Connect with us

Articles

ചരിത്രം ഇത്ര ചുട്ടുപൊള്ളിക്കുന്നതാരെ?

Published

|

Last Updated

1789നെ ഞാന്‍ ചരിത്രത്തില്‍ നിന്ന് ഉന്മൂലനം ചെയ്യുമെന്ന ഗീബല്‍സിന്റെ വളരെ കുപ്രസിദ്ധമായ ഒരു പ്രയോഗമുണ്ട്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യം ഉയര്‍ന്നുകേട്ട വര്‍ഷമാണത്. രാജകീയാധികാരത്തെ അട്ടിമറിച്ച് ജനങ്ങള്‍ അധികാരം കൈയേറിയതിന്റെ വിളംബരമാണ് 1789ലെ ഫ്രഞ്ച് വിപ്ലവം. ചരിത്രത്തിലെ ചുമരുകളില്‍ സ്വന്തം ജീവിതം കൊണ്ട് അവരെഴുതിവെച്ച മുദ്രാവാക്യമാണ് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നത്. ആ അര്‍ഥത്തില്‍ ലോക ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലിനെയാണ് 1789 പ്രതിനിധാനം ചെയ്യുന്നത്. ഗീബല്‍സിനോ കുടുംബക്കാര്‍ക്കോ ഹിറ്റ്‌ലര്‍ക്കോ എതിരെ 1789 ഒരു കുറ്റവും ചെയ്തിട്ടില്ല. മറിച്ച് ഗീബല്‍സിന് ഉള്‍പ്പെടെ സ്വന്തം ആശയങ്ങളവതരിപ്പിക്കാനുള്ള സൗകര്യമൊരുക്കിയത് പോലും പരോക്ഷമായി 1789ലെ ഈ വിപ്ലവമാണ്. ആ വിപ്ലവം നടന്നിരുന്നില്ലെങ്കില്‍ ഏതെങ്കിലും രാജകൊട്ടാരത്തില്‍ വിദൂഷകനായി ഗീബല്‍സിന്റെ ജീവിതം അവസാനിക്കുമായിരുന്നു. ഒരുപക്ഷേ, ഫാസിസത്തിന്റെ പ്രചാരണ മന്ത്രി എന്ന പദവിയേക്കാള്‍ ഗംഭീരമായിരിക്കാം അത് എങ്കിലും അന്നത്തെ സ്ഥാനത്തിരിക്കാന്‍ വഴിയൊരുക്കിയത് ഫ്രഞ്ച് വിപ്ലവമാണ്. ആ വിപ്ലവം സംഭവിച്ച 1789നെ ഞാന്‍ ചരിത്രത്തില്‍ നിന്ന് ഉന്മൂലനം ചെയ്യുമെന്നാണ് ഗീബല്‍സ് പറഞ്ഞത്. എന്നുവെച്ചാല്‍ ഫാസിസ്റ്റുകള്‍ വര്‍ത്തമാനകാലത്തെ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പ്രതികരണത്തെ മാത്രമല്ല, ഭൂതകാലത്തില്‍ പൊരുതി മരിച്ച ധീരമനുഷ്യരുടെ സ്മരണയെയും ഭയപ്പെടുന്നവരാണ്. ചത്ത വിവരങ്ങളുടെയും വസ്തുതകളുടെയും ഒരു ചുരുക്കെഴുത്ത് എന്ന നിലയിലുള്ള നിഷ്‌ക്രിയമായ ചരിത്രത്തിലാണ് അവര്‍ക്ക് താത്പര്യം. വര്‍ത്തമാനത്തിലേക്കും ഭാവിയിലേക്കും വെളിച്ചം പകരുന്ന, ചരിത്രത്തിലേറ്റവും ദീപ്തമായ സന്ദര്‍ഭങ്ങളെ നിരന്തരം ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതുകൊണ്ട് ചരിത്രമെന്നുള്ളത് ചെറുത്തുനില്‍പ്പിന് ചവിട്ടി നില്‍ക്കാനുള്ള ഉറപ്പുള്ള ഒരു ഭൂമിയാണ്. അത് കീഴ്‌മേല്‍ മറിക്കാന്‍ കഴിഞ്ഞാല്‍ പ്രതിരോധങ്ങളെയാകെ ഇല്ലാതാക്കാന്‍ കഴിയുമെന്ന വലിയൊരു ഫാസിസ്റ്റ് തത്വമാണ് ഫാസിസ്റ്റുകളുടെ ചരിത്ര വിദ്വേഷത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലും നവ ഫാസിസ്റ്റുകള്‍ എല്ലാ കാലത്തും കൂടുതല്‍ വേട്ടയാടിയിട്ടുള്ളത് ചരിത്ര പ്രതിഭകളെയും ചരിത്ര യാഥാര്‍ഥ്യങ്ങളെയുമാണ്. അത്തരമൊരു പശ്ചാത്തലത്തിലാണ്, അതായത് ഫാസിസ്റ്റുകള്‍ നടത്തുന്ന ചരിത്രവേട്ടയുടെ തുടര്‍ച്ചയിലാണ് ഇപ്പോള്‍ വാരിയന്‍കുന്നത്തിനെ കുറിച്ചുള്ള സിനിമക്കെതിരെ അവരുടെ പ്രതികരണം പുറത്തുവരുന്നത്.

നേരത്തേ പത്മാവതി എന്ന സിനിമ വന്നപ്പോള്‍ ഏറ്റവും വിചിത്രമായ യുക്തിയാണ് ഇന്ത്യയിലെ സങ്കുചിത താത്പര്യക്കാര്‍ അതിനെതിരെ ഉന്നയിച്ചത്. ഒരു മുസ്‌ലിം രാജാവ് പത്മാവതി എന്ന ഹിന്ദു യുവതിയെ സ്വപ്‌നത്തില്‍ കണ്ടു. ഹിന്ദു രാജ്ഞിയെ മുസ്‌ലിം രാജാവ് സ്വപ്‌നത്തില്‍ കണ്ടുവെന്നത് വലിയ കുറ്റകൃത്യമായി കാണുകയും പത്മാവതി സിനിമക്കെതിരെ പുകപടലം സൃഷ്ടിക്കുകയും ചെയ്തു അവര്‍. ഭൂതകാലത്തിലെ സമരങ്ങള്‍ മാത്രമല്ല വര്‍ത്തമാനകാല മനുഷ്യര്‍ കാണുന്ന സ്വപ്‌നങ്ങള്‍ പോലും സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം ഭയം ജനിപ്പിക്കുന്നു.

സമാനതകളില്ലാത്ത സമര ധീരതയുടെ കേരളീയ സ്മരണ ഏറ്റവും ജ്വലിക്കുന്ന മഹാ സാന്നിധ്യമാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് മുന്നില്‍ അവര്‍ക്ക് സ്വപ്‌നം കാണാനാകാത്ത മറ്റൊരു സമര സൂര്യനായി കത്തിജ്വലിച്ചുനിന്നു അദ്ദേഹം. സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ മുന്നളിപ്പോരാളിയായി നില്‍ക്കുമ്പോള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പിടിച്ച് തീപ്പെട്ടിക്കൂടിനുള്ളിലാക്കാമെന്ന വിചാരമൊന്നും വാരിയന്‍കുന്നത്തിനെ പോലുള്ള സമരയോദ്ധാക്കള്‍ക്ക് ഉണ്ടായിരുന്നില്ല. യാഥാര്‍ഥ്യ ബോധമുള്ളവരായിരുന്നു അവര്‍. ലോകത്തിലെ തന്നെ വലിയൊരു സൈനിക ശക്തിയോടാണ്, സാമ്രാജ്യത്വ ശക്തിയോടാണ് പറയത്തക്ക ഒരായുധവുമില്ലാതെ തങ്ങള്‍ പൊരുതുന്നതെന്ന് അവര്‍ക്കറിയാം. മാത്രമല്ല, ഇതുകൊണ്ട് ഇന്ത്യയിലെ സാമ്രാജ്യത്വം ഉടന്‍ അവസാനിക്കുമെന്നും അവര്‍ കരുതിയിട്ടില്ല. എന്നാല്‍ സാമ്രാജ്യത്വത്തിന്റെ അധികാര കോട്ടകള്‍ക്കുള്ളില്‍ തങ്ങളുടെ സമരം ഇടിമുഴക്കം സൃഷ്ടിക്കുമെന്നും അവര്‍ പതറുമെന്നും ഇന്നല്ലെങ്കില്‍ നാളെ ഈ സമര ധീരരുടെ മുന്നില്‍ നിന്ന് അവര്‍ക്ക് ഓടിരക്ഷപ്പെടേണ്ടി വരുമെന്നും അവര്‍ക്കറിയാമായിരുന്നു. സാമ്രാജ്യത്വത്തിനെതിരെ പൊരുതുന്നത് തന്നെയാണ് വിജയത്തിന്റെ ഒന്നാം ഘട്ടം. ആ സമരത്തില്‍ ജയിക്കുന്നോ തോല്‍ക്കുന്നോ എന്നത് രണ്ടാം ഘട്ടമാണ്. കാരണം സമരം ഒരു വ്യക്തിയിലോ സമൂഹത്തിലോ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്നതല്ല, അതിന് തുടര്‍ച്ച ഉണ്ടാകുമെന്നതാണ് സമരത്തെ കുറിച്ചുള്ള ബാലപാഠം. അതുകൊണ്ട് ഇന്ന് സമരം ചെയ്ത് നാളെ വിജയം നേടി മറ്റന്നാള്‍ ആഘോഷിക്കുകയെന്നതൊക്കെ ഒരു പൈങ്കിളി ഭാവനയാണ്.

1921ന് മുമ്പ് വേലുത്തമ്പിയുടെയും പഴശ്ശിയുടെയും സമരങ്ങളുണ്ട്. ആറ്റിങ്ങല്‍ സമരമുണ്ട്. 1921ന് ശേഷം നിരവധി കര്‍ഷക സമരങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച സമരങ്ങളുണ്ട്. പക്ഷേ, ആ സമരങ്ങളൊക്കെ മഹത്തമായിരിക്കെ തന്നെ അതില്‍ നിന്ന് പൂര്‍ണമായും വേറിട്ടുനിന്ന സമരമെന്ന അര്‍ഥത്തിലാണ് 1921ലെ മലബാര്‍ സമരം ഇന്നും ഇന്ത്യാ ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്നത്. ലോകം ശ്രദ്ധിച്ച ഇന്ത്യന്‍ സമരം എന്ന നിലയില്‍ അതിനെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. റഷ്യയിലിരുന്ന് ലെനിന്‍ ഈ സമരത്തെ ശ്രദ്ധിച്ചു. 1921ലെ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ആകെ കര്‍ഷക സമരങ്ങളെ കുറിച്ചുള്ള ഒരു ഗ്രന്ഥം താങ്കള്‍ തയ്യാറാക്കണമെന്ന് റഷ്യയിലിരുന്ന് ഇന്ത്യക്കാരനായ അബനീ മുഖര്‍ജിയോട് ലെനിന്‍ ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ട് ലോകം ശ്രദ്ധിച്ച ഒരു സമരമാണിത്. അതിന്റെ ധീരനായകരില്‍ ഒരാളാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

വാരിയന്‍കുന്നത്തിനെ കുറിച്ച് നിരവധി ഡോക്യുമെന്ററികളും സിനിമകളും കഥകളും നോവലുകളും കവിതകളും എന്നോ ഉണ്ടാകേണ്ടതായിരുന്നു. അങ്ങനെ ഉണ്ടാകാത്തതോര്‍ത്ത് മലയാളി ലജ്ജിക്കുകയാണ് വേണ്ടത്. ഈ പശ്ചാത്തലത്തിലാണ് 1921ന്റെ ഒരു നൂറ്റാണ്ടിന്റെ സ്മരണ പശ്ചാത്തലമാക്കി ഒരു കലാവിഷ്‌കാരം മലയാളത്തില്‍ വരുന്നുവെന്ന പ്രഖ്യാപനമുണ്ടായതും സംഘ്പരിവാര്‍ പ്രകോപിതരായി രംഗത്തെത്തുന്നതും.

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള ധീരര്‍ പൊരുതി മരിച്ച മണ്ണില്‍ ജീവിക്കാനാകുന്നുവെന്നത് തന്നെ ഓരോ മലയാളിയുടെയും അഭിമാനമായി മാറേണ്ടതാണ്. അതേസമയം, അതിനെ അപമാനിക്കുന്ന പ്രവണതയാണ് സംഘ്പരിവാര്‍ നടത്തുന്നത്. കാരണം ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തതിന്റെ ചരിത്രമാണ് അവരുടേത്. അതുകൊണ്ട് തന്നെ ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ പൊരുതി മരിച്ച ധീര രക്തസാക്ഷികളും ആ പോരാട്ടം പലരീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്ന ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യരും അവരില്‍ അസ്വസ്ഥത നിറക്കുന്നു. അതുകൊണ്ട് ചരിത്ര സ്മരണകളെ ആവിഷ്‌കരിക്കുമ്പോള്‍ സംഘ്പരിവാറിന് തീര്‍ച്ചയായും പൊള്ളിയിരിക്കും. അതിന്റെ പേരില്‍ അവര്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മുഖത്ത് കാര്‍ക്കിച്ച് തുപ്പരുത്.

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പെടെയുള്ള സമര യോദ്ധാക്കളെ അടയാളപ്പെടുത്തുന്നതില്‍ നമുക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് സംഭവിച്ച ആ വീഴ്ചകളെ മുതലെടുത്ത് കൊണ്ട് കൂടിയാണ് ഇന്ത്യയിലെ ഫാസിസ്റ്റുകള്‍ ജനാധിപത്യത്തിന്റെ നെഞ്ചത്ത് നൃത്തം ചെയ്യുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമെന്ന് കൃത്യമായും വിളിക്കാവുന്നതാണ് 1921ലെ ഈ സമരം. കാര്‍ഷിക സമരമെന്നും മലബാറിലെ ജനജീവിതത്തെയാകെ ഇളക്കിമറിച്ച പോരാട്ടമെന്നും സവര്‍ണാധിപത്യത്തിനെതിരെ ഇന്ത്യയിലെ അധഃസ്ഥിതര്‍ നടത്തിയ ചെറുത്തുനില്‍പ്പെന്നും ഈ സമരത്തെ അടയാളപ്പെടുത്താവുന്നതാണ്. വ്യത്യസ്ത രീതിയില്‍ വിശകലനം ചെയ്യാവുന്ന ഈ സമരത്തെ കുറിച്ച് ഗവേഷണ പഠനങ്ങള്‍ നിരവധി നടന്നിട്ടുണ്ട്. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പണ്ഡിതനായിരുന്ന കോണ്‍ട്രാഡ് വുഡ്, റഷ്യന്‍ ഇന്റോളജിസ്റ്റായിരുന്ന ഗ്രിഗറി കുട്ടോവ്‌സ്‌കി, രവീന്ദ്രനാഥ ടാഗോറിന്റെ സഹോദരനായിരുന്ന സൗമ്യേന്ദ്രനാഥ ടാഗോര്‍, മലയാളിയായ ഡോ. കെ എന്‍ പണിക്കര്‍, ഡോ. എന്‍ ഗംഗാധരന്‍ ഉള്‍പ്പെടെയുള്ള അക്കാദമീഷ്യന്‍മാര്‍ ഈ സമരത്തെ കുറിച്ച് സൂക്ഷ്മമായ കാര്യങ്ങള്‍ ഗവേഷണത്തിലൂടെ മുന്നോട്ടുവെച്ചിട്ടുണ്ട്. അതുപോലെ തന്നെ വളരെ പ്രശസ്തമായ നിരവധി പഠനങ്ങള്‍ മലബാര്‍ വിപ്ലവത്തെ കുറിച്ച് ഉണ്ടായിട്ടുണ്ട്.

1946 ആഗസ്റ്റില്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ ഐതിഹാസിക പ്രഭാഷണത്തില്‍, മലബാറിലെ മാപ്പിളമാര്‍ നടത്തിയ ഐതിഹാസിക സമരത്തെ കുറിച്ചോര്‍ത്ത് നിങ്ങള്‍ക്ക് കോരിത്തരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങളൊരു യഥാര്‍ഥ ജനാധിപത്യവാദിയല്ല എന്ന് എ കെ ജി തുറന്നടിക്കുന്നുണ്ട്. ഈ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ പേരില്‍, ഈ സമരം നടത്തിയ മാപ്പിളമാരെ അഭിവാദ്യം ചെയ്തതിന്റെ പേരില്‍ എന്നെ തൂക്കിക്കൊല്ലുകയാണെങ്കില്‍ തൂക്കിക്കൊന്നോളൂ എന്ന് എ കെ ജി പറയുന്നുണ്ട്. ഈ പ്രഭാഷണത്തിന്റെ പേരില്‍ പിന്നീട് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. അതുപോലെ ഈ സമരത്തെ കുറിച്ച് തെറ്റായി പ്രചരിപ്പിക്കപ്പെട്ട കാര്യങ്ങളെ ഇ എം എസ് പൊളിച്ചടുക്കുന്നുണ്ട്. അതായത് ഹിന്ദു സമൂഹത്തെ വേട്ടയാടാനുള്ള ഒരു സമരമെന്ന രീതിയിലാണ് സംഘ്പരിവാര്‍ മലബാര്‍ സമരത്തെ വിശേഷിപ്പിക്കുന്നത്. ആ പ്രചാരണം എന്നും ഉണ്ടായിരുന്നു. മലബാര്‍ വിപ്ലവത്തിന്റെ ഭാഗമായി ഇ എം എസിന്റെ കുടുംബം സമരം നടക്കുന്ന സ്ഥലമായ മലബാറില്‍ നിന്ന് മാറിത്താമസിക്കുകയുണ്ടായി. ആറ് മാസം കഴിഞ്ഞ് വരുമ്പോള്‍ അവരുടെ ഇല്ലത്തിനോ ചുറ്റുമുള്ള ഇല്ലങ്ങള്‍ക്കോ ഒരു പോറല്‍ പോലും ഏറ്റിരുന്നില്ല. അത് ചൂണ്ടിക്കാണിച്ച് സംഘ്പരിവാര്‍ പ്രചാരണത്തെ ഇ എം എസ് തുറന്നുകാണിക്കുന്നുണ്ട്.

അതേസമയം, ചില സ്ഥലങ്ങളില്‍ ഈ സമരം ഉദ്ദേശിച്ച ലക്ഷ്യത്തില്‍ നിന്ന് വഴുതിപ്പോയെന്നും ഇ എം എസ് നിരീക്ഷിക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് മലബാര്‍ സമരത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്ര പ്രസിദ്ധമായ ഒരു ഡോക്യൂമെന്ററി- മലബാര്‍ കലാപം ആഹ്വാനവും താക്കീതും- പുറത്തിറക്കുന്നത്. അതായത് സമരത്തിന്റെ സാമ്രാജ്യത്വ വിരുദ്ധതയും ജന്മിത്വ വിരുദ്ധതയും ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് കേരളീയ സമൂഹം മുന്നോട്ടുപോകണം, അതാണ് ഈ സമരം നല്‍കുന്ന ആഹ്വാനം. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ചില വഴുക്കലുകള്‍ ഉണ്ടായിട്ടുണ്ട്. അത് ഒരു മഹത്തായ സമരത്തില്‍ പാടില്ലാത്തതാണ്. അത് സംഭവിച്ചതിനെ നമ്മള്‍ വിമര്‍ശനപരമായി കാണണം. അത് ആവര്‍ത്തിക്കരുതെന്നാണ് താക്കീത്. പക്ഷേ, അതില്‍ തന്നെ ഇ എം എസ് സൂചിപ്പിക്കുന്ന ഒരു കാര്യമുണ്ട്, ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് ഈ സമരത്തെ ചിലയിടത്തെങ്കിലും അപൂര്‍വമായി വഴിതെറ്റിച്ചത്. ഈ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനായിരുന്നു ബ്രിട്ടീഷ് താത്പര്യം. അതിന് വേണ്ടി ഹിന്ദു ജന്മിമാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി അവരെ കൂടെ നിര്‍ത്തുകയും ചെയ്തു. അങ്ങനെ ചില ജന്മിമാര്‍ ഈ സമരത്തെ ഒറ്റിക്കൊടുക്കുന്ന പശ്ചാത്തലത്തിലാണ് സംഭവിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങളിലേക്ക് ഈ ലഹള അപൂര്‍വമായി വഴുക്കിപ്പോയത്.

മലബാര്‍ സമരത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇന്ന് വ്യാപകമാണ്. സമരത്തെ കുറിച്ച് കൃതികള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ മുഖ്യധാര എന്ന് പറയുന്ന പ്രസിദ്ധീകരണങ്ങളില്‍ അധികം വന്നിട്ടില്ല. 1944ല്‍ കമ്പളത്ത് ഗോവിന്ദന്‍ നായര്‍ എഴുതിയ ഏറനാടിന്‍ ധീരമക്കള്‍ എന്ന അതിപ്രശസ്തമായ കവിതയുണ്ട്. അതെഴുതിയ ആള്‍ കമ്മ്യൂണിസ്റ്റുകാരനും അധ്യാപകനുമായിരുന്നു. കവിതയെഴുതിയതിന്റെ പേരില്‍ ജോലി നഷ്ടപ്പെടുകയും ചെയ്തു. കവിത അച്ചടിച്ച് വന്ന ദേശാഭിമാനി കണ്ടുകെട്ടി. കമ്പളത്ത് ഗോവിന്ദന്‍ നായര്‍ക്കെതിരെയും പാര്‍ട്ടിക്കെതിരെയും വലിയ മര്‍ദനങ്ങള്‍ അഴിച്ചുവിട്ടു. ആ കവിത നമ്മുടെ സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനത്തിന് വല്ലപ്പോഴെങ്കിലും ആലപിക്കാന്‍ കഴിയേണ്ടതായിരുന്നു. അങ്ങനെ തുടക്കം മുതല്‍ തന്നെ ഈ സമരത്തിന്റെ സന്ദേശങ്ങള്‍ കേരളീയ സമൂഹത്തില്‍ ജനാധിപത്യപരമായി നിരന്തരം ആവര്‍ത്തിക്കപ്പെട്ടിരുന്നുവെങ്കില്‍ സംഘ്പരിവാറിന് കേരളത്തില്‍ ഇത്തരമൊരു പ്രചാരണം അഴിച്ചുവിടാന്‍ കഴിയില്ലായിരുന്നു. കമ്പളത്ത് ഗോവിന്ദന്‍ നായരുടെ കവിതയില്‍ പറയുന്നുണ്ട്, എന്താണ് ലഹളയുണ്ടാകാന്‍ കാരണമെന്ന്. നമ്മളുണ്ടാക്കുന്ന നെല്ല്/ ജന്മിമാരെ തീറ്റുവാന്‍/ സമ്മതിക്കില്ലെന്നതാണ്/ ഹേതു ഏറ്റുമുട്ടുവാന്‍.
മലബാര്‍ സമരത്തെ കുറിച്ചുള്ള ഗവേഷകരുടെ പഠനങ്ങള്‍ നമ്മുടെ മുന്നിലുണ്ട്, ഇന്നും ജീവിച്ചിരിക്കുന്ന ആ സമരത്തിന്റെ പിന്മുറക്കാരുടെ സ്മരണകള്‍ നമ്മുടെ മുന്നിലുണ്ട്, ചരിത്ര രേഖകള്‍ നമ്മുടെ മുന്നിലുണ്ട്, എന്നിട്ടും ഈ ചരിത്രത്തെ ചോരയില്‍ മുക്കിക്കൊന്ന ഹിച്ച് കോക്കിന്റെ കാഴ്ചപ്പാടാണ് സംഘ്പരിവാറിലൂടെ കേരളത്തില്‍ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

Latest