Covid19
മക്ക ഐ സി എഫിന്റെ ഒരു മാസം നീണ്ടുനില്‍ക്കുന്ന രക്തദാന ക്യാമ്പയിന് തുടക്കമായി
മക്ക | കൊവിഡ്- 19 കാലത്തെ രൂക്ഷമായ രക്ത ദൗര്‍ലഭ്യതക്ക് പരിഹാരമെന്നോണം, മക്ക ഐ സി എഫിന്റെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന രക്ത ദാന ക്യാമ്പയിന് തുടക്കമായി. രക്തദാതാക്കളുടെ കൂട്ടായ്മ രൂപവത്കരിച്ചാണ് ഈ പദ്ധതി. രോഗ ഭീതി മൂലം ആശുപത്രികളില്‍ രക്ത ദാതാക്കളുടെ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലാണിത്.
മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റി സ്‌പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പയിന്‍ നടത്തുന്നത്. കൊറോണ കാരണം ഇടവിട്ട ദിവസങ്ങളിലും സമയങ്ങളിലും നിശ്ചിത ദാതാക്കളുടെ രക്തം മാത്രമേ സ്വീകരിക്കൂ. മക്ക ഐ സി എഫ് സാന്ത്വന വിഭാഗത്തിന് കീഴില്‍ 24 യൂനിറ്റുകളിലെ പ്രവര്‍ത്തകരില്‍ നിന്നാണ് രക്ത ദാതാക്കളെ കണ്ടെത്തിയത്. ആദ്യം രജിസ്‌ട്രേഷന്‍ നടത്തി സൗകര്യത്തിനനുസരിച്ച് ദാതാക്കളെ വിവരമറിയിച്ചാണ് രക്തദാനം നടത്തുന്നത്. ആശുപത്രിയിലെ രക്ത ബേങ്ക് ടെക്‌നീഷ്യന്‍ പി കെ ജംശാദാണ് രക്തദാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
ഐ സി എഫിന്റെ ഈ കാരുണ്യ പ്രവര്‍ത്തനം വലിയ ആശ്വാസമാണ് നല്‍കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഐ സി എഫ് സെന്‍ട്രല്‍ നേതാക്കളായ ഹുസൈന്‍ ഹാജി കൊടിഞ്ഞി, അശ്‌റഫ് വയനാട്, ശുഹദ യൂനിറ്റ് ഭാരവാഹികളായ എ പി റഫീഖ്, എം പി അഫ്‌സല്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ രക്തദാനം നടത്തി. സെന്‍ട്രല്‍ പ്രസിഡന്റ് സയ്യിദ് ബദ്‌റുദ്ദീന്‍ ബുഖാരി, ജനറല്‍ സെക്രട്ടറി ശാഫി ബാഖവി, സാന്ത്വനം ടീമംഗങ്ങളായ സിറാജ് വില്യാപ്പള്ളി, യഹ്‌യ ആസഫലി, ഹംസ മേലാറ്റൂര്‍, കെ എം കാവനൂര്‍, അസീസ് കക്കാട് സംബന്ധിച്ചു.