Connect with us

Articles

സാമൂഹിക വ്യാപനം അകലെയല്ല

Published

|

Last Updated

രാജ്യത്തെ കൊവിഡ് ബാധിതര്‍ അഞ്ച് ലക്ഷത്തിലേക്കും മരണ സംഖ്യ പതിനേഴായിരത്തിലേക്കും അടുക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ ഏഴ് ദിവസമായി രോഗികളുടെ എണ്ണം പ്രതിദിനം 100ല്‍ കൂടുതലുമാണ്. ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ കൊവിഡ് 19 നിയന്ത്രണ വിധേയമായി എന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം ഏറ്റവും കൂടാന്‍ പോകുന്നത് വരാനിരിക്കുന്ന മാസങ്ങളിലാണെന്നും മരണസംഖ്യ ഇനിയും കൂടുതല്‍ ഉയരുമെന്നും പല ഗവേഷണ സ്ഥാപനങ്ങളും സര്‍വേകളുടെ അടിസ്ഥാനത്തില്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. രോഗം വ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണും രാജ്യത്തെ ജനസംഖ്യയില്‍ പ്രായംകുറഞ്ഞവര്‍ കൂടുതലായതും നഗര പ്രദേശങ്ങളേക്കാള്‍ ജനസാന്ദ്രത ഗ്രാമപ്രദേശങ്ങളില്‍ ആയതും ഉഷ്ണ മേഖല ആയതിനാല്‍ ചൂട് കൂടുതലായതും കാലാവസ്ഥയിലെ ചില പ്രത്യേകതകളുമാണ് രാജ്യത്തെ കൊവിഡ് 19 സാമൂഹിക വ്യാപനത്തില്‍ നിന്ന് ഇതുവരെ രക്ഷപ്പെടുത്തിയത്. ചൈന കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ രോഗവ്യാപനത്തെ വളരെ ജാഗ്രതയോടെ നേരിടേണ്ടതുണ്ട്.

ജീവിതക്രമത്തില്‍
മാറ്റം അനിവാര്യം
കൊവിഡ് കാലത്തെ ജീവിതക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുക എന്നതാണ്. കൊറോണ രോഗം വരുന്നതിനു മുമ്പ് ഉണ്ടായിരുന്നത് പോലെയുള്ള ഒരു ജീവിതം ഇനി സാധ്യമല്ല. ഈ രോഗത്തിന് വാക്‌സിന്‍ കണ്ടെത്തുന്നത് വരെയും ശരിയായ ചികിത്സ രൂപപ്പെടുന്നