Connect with us

National

ലഡാക്ക് സംഘർഷം; മഹാരാഷ്ട്രയിൽ മൂന്ന് ചൈനീസ് പദ്ധതികൾ താത്കാലികമായി നിർത്തി വെച്ചു

Published

|

Last Updated

മുംബൈ | കരാറൊപ്പിട്ട മൂന്ന് ചൈനീസ് പദ്ധതികൾ താത്കാലികമായി നിർത്തി വെച്ചതായി മഹാരാഷ്ട്രാ ഗവൺമെന്റ് അറിയിച്ചു. കിഴക്കൻ ലഡാക്കിലുണ്ടായ ചൈനീസ് ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ തീരുമാനവുമായി ഉദ്ദവ് താക്കറെ ഗവൺമെന്റ് രംഗത്തെത്തിയത്.

അടുത്തിടെ നടന്ന “മാഗ്‌നെറ്റിക് മഹാരാഷ്ട്ര 2.0” എന്ന  നിക്ഷേപക മീറ്റിൽ 5,000 കോടി രൂപയുടെ പദ്ധതികൾക്ക് അന്തിമരൂപം നൽകിയിരുന്നു. കേന്ദ്രവുമായി ആലോചിച്ച ശേഷമാണ് പദ്ധതികൾ നിർത്തിവെച്ചതെന്നും കൂടുതൽ നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും മഹാരാഷ്ട്രയിലെ വ്യവസായ മന്ത്രി സുഭാഷ് ദേശായി പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന സമ്മേളനത്തിൽ ചൈനീസ് അംബാസഡർ സൺ വീഡോംഗ് പങ്കെടുത്തിരുന്നു. മഹാരാഷ്ട്രയിലെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചൈന, ദക്ഷിണ കൊറിയ, സിംഗപ്പൂർ, യു എസ് തുടങ്ങിയ രാജ്യങ്ങളുമായി ഒരു ഡസനോളം ധാരണാപത്രങ്ങളാണ് ഒപ്പിട്ടത്.

അതേ ദിവസം, കിഴക്കൻ ലഡാക്കിലുണ്ടായ സംഘർഷത്തിൽ 20 സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ രാജ്യത്ത് ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കണമെന്ന ആഹ്വാനവുമായി പ്രമുഖർ രംഗത്തെത്തിയിരുന്നു.

മഹാരാഷ്ട്ര നിക്ഷേപക മീറ്റിൽ നടന്ന പ്രധാനപ്പെട്ട 12 ധാരണാപത്രങ്ങളിൽ മൂന്നെണ്ണം ചൈനയുടേതാണ്. 250 കോടി രൂപയുടെ ഹെങ്ലി എഞ്ചിനീയറിംഗ്, 3,770 കോടിയുടെ ഗ്രേറ്റ് വോൾ മോട്ടോഴ്സ്, 1,000 കോടിയുടെ പി എം ഐ ഇലക്ട്രോ മൊബിലിറ്റി എന്നീ പദ്ധതികളായിരുന്നു അവ.

Latest