Kerala
ജമാഅത്ത് സഖ്യം: ലീഗിന്റെ പരസ്യനീക്കത്തിന് പൂട്ടിട്ട് കോൺഗ്രസ്
കോഴിക്കോട് | ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടിയുമായി തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ പരസ്യമായി സഖ്യം ചേരാനുള്ള മുസ്‌ലിം ലീഗിന്റെ നീക്കത്തിന് കോൺഗ്രസിന്റെ പൂട്ട്. ഇതോടെ യു ഡി എഫിൽ മാന്യമായ പരിഗണന കിട്ടുമെന്ന ജമാഅത്തിന്റെ മോഹവും മുന്നണി ബാഹ്യ രാഷ്ട്രീയ ബന്ധമെന്ന ലീഗിന്റെ സ്വപ്‌നവും ത്രിശങ്കുവിലായി.
ജമാഅത്തുമായി സഖ്യമുണ്ടാക്കുമെന്ന ലീഗിന്റെ പരസ്യ പ്രഖ്യാപനം കോൺഗ്രസ് നേതൃത്വത്തിൽ ഞെട്ടലുളവാക്കിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ അറിവോടെയായിരുന്നു പ്രഖ്യാപനമെങ്കിലും മറ്റു നേതാക്കൾക്ക് അത് ഉൾക്കൊള്ളാനായില്ല.
ലീഗിന്റെ പരസ്യ പ്രഖ്യാപനത്തിനു ശേഷം വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ളവർ കോൺഗ്രസ് നേതാക്കളുമായി കർക്കശ സ്വഭാവത്തോടെ ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയെന്നാണ് വിവരം. അതിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതൃത്വം ഇടപെട്ട് ഇക്കാര്യത്തിൽ ഇനി പരസ്യമായ പ്രതികരണം ഉണ്ടാകുന്നത് നല്ലതല്ലെന്ന് ലീഗ് നേതൃത്വത്തെ അറിയിച്ചത്.
ചൊവ്വാഴ്ച ചേർന്ന മുസ്‌ലിം ലീഗ് നാഷനൽ പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി യോഗത്തിനായി മലപ്പുറം ലീഗ് ഹൗസിൽ സമ്മേളിച്ച പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബശീർ, എം പി അബ്ദുസ്സമദ് സമദാനി, സാദിഖലി ശിഹാബ് തങ്ങൾ, കെ പി എ മജീദ് എന്നിവർ ഈ വിഷയത്തിൽ കോൺഗ്രസ് നിലപാട് പ്രതികൂലമാണെന്ന കാര്യം അനൗപചാരികമായി ചർച്ച ചെയ്തിരുന്നുവെന്നാണ് വിവരം.
ജമാഅത്തെ ഇസ്‌ലാമിയെ കൂടെ നിർത്തിയാൽ ന്യൂനപക്ഷവിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള അവരുടെ അച്ചടി, ദൃശ്യമാധ്യമങ്ങളുടെ പൂർണ പിന്തുണ യു ഡി എഫിന് ഉറപ്പിക്കാൻ കഴിയുമെന്ന കാര്യമാണ് പ്രധാനമായും കെ പി എ മജീദ് ഉയർത്തിയതെന്നും വിവരമുണ്ട്.
എന്നാൽ, ഇക്കാര്യത്തിൽ കോൺഗ്രസ് ഉയർത്തുന്ന ആശങ്കകൾ ഗൗരവമുള്ളതാണെന്ന് മറ്റു നേതാക്കൾ ചൂണ്ടിക്കാട്ടി. ജമാഅത്ത് സഖ്യത്തിനെതിരെ പാർട്ടിയിലെ യുവനിര ഉയർത്തുന്ന എതിർപ്പ് അവസാനിപ്പിക്കാൻ കഴിഞ്ഞാലും കോൺഗ്രസിനെ അനുനയിപ്പിക്കാൻ പാടുപെടേണ്ടിവരുമെന്നാണ് ലീഗ് കാണുന്നത്.
യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ ഇന്നലെ കോഴിക്കോട് ചേർന്ന വാർത്താ സമ്മേളനത്തിൽ ഇതു സംബന്ധിച്ച ചോദ്യങ്ങളോട് കരുതലോടെയാണ് നേതാക്കൾ പ്രതികരിച്ചത്.
ബന്ധമുണ്ടെങ്കിൽ പരസ്യമായി വേണമെന്നും രഹസ്യമായ നീക്കുപോക്കിൽ താത്പര്യമില്ലെന്നും ജമാഅത്ത് നേതൃത്വം മുന്നോട്ടുവെച്ച വ്യവസ്ഥക്ക് ലീഗ് സമ്മതം മൂളിയ സാഹചര്യത്തിൽ ഇറക്കാനും തുപ്പാനും കഴിയാത്ത അവസ്ഥയിലാണ് ലീഗെന്ന് നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നു.
സഖ്യ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം മുന്നോട്ടുവെച്ച ആശങ്കകൾക്ക് മറുപടി നൽകാൻ ലീഗിന് ബുദ്ധിമുട്ടായിരിക്കും. ജമാഅത്തുമായി പരസ്യമായി സഖ്യം ഉണ്ടായാൽ യു ഡി എഫിനെ പിന്തുണക്കുന്ന ഭൂരിപക്ഷ സമുദായത്തിൽ നിന്ന് വലിയൊരു കൊഴിഞ്ഞുപോക്കുണ്ടാകുമെന്നും അത് ബി ജെ പി ഫലപ്രദമായി ഉപയോഗപ്പെടുത്തുമെന്നതുമാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിട്ടുള്ള പ്രധാന ആശങ്ക.
കാലാകാലങ്ങളായി യു ഡി എഫിനെ പിന്തുണച്ചുകൊണ്ടിരിക്കുന്ന വിവിധ മുസ്‌ലിം സമുദായ സംഘടനകൾ, ജമാഅത്തുമായുള്ള പരസ്യ സഖ്യത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചു എന്നാണ് കോൺഗ്രസ് നേതാക്കൾ ലീഗ് നേതാക്കളെ അറിയിച്ചത്.
ധാരണ പരസ്യമാണെങ്കിൽ ഈ സംഘടനകളുടെ പ്രതികരണവും വൈകാതെ പരസ്യമായി വരും എന്നും മുന്നറിയിപ്പുണ്ട്. ജമാഅത്തിന് കാര്യമായ വോട്ട് ബേങ്ക് എവിടെയും ഇല്ലെങ്കിലും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില തദ്ദേശ ഭരണ സീറ്റുകളിൽ വിജയം നിർണയിക്കാനുള്ള ശേഷി അവർക്കുണ്ടെന്നാണ് ലീഗ് കരുതുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തി അതുപയോഗിച്ച്, കൂടുതൽ നിയമസഭാ സീറ്റിനുവേണ്ടി കോൺഗ്രസുമായി വിലപേശൽ നടത്താനാണ് ലീഗ് ആലോചിക്കുന്നത്. അതേ സമയം, മുന്നണി നേതൃത്വത്തിന്റെ അനുമതിയില്ലാതെ യു ഡി എഫിലെ ഒരു ഘടക കക്ഷി മുന്നണി ബാഹ്യ ബന്ധങ്ങളുണ്ടാക്കുന്നത് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.