Techno
ആക്രി സാധനങ്ങൾ വിൽക്കാനും ഇനി ആപ്പ്
കൊച്ചി | കാലിച്ചാക്കുമായി കറങ്ങി നടന്ന് ആക്രി പെറുക്കുന്ന കാലം കഴിയുന്നു. ഇനി വീടുകളിലും ഓഫീസുകളിലെുമെല്ലാം കെട്ടിക്കിടക്കുന്ന ഉപയോഗരഹിതമായ സാധനങ്ങൾ വിൽക്കാൻ മൊബൈലിൽ ഒരു ക്ലിക്ക് മതി. സ്ഥലത്തെത്തി ആക്രി സാധനങ്ങൾ ഏറ്റെടുക്കും. “ആക്രി” മൊബൈൽ ആപ്പ് വഴിയാണ് ഇത് സാധ്യമാക്കുന്നത്.
പണം നൽകി ഉപയോഗമില്ലാത്ത വസ്തുക്കൾ എടുക്കുമെന്ന് മാത്രമല്ല നിരവധി ഓഫറുകളും “ആക്രി” പ്രഖ്യാപിച്ചിട്ടുണ്ട്. റബ്ബർ ടയർ, പ്ലാസ്റ്റിക്, കർട്ടൻ, ബുക്കുകൾ, പേപ്പറുകൾ, ഇരുമ്പ്, അലൂമിനിയം, കോപ്പർ, ബാറ്ററി, ഇ വേസ്റ്റ് തുടങ്ങിയ വസ്തുക്കളെല്ലാം ആപ്പിലൂടെ വിൽക്കാം. ആപ്പിലൂടെ ഏത് സമയത്തും ആക്രി ബുക്ക് ചെയ്യാം. ടൈം സ്ലോട്ട് അടക്കം ബുക്ക് ചെയ്യാനുള്ള സൗകര്യം ആപ്പിലുണ്ട്. സാധനങ്ങളുടെ വിലയും ആപ്പിൽ ലഭ്യമാണ്.
മാസ്‌ക്, ഗ്ലൗസ്, യൂനിഫോം അടക്കം തികച്ചും പ്രൊഫഷനൽ രീതിയിലാണ് ജീവനക്കാർ ആക്രി സാധനങ്ങൾ ശേഖരിക്കാൻ എത്തുക. കൊച്ചിയിലാണ് ആദ്യ ഘട്ടം പ്രവർത്തനം തുടങ്ങുക. കൊച്ചിയിലെ പ്രിൻസ് തോമസ്, ചന്ദ്രശേഖർ എന്നീ രണ്ട് യുവ സംരംഭകർ ചേർന്നാണ് ആപ്പ് സജ്ജമാക്കിയിട്ടുള്ളത്.
www.aakri.in സന്ദർശിച്ചാൽ വെബ്‌സൈറ്റിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. പ്ലാസ്റ്റിക് അടക്കമുള്ള ഉപയോഗശൂന്യമായ വസ്തുക്കൾ കെട്ടിക്കിടന്ന് പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതങ്ങൾ എങ്ങനെ കുറക്കാം എന്ന ചിന്തയിൽ നിന്നാണ് ഇത്തരം ഒരാശയം ഉദിച്ചതെന്ന് പ്രിൻസും ചന്ദ്രശേഖറും പറയുന്നു.