊഴിഞ്ഞാലുടന്‍ അരങ്ങേറാം. ദോക്‌ലാമിനെപ്പോലെ ഗാല്‍വനും തീര്‍പ്പാക്കപ്പെട്ട തര്‍ക്കമാകും. നയതന്ത്രത്തിലൂടെ ഇന്ത്യ നേടിയ വിജയം, പാഴായിപ്പോകാത്ത ജീവത്യാഗങ്ങള്‍, വീരമൃത്യുവിന്റെ അനുസ്മരണങ്ങള്‍ എന്നിങ്ങനെ ചരിതങ്ങള്‍ തുടരും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest