National
ഒരു കമാന്‍ഡിംഗ് ഓഫീസര്‍ കൊല്ലപ്പെട്ടു; തുറന്ന് സമ്മതിച്ച് ചൈന
ന്യൂഡല്‍ഹി | ജൂണ്‍ 15ന് ഗാല്‍വന്‍ വാലിയിലുണ്ടായ ഇന്ത്യാ – ചൈന സംഘര്‍ഷത്തില്‍ തങ്ങളുടെ ഒരു കമാന്‍ഡിംഗ് ഓഫീസര്‍ കൊല്ലപ്പെട്ടതായി ചൈന സമ്മതിച്ചു. ഇന്ത്യാ ചൈന സൈനിക തല ചര്‍ച്ചയിലാണ് ഇക്കാര്യം ചൈന സമ്മതിച്ചത്. സംഭവത്തില്‍ ഒരാളും കൊല്ലപ്പെട്ടിട്ടില്ല എന്നായിരുന്നു ചൈനയുടെ ഇതുവരെയുള്ളു നിലപാട്.
സംഘര്‍ഷത്തില്‍ 20 ജവാന്മാര്‍ വീരമ്യത്യു വരിച്ചിരുന്നു. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തീല്‍ 40ല്‍ ഏറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ കരസേന വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെ പാടെ തള്ളുകയായിരുന്നു ചൈന ഇതുവരെ ചെയ്തിരുന്നത്.
ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ അതി ക്രൂരമായ ആക്രമണമാണ് ചൈനീസ് സൈന്യം നടത്തിയിരുന്നത്. ആണി തറച്ച വടികള്‍ കൊണ്ടും ഇരുമ്പ് ദണ്ടുകള്‍ കൊണ്ടും പാറക്കഷ്ണങ്ങള്‍ കൊണ്ടുമായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഇന്ത്യയുടെ 76 സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 1967ന് ശേഷം ആദ്യമായാണ് ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ യുദ്ധസമാനമായ സംഘര്‍ഷം ഉണ്ടാകുന്നത്.
ഗാൽവൻ താഴ്‌വരയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കിഴക്കൻ ലഡാക്കിലെ ചൈനീസ് അതിർത്തിയായ ചുഷുലിലെ മോൾഡോയിൽ വെച്ചാണ് ഇന്ത്യ- ചൈന സൈനികതലയോഗം നടക്കുന്നത്. ഗാൽവാനിലെയും സമീപപ്രദേശങ്ങളിലെയും മുഴുവൻ പ്രശ്‌നങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.
അവസാനമായി ഇന്ത്യ- ചൈന കൂടിക്കാഴ്ച നടന്നത് ഈ മാസം ആറിന് ആയിരുന്നു. അന്ന് ആഴ്ചകളോളം നീണ്ട സംഘർഷങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കുമിടയിൽ സൈന്യത്തെ തിരിച്ചു വിളിക്കാൻ ഇരുരാജ്യങ്ങളും തീരുമാനമെടുത്തിരുന്നു. അതിനു ശേഷം, ഒരു ടെന്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 15നാണ് ഗാൽവൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ച സംഘർഷം നടക്കുന്നത്.