Covid19
കൊവിഡിനെ തുരത്താൻ ജൈവകെണികളുമായി ശാസ്ത്രജ്ഞർ
ന്യൂഡൽഹി| കൊവിഡ് 19 ന് കാരണമാകുന്ന കൊറോണവൈറസായ സാർസ്-കോവ്-2വിനെ ആകർഷിക്കാനും നിർവീര്യമാക്കാനും സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യയുമായി ശാസ്ത്രജ്ഞർ. മനുഷ്യശരീരത്തിനുള്ളിൽ വെച്ചു തന്നെ വൈറസിനെ ആകർഷിച്ച് കൊല്ലാനുള്ള മാർഗമാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ കണ്ടെത്തിയത്. നാനോ സയൻസ് നാനോ ടെക്‌നോളജി മേഖലകളിൽ നിന്നുള്ള പ്രസിദ്ധീകരണങ്ങൾക്കായുള്ള ജേണലായ നാനോ ലെറ്ററിൽ ഗവേഷണ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡെക്കോയ് പോളിമറുകളിലുള്ള നിരുപദ്രവകാരിയായ കൃത്രിമ കണികകൾ നോവൽ കൊറോണവൈറസിനെ അകർഷിക്കുന്നുണ്ടോയെന്നായിരുന്നു ഗവേഷണം. ഡെക്കോയി ടെക്‌നിക് പ്രകാരം മൈക്രോസ്‌കോപ്പിക് ബയോഫ്രണ്ട്‌ലി പോളിമറുകൾ സൃഷ്ടിച്ച് കോശങ്ങളിൽ പൊതിഞ്ഞ് ജീവനുള്ള ശ്വാസകോശ കലകളിലോ രോഗപ്രതിരോധ സംവിധാനത്തിലോ നിക്ഷേപിക്കുന്നു. പുറത്തു നിന്ന് നോക്കുമ്പോൾ ഈ നാനോ കണികകൾ അല്ലെങ്കിൽ പോളിമറുകൾ ജീവനുള്ള കോശങ്ങൾ പോലെ കാണപ്പെടും. നോവൽ കൊറോണവൈറസ് ഇവ യഥാർഥ മനുഷ്യ ശ്വാസകോശ കോശങ്ങളാമെന്ന് വിശ്വസിച്ച് പ്രത്യുത്പാദനത്തിനായി ആക്രമിക്കുകയും ഈ കെണിയിൽ കുടങ്ങുകയും ചെയ്യുന്നു.
സാധാരണ അണുബാധകളിൽ വൈറസ് മനുഷ്യകോശത്തിലേക്ക് പ്രവേശിച്ച് എണ്ണത്തിൽ ഗണ്യമായി വർധിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഡെക്കോയ് പോളിമറുകൾക്ക് ജീവനില്ലാത്തതിനാൽ കൊറോണവൈറസ് അവയെ ആക്രമിക്കുമ്പോൾ ഇതിന് നേർവിപരീതമാണ് സംഭവിക്കുന്നത്.
സാർസ്-കോവ്-2 ശ്വാസകോശ കോശങ്ങളിലേക്ക് അമിതമായി ആകർഷിക്കപ്പെടുന്നതായി കണ്ടെത്തിയതിനാൽ ഇവയെ അനുകരിക്കുന്നത് പോളിമറുകളെ മികച്ച ഡെക്കോയികളാക്കുന്നെന്നും എബോള പോലുള്ള മറ്റ് വൈറസ് പകർച്ചവ്യാധികൾക്കും ഈ സാങ്കേതിക വിദ്യ ഉപയോഗപ്രദമാകുമെന്നുമാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്.