Connect with us

Articles

വാരിയന്‍കുന്നനും നുണക്കഥകളും

Published

|

Last Updated

രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങളെ തുറന്നുകാട്ടുന്ന രചനയാണ് ഡി എന്‍ ഝാ എഴുതിയ Against The Grain: Notes on Identity, Intolerance and History. ബഹുസ്വരമായ ഇന്ത്യയുടെ ഭൂതകാലത്തെ ആഴത്തില്‍ അനാവരണം ചെയ്യുന്ന പ്രബന്ധങ്ങളും അഭിമുഖങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. സവര്‍ണ ഹിന്ദുത്വവാദികള്‍ തങ്ങളുടെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കാന്‍ പടച്ചുണ്ടാക്കുന്ന കൃത്രിമവും വര്‍ഗീയവുമായ സാംസ്‌കാരിക മിത്തുകളെ ത്സാ കൃതിയില്‍ തുറന്നുകാട്ടുന്നുണ്ട്. ചരിത്രത്തിന്റെ കാവിവത്കരണമാണ് പ്രധാനമായും സംഘ്പരിവാരം സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കാന്‍ ഉപയോഗപ്പെടുത്തുന്ന ഉപാധിയെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. പ്രസ്തുത നിരീക്ഷണങ്ങളെ ശരിവെക്കുന്ന രൂപത്തിലാണ് 1921ല്‍ നടന്ന മലബാര്‍ സമരത്തെയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും പ്രതിസ്ഥാനത്ത് പ്രതിഷ്ഠിച്ച് ഇപ്പോള്‍ തീവ്ര വലതുപക്ഷം നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍.
ദേശീയ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം മുതല്‍ തന്നെ കേരളത്തിലും അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഡബ്ല്യു സി ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ബോംബെ ഗോകുല്‍ദാസ് തേജ്പാല്‍ സംസ്‌കൃത കോളജില്‍ നടന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ രൂപവത്കരണ സമ്മേളനത്തില്‍ പങ്കെടുത്ത 72 പേരില്‍ ഏതാനും മലയാളികളുമുണ്ടായിരുന്നു. 1897ല്‍ അമരാവതിയില്‍ നടന്ന കോണ്‍ഫറന്‍സില്‍ വെച്ച് ചേറ്റൂര്‍ ശങ്കരന്‍ നായര്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതോടെ ദേശീയ പ്രസ്ഥാനത്തിലെ മലയാളി സ്വാധീനം വര്‍ധിച്ചു. അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് കോഴിക്കോട് സംഘടനയുടെ ആദ്യ രാഷ്ട്രീയയോഗം സംഘടിപ്പിച്ചു. ആനി ബസന്റിന്റെ നേതൃത്വത്തിലുള്ള ഹോംറൂള്‍ പ്രസ്ഥാനത്തിന്റെ ആഗമനം അതിന് കരുത്തുപകര്‍ന്നു.

