National
എല്ലാ പരസ്പര ധാരണകളും കാറ്റില്‍ പറത്തുകയാണ് ചൈനീസ് സൈന്യമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി | എല്ലാ പരസ്പര ധാരണകളും വ്യവസ്ഥകളും പൂര്‍ണമായും അവഗണിക്കുന്ന പെരുമാറ്റമാണ് ചൈനീസ് സൈന്യത്തിനെന്ന് വിദേശകാര്യ മന്ത്രാലയം. മുന്‍വര്‍ഷങ്ങളില്‍ ഇടക്കിടെ ഇത്തരം ലംഘനങ്ങളുണ്ടായിരുന്നെങ്കിലും ഈ വര്‍ഷമത് വര്‍ധിച്ചതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ലഡാക്കിലെ ഗല്‍വാന്‍ വാലിയില്‍ ചൈനീസ് സൈന്യം നിര്‍മാണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതും അംഗബലം വര്‍ധിപ്പിച്ചതുമെല്ലാം പ്രശ്‌നത്തിന്റെ മര്‍മമാണെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ജൂണ്‍ ആറിലെ കരാറിന്റെ ലംഘനമാണ് നിര്‍മാണ പ്രവൃത്തികള്‍. യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍ എ സി) മാനിക്കുമെന്ന് ഇരുപക്ഷവും തീരുമാനിച്ചതുമാണ്. എന്നാല്‍, അതിന് ശേഷവും നിയന്ത്രണ രേഖക്ക് ഇരു ഭാഗത്തും ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം തെളിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. മാത്രമല്ല, ഇവിടെ നിര്‍മാണ പ്രവൃത്തികളും ശക്തമാക്കിയിട്ടുണ്ട് ചൈന.
നിയന്ത്രണ രേഖയിലുടനീളം മെയ് മാസം സൈനിക, ആയുധ ശേഷി വര്‍ധിപ്പിച്ചിരിക്കുകയാണ് ചൈന. ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ നയതന്ത്ര കരാറുകളുടെ ലംഘനമാണിത്. പ്രത്യേകിച്ച് നിയന്ത്രണ രേഖയിലെ സമാധാനം കാത്തുസൂക്ഷിക്കുകയെന്ന 1993ലെ പ്രധാന കരാറിന് യോജിച്ചതല്ല ഇതെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.