Techno
സൗജന്യ കൊവിഡ് പരിശോധന വാഗ്‌ദാനം ചെയ്ത് വൻ സൈബർ ആക്രമണത്തിന് സാധ്യത
കോഴിക്കോട് | കൊവിഡിന്റെ മറവിൽ രാജ്യത്തെ 20 ലക്ഷത്തോളം പേരുടെ വ്യക്തിഗതാ വിവരങ്ങളും പണവും ചോർത്തുന്ന വൻ സൈബർ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. സർക്കാർ സംവിധാനങ്ങളുടെ വ്യാജപേരിൽ സാധാരണക്കാരുടെയും ബിസിനസ്സുകാരുടെയും കമ്പ്യൂട്ടറുകളിലേക്കും മൊബൈൽ ഫോണുകളിലേക്കും ഹാക്കർമാർ കടന്നുകയറുമെന്നാണ് മുന്നറിയിപ്പ്. സൗജന്യ കൊവിഡ് 19 പരിശോധന നൽകാമെന്നതുൾപ്പെടെയുള്ള വാഗ്്ദാനങ്ങൾ നൽകിയായിരിക്കാം തട്ടിപ്പ് അരങ്ങേറുകയെന്ന് കേന്ദ്ര സൈബർ സെക്യൂരിറ്റി ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സൈബർ ഡോം നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
വലിയ തോതിലുള്ള പിഷിംഗ് അറ്റാക്കുകൾ നടത്താൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇത്തരത്തിലുള്ള സംഘടിത സൈബർ ആക്രമണ സാധ്യത ഈയടുത്ത കാലത്ത് ഇതാദ്യമായിരിക്കാമെന്നും സൈബർ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.
കൊവിഡ് ലോക്ക്ഡൗണിൽ വൃക്ക വ്യാപാരം, വാഹന വിൽപ്പന, സമ്മാനങ്ങൾ പോലുള്ള തട്ടിപ്പുകൾക്ക് നിരവധി പേരാണ് ഇരയായത്. പലർക്കും ഇത്തരം തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെട്ടതായി സൈബർ പോലീസിൽ ലഭിച്ച പരാതികൾ വ്യക്തമാക്കുന്നു. പോലീസ് മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും കെണിയിൽ വീണപ്പോഴാണ് പലരും തിരിച്ചറിഞ്ഞത്. ഈ സാഹചര്യത്തിലാണ് പുതിയ തട്ടിപ്പിനെ കുറിച്ചുള്ള മുന്നറിയിപ്പ്.
കൊവിഡുമായി ബന്ധപ്പെട്ട ഏജൻസികളുടേതെന്ന വ്യാജേന ഇ-മെയിലിലെത്തുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മറ്റൊരു വെബ്‌സൈറ്റിലേക്ക് പോകുകയും സൈറ്റിലെ ഫയൽ ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നതോടെ കമ്പ്യൂട്ടറിലെയും ഫോണിലെയും വിവരങ്ങൾ ഹാക്കർമാർക്ക് ലഭിക്കുന്നു. വ്യക്തിഗതാ വിവരങ്ങളും സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവരങ്ങളുമാണ് ഹാക്കർമാർ ചോർത്തുക. 20 ലക്ഷം പേരുടെ ഇ-മെയിൽ അഡ്രസ്സുകൾ സൈബർ ക്രിമിനലുകളുടെ പക്കൽ ഉണ്ടെന്നാണ് പോലീസ് അധികാരികൾക്ക് ലഭിച്ച സൂചനകൾ.
ഇന്നലെ മുതൽ ആക്രമണം ആരംഭിക്കുമെന്നാണ് ഇവരിൽ നിന്ന് വിവരം ലഭിച്ചത്. അപരിചിതമായ ഇ-മെയിലുകളോ എസ് എം എസുകളോ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള സന്ദേശങ്ങളോ തുറന്നുനോക്കുകയോ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് സൈബർഡോം മുന്നറിയിപ്പ് നൽകുന്നു. വ്യക്തിഗതാ, സാമ്പത്തിക വിവരങ്ങൾ അറിയാത്ത ലിങ്കുകളിലോ വെബ്‌സൈറ്റിലോ നൽകാതിരിക്കുക. ക്യാഷ് ബാക്ക് ഓഫർ, വിന്നിംഗ് പ്രൈസ്, കൊവിഡ്-19 ടെസ്റ്റ് സഹായം പോലുള്ള ലിങ്കുകളെ കുറിച്ചും ഇ-മെയിലുകളെ കുറിച്ചും ബോധവാന്മാരായിരിക്കണമെന്നും പോലീസ് ജാഗ്രതാ സന്ദേശത്തിൽ വ്യക്തമാക്കുന്നു.
അറിയാവുന്നയാൾ അയച്ചതായി തോന്നിയാലും അറ്റാച്ചുമെന്റുകൾ തുറക്കുന്നതിൽ ജാഗ്രത പാലിക്കണം. ഇ-മെയിൽ വിലാസങ്ങൾ, ഇ-മെയിലുകളിലെ അക്ഷര പിശകുകൾ, വെബ്‌സൈറ്റുകൾ, അപരിചിതമായ ഇ-മെയിൽ എന്നിവ സൂക്ഷിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. ഇന്ത്യൻ ആർമി, സി ആർ പി ഫ്, സി ഐ എസ് എഫ് കൂടാതെ മറ്റു കേന്ദ്രസേനകളിലെ ഉ
ദ്യോഗസ്ഥർ എന്ന വ്യാജേന നടത്തുന്ന തട്ടിപ്പുകൾക്കെതിരെയും നേരത്തേ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.