Connect with us

International

മെക്‌സിക്കോയില്‍ അതിശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

Published

|

Last Updated

മെക്‌സിക്കോ സിറ്റി | മെക്‌സിക്കോയിലെ ദക്ഷിണ തീരങ്ങളില്‍ അതിശക്തമായ ഭൂകമ്പം. ഇതിനെ തുടര്‍ന്ന് കിലോമീറ്ററുകള്‍ അകലെയുള്ള തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയിലെ കെട്ടിടങ്ങള്‍ വരെ കുലുങ്ങി. ജനങ്ങള്‍ വീടുകളില്‍ നിന്നും മറ്റ് കെട്ടിടങ്ങളില്‍ നിന്നും ഇറങ്ങിയോടി. അധികൃതര്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഭൂകമ്പത്തെ തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല. ഓക്‌സാക പ്രവിശ്യയിലെ പസിഫിക് തീരത്ത് 7.4 തീവ്രതയുള്ള ഭൂകമ്പമാണ് ഉണ്ടായതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നാശഷ്ടങ്ങളെ സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലെന്നും ഓക്‌സാകയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്നും പ്രസിഡന്റ് ആന്ദ്രെസ് മാനുവല്‍ ലോപസ് ഒബ്രാഡോര്‍ അറിയിച്ചു.

പര്‍വതങ്ങള്‍ നിറഞ്ഞ പ്രവിശ്യയാണ് ഓക്‌സാക. കാപ്പിത്തോട്ടങ്ങള്‍ക്കും ബീച്ച് റിസോര്‍ട്ടുകള്‍ക്കും സ്പാനിഷ് കോളനി വാസ്തുകലകള്‍ക്കും പ്രസിദ്ധമാണ് ഇവിടം. മെസ്‌കിക്കോ, ഗ്വാട്ടിമാല, എല്‍ സാല്‍വദോര്‍, ഹോണ്ടുറാസ് രാജ്യങ്ങളിലാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. മെക്‌സിക്കോയില്‍ 2017ലുണ്ടായ ഭൂകമ്പത്തില്‍ 355 പേര്‍ മരിച്ചിരുന്നു. അന്നത്തെ തീവ്രത 7.1 ആയിരുന്നു.