ജില്ലാ കോണ്‍ഗ്രസ് സമ്മേളനങ്ങള്‍, നിസ്സഹകരണ പ്രസ്ഥാനം, മഹാത്മാ ഗാന്ധി, മൗലാനാ മുഹമ്മദലി, സി രാജഗോപാലാചാരി തുടങ്ങിയ നേതാക്കളുടെ സന്ദര്‍ശനം തുടങ്ങിയ സംഭവങ്ങളാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ ഭദ്രമാക്കിയത്. എ കെ പിള്ളയുടെ കോണ്‍ഗ്രസും കേരളവും, പി കെ കെ മേനോന്റെ ദ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്‌മെന്റ് ഇന്‍ ഇന്ത്യ, വി ആര്‍ മേനോന്റെ മാതൃഭൂമിയുടെ ചരിത്രം എന്നീ ഗ്രന്ഥങ്ങളില്‍ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്. തുടര്‍ന്ന് പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിരന്തരം പദ്ധതികളും പരിപാടികളും പ്രഖ്യാപിക്കപ്പെട്ടു. പാരമ്പര്യമായി ബ്രിട്ടീഷ് വിരുദ്ധ പോരാട്ടരംഗത്തുള്ള മാപ്പിള സമുദായം ഈ രാഷ്ട്രീയ നീക്കങ്ങളില്‍ ആകൃഷ്ടരാകുക സ്വാഭാവികമാണല്ലോ. ദ ഹിന്ദു പത്രാധിപര്‍ കസ്തൂരി രംഗയ്യയുടെ അധ്യക്ഷതയില്‍ 1920ല്‍ മഞ്ചേരിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസിന്റെ അഞ്ചാമത് മലബാര്‍ ജില്ലാ സമ്മേളനം മാപ്പിളമാരുടെ കോണ്‍ഗ്രസ് പ്രവേശനത്തിന് വേഗം വര്‍ധിപ്പിച്ചു. ആലി മുസ്‌ലിയാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മഞ്ചേരി സമ്മേളനത്തിലെ സജീവ സാന്നിധ്യങ്ങളായിരുന്നു. തുടര്‍ന്ന് ഹാജി അഭിഭാഷകനായ ശ്രീ കേശവന്‍ നായരില്‍ നിന്ന് ശേഖരിച്ച പാര്‍ട്ടിയുടെ ലഘുലേഖകളുടെയും സര്‍ക്കുലറുകളുടെയും വിതരണച്ചുമതല ഏറ്റെടുക്കുകയും ചെയ്തു.

മഹാത്മാ ഗാന്ധിയും അലി സഹോദരന്മാരുമായിരുന്നു കുഞ്ഞഹമ്മദ് ഹാജിയുടെ മാതൃകാ പുരുഷന്മാര്‍. 1920 ആഗസ്റ്റ് 20ന് കോഴിക്കോട് കടപ്പുറത്ത് നടന്ന കോണ്‍ഗ്രസ് ഖിലാഫത്ത് സമ്മേളനത്തിലെ ഗാന്ധിജിയുടെ പ്രസംഗം അദ്ദേഹത്തെ ആവേശം കൊള്ളിച്ചു. “ഇന്ത്യന്‍ മുസ്‌ലിംകള്‍ ആത്മബലിക്ക് തയ്യാറല്ലേ? ജനവികാരമെന്തെന്ന് സര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ അതു കൂടിയേ കഴിയൂ. ഖിലാഫത്ത് പ്രശ്‌നത്തില്‍ നീതി ലഭിക്കുന്നതിന് വേണ്ടി മുസ്‌ലിംകള്‍ നിസ്സഹകരണ സമരത്തില്‍ അണിചേര്‍ന്നാല്‍ ഹിന്ദുക്കള്‍ അതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യേണ്ടതാണ്” (സി ഗോപാലന്‍ നായര്‍, ദ മാപ്പിള റിബല്യന്‍ 1921).

ഗാന്ധിജി ഉദ്‌ഘോഷിച്ച ആശയങ്ങള്‍ക്ക് വേണ്ടി ആത്മബലിക്ക് തയ്യാറായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയാണ് പില്‍ക്കാല ചരിത്രത്തില്‍ നാം കാണുന്നത്. കെ കെ മുഹമ്മദ് അബ്ദുല്‍ കരീം എഴുതിയ ഹാജിയുടെ ജീവചരിത്രത്തില്‍ നിന്ന്, പാണ്ടിക്കാട് വെച്ച് അദ്ദേഹം നടത്തിയ പ്രസംഗം ഇങ്ങനെ വായിക്കാം. “ബ്രിട്ടീഷ് സര്‍ക്കാറിനെ പിന്താങ്ങുന്നവരെ സമുദായമേതെന്ന് നോക്കാതെ കര്‍ശനമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ വിജയത്തിന് വേണ്ടി ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമയോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. തുടര്‍ന്ന് മഹാത്മാ ഗാന്ധിയുടെയും അലി സഹോദരന്മാരുടെയും നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ആസന്ന ഭാവിയില്‍ അധികാരത്തില്‍ വരുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു”. പക്ഷേ, “മാപ്പിള സഹോദരന്മാര്‍ക്ക് ഭ്രാന്തു പിടിപെട്ടുപോയി എന്നോര്‍ക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ നിന്ന് രക്തം വാര്‍ന്നൊലിക്കുകയാണ്” എന്ന് യംഗ് ഇന്ത്യയില്‍ വിലപിച്ച ഗാന്ധിജിയുടെ നിലപാടു മാറ്റത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്താളുകളിലെ വിരോധാഭാസങ്ങളിലൊന്നായി മാത്രമേ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ.

ക്രൂരനും വര്‍ഗീയ മത ഭ്രാന്തനും കലാപകാരിയും കൊലപാതകിയും കൊള്ളക്കാരനുമായിരുന്നു കുഞ്ഞഹമ്മദ് ഹാജി എന്നാണല്ലോ സംഘ്പരിവാര്‍ പ്രഭൃതികള്‍ ഇപ്പോള്‍ പേര്‍ത്തും പേര്‍ത്തും പറഞ്ഞുകൊണ്ടിരിക്കുന്നത്. “ഹാജി സ്ഥാപിച്ച മലയാള രാജ്യം മുസ്‌ലിം രാജ്യമായിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുഖമുദ്ര” തുടങ്ങിയ വ്യാജോക്തികളും അവര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ അക്കാലത്തെ പത്രവാര്‍ത്തകളിലൂടെയും സ്വാതന്ത്ര്യ സമര സേനാനികളുടെ അനുഭവക്കുറിപ്പുകളിലൂടെയും കണ്ണോടിച്ചാല്‍ ഉപരിസൂചിത ആരോപണങ്ങളെല്ലാം നുണക്കഥകളാണെന്ന് ബോധ്യപ്പെടും.
“എല്ലാ ഹിന്ദുക്കള്‍ക്കും സുരക്ഷ ഉറപ്പു നല്‍കുമെന്ന” ഹാജിയുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത് മലബാര്‍ സമരത്തിനെതിരെ ശക്തമായ നിലപാടു സ്വീകരിച്ച കേരള പത്രികയായിരുന്നു. “അപ്പു നായര്‍ എന്നൊരാള്‍ ലഹളക്കാര്‍ തന്നെ ആക്രമിച്ചതായി ഹാജിയോടു പരാതിപ്പെട്ടതിന്മേല്‍ അന്വേഷണം നടത്തുകയും കുറ്റക്കാരെന്ന് കണ്ടെത്തിയവരെ പിടികൂടി ചമ്മട്ടികൊണ്ട് അടിക്കുകയും ചെയ്തിരിക്കുന്നു” എന്നും കേരള പത്രിക റിപ്പോര്‍ട്ടിലുണ്ട്. “ബേങ്ക് കവര്‍ച്ചക്കാരെ കൊണ്ട് സഹോദരങ്ങള്‍ക്ക് സ്വര്‍ണവും പ്രോമിസ്‌റി നോട്ടുകളും തിരിച്ചു നല്‍കിപ്പിച്ച” ഹാജിയെയാണ് ശ്രീ മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് തന്റെ ഖിലാഫത്ത് സ്മരണയില്‍ പരിചയപ്പെടുത്തുന്നത്. മുസ്‌ലിംകള്‍ക്കിടയിലെ സര്‍ക്കാര്‍ പക്ഷപാതികളെ കൊലപ്പെടുത്തിയ നിരവധി സംഭവങ്ങള്‍ ബ്രിട്ടീഷ് പട്ടാള മേധാവിയായ ഹിച്ച്‌കോക്കിന്റെ എ ഹിസ്റ്ററി ഓഫ് മാപ്പിള റിബല്യന്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മഹാത്മാ ഗാന്ധി നിരീക്ഷിച്ചത് പോലെ, ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ചു പോരാടിയാല്‍ മാത്രമേ ബ്രിട്ടീഷുകാരെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് തുരത്തിയോടിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ഹാജി പലവുരു പ്രസ്താവിച്ചിട്ടുണ്ട്. “നമ്മെപ്പോലെ അവരും ദുരിതത്തിലാണ്. അവരെ ഒരിക്കലും ഉപദ്രവിക്കരുത്. അത് നമ്മുടെ പരാജയത്തിന് കാരണമാകും”… ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ ഹാജി പറഞ്ഞ ഈ വാക്കുകള്‍ പ്രസക്തമാണ്.
പട്ടാളക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാത്രമല്ല സര്‍ക്കാര്‍ അനുകൂലിയായിരുന്ന കൊണ്ടോട്ടി ശൈഖ് മുഷ്താഖ് ഷാ വലിയ തങ്ങളും വാരിയന്‍കുന്നത്തിന്റെ പ്രതികാരത്തിന് ഇരയായിട്ടുണ്ട്. ഇരുനൂറോളം ഖിലാഫത്ത് ഭടന്മാരുമായാണ് അദ്ദേഹം കൊണ്ടോട്ടിയിലെത്തിയത്. മതമായിരുന്നില്ല ഹാജിയുടെ പരിഗണന. ശത്രു ഏതു വിശ്വാസക്കാരനായാലും അദ്ദേഹം നിഷ്‌കരുണം നേരിട്ടു. സ്വാഭീഷ്്ടപ്രകാരമല്ലാത്ത മതപരിവര്‍ത്തനങ്ങളെ ശക്തിയായി വിമര്‍ശിച്ചു. മലബാര്‍ സമരത്തിന് വര്‍ഗീയ നിറം നല്‍കാന്‍ മത്സരിക്കുന്നവരുടെ അവലംബ ഗ്രന്ഥമാണല്ലോ കെ മാധവന്‍ നായരുടെ മലബാര്‍ കലാപം. ഹാജി സ്ഥാപിച്ച “മലയാള രാജ്യ”ത്തെ കുറിച്ച് മലബാര്‍ കലാപത്തിലെ വരികള്‍ ഇപ്രകാരമാണ്.

“ഭരണകാര്യത്തില്‍ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ഉള്ള വ്യത്യാസം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. സര്‍ക്കാറും അതിന്റെ അനുകൂലികളുമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ലക്ഷ്യം. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി അദ്ദേഹത്തിനെതിരെ ആരോപണവുമില്ല”(പേ: 257).
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വീരപുരുഷനായി അവതരിപ്പിക്കുന്ന സിനിമകളുടെ പ്രഖ്യാപനമാണല്ലോ ഇപ്പോള്‍ തീവ്രഹിന്ദുത്വ വാദികളെ പ്രകോപിപ്പിക്കാന്‍ കാരണം. ചരിത്രത്തിലെന്നോ ധീരരക്തസാക്ഷിത്വം വരിച്ച ഒരാളുടെ മതബോധമല്ല, മറിച്ച് സ്വന്തം മനസ്സകങ്ങളില്‍ കുമിഞ്ഞുകൂടിയ മതാന്ധതയാണ് തങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതെന്ന തിരിച്ചറിവാണ് അവര്‍ക്ക് ഉണ്ടാകേണ്ടത്. “പ്രത്യാഘാതങ്ങള്‍ എന്തു തന്നെയായിരുന്നാലും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ചില ഉറച്ച ധാരണകള്‍ ഉണ്ടായിരുന്നു. അവക്ക് വേണ്ടി ജീവന്‍ വെടിയാന്‍ അദ്ദേഹം ഒരുക്കമായിരുന്നു. അത്തരത്തിലുള്ള ആളുകള്‍ ലോകത്ത് എന്നും ആദരിക്കപ്പെടുക തന്നെ ചെയ്യും” എന്ന കെ മാധവന്‍ നായരുടെ വാക്കുകളാണ് അത്തരക്കാര്‍ക്ക് മറുപടിയായി സമര്‍പ്പിക്കാനുള്ളത്.

Latest