Gulf
ദുബൈയിൽ കൊറോണ നിയന്ത്രണവിധേയമാകുന്നു; ജനജീവിതം സാധാരണ നിലയിലേക്ക്
ദുബൈ | യു എ ഇയിൽ കൊറോണ മഹാമാരി നിയന്ത്രണവിധേയമാകുന്നതായി റിപ്പോർട്ട്. ഭരണാധികാരികളുടെ അവസരോചിതമായ ഇടപെടലുകളും രാജ്യത്തെ വിവിധ ആരോഗ്യവകുപ്പുകളുടെ മുന്നിൽനിന്നുള്ള അവിശ്രമ പോരാട്ടവും സ്വദേശികളും വിദേശികളുമായ രാജ്യത്തെ ജനങ്ങളുടെ പൂർണ സഹകരണവുമാണ് മഹാമാരി നിയന്ത്രണവിധേയമാകാനിടയാക്കിയത്
ഗൾഫ് രാജ്യങ്ങളിൽ ആദ്യമായി കൊറോണ വൈറസ് സാന്നിധ്യം ഉണ്ടായത് യു എ ഇയിലായിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി പുറംലോകവുമായി കൂടുതൽ ബന്ധപ്പെടുന്ന രാജ്യമാണ് യു എ ഇ എന്നതായിരുന്നു അതിന്റെ കാരണം. എന്നാൽ, വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച ആദ്യനാൾ മുതൽ തന്നെ അന്താരാഷ്ട്ര നിലവാരമുള്ള ക്വാറൻറൈൻ സംവിധാനങ്ങളും പ്രതിരോധ ചികിത്സാ സൗകര്യങ്ങളും ഒരുക്കുന്നതിൽ ഭരണാധികാരികൾ ജാഗ്രത കാണിച്ചു.
മണിക്കൂറിൽ നൂറുകണക്കിനാളുകൾക്ക് രോഗനിർണയം നടത്താൻ സൗകര്യമുള്ള പരിശോനാകേന്ദ്രങ്ങൾ, ആയിരക്കണക്കിനാളുകളെ ഒരുമിച്ചു കിടത്താവുന്ന ഫീൽഡ് ആശുപത്രികൾ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ രാജ്യത്തിൻറെ വിവിധ സ്ഥലങ്ങളിൽ നിർമിച്ചു. ഇതിൻറെ ഭാഗമായി ദുബൈ കൺവെൻഷൻ സെൻറർ, അബുദാബി കൺവെൻഷൻ സെൻറർ (അഡ്‌നിക്) എന്നിവിടങ്ങളിൽ വിശാലമായ ആശുപത്രികൾ നിർമിക്കപ്പെട്ടു.
ഏതു പ്രതിസന്ധി ഘട്ടങ്ങളെയും നേരിടാൻ രാജ്യത്തെ മെഡിക്കൽ രംഗത്തുള്ളവരെ ബന്ധപ്പെട്ട അതോറിറ്റികൾ തയ്യാറാക്കി. ഇന്ത്യയിലുൾപ്പെടെ അവധിക്കുപോയ യു എ ഇ വിസയുള്ള മെഡിക്കൽ വിദഗ്ധരെ രാജ്യത്തേക്ക് തിരിച്ചുവിളിക്കുകയും ചെയ്തു.
തുടർച്ചയായി ജോലിയെടുക്കാൻ പൊതുവെ ‘മടിയൻമാരെന്ന്” ചിലർ വിധിയെഴുതിയ സ്വദേശികൾ പോലും 14ഉം 16ഉം മണിക്കൂറുകൾ തുടർച്ചയായി ജോലിചെയ്യുകയും കയ്യെത്തും ദൂരത്തുള്ള സ്വന്തം കൂടുംബത്തിലേക്ക് പോകാതെ ക്വാറൻറൈൻ സെൻററിലേക്ക് പോയി രണ്ടാം ദിവസവും ഡ്യൂട്ടിക്കെത്തുകയും ചെയ്ത്, സമൂഹത്തിന്റെ ആരോഗ്യത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചു. വൈറസ് സ്ഥിരീകരിച്ചവരെ മാനസികമായി പിന്തുണക്കാനും ഇല്ലാത്തവരെ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കാനും ആരോഗ്യവകുപ്പുകൾ നിരന്തരം ഇടപെട്ടു.
അവസാനം ഭരണാധികാരികളുടെയും രാജ്യത്തെ ജനങ്ങളുടെയും ഒന്നിച്ചുള്ള പോരാട്ടം വിജയം കണ്ടിരിക്കുന്നു. അരലക്ഷത്തോളം ആളുകളെ പരിശോധിക്കുമ്പോൾ പോസിറ്റീവ് കേസുകൾ വളരെ കുറവ് മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ കണക്ക് തീർത്തും പ്രവാസികളടക്കമുള്ള രാജ്യത്തെ ജനങ്ങൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. എന്തു വിലകൊടുത്തും നാടയണമെന്ന് തീവ്രമായി ചിന്തിച്ചിരുന്നവരൊക്കെ ഇവിടെത്തന്നെ പിടിച്ചുനിൽക്കാമെന്നും ജീവിതം പച്ചപിടിപ്പിക്കാമെന്നുമുള്ള മാനസികാവസ്ഥയിലേക്ക് മാറിയിരിക്കുന്നു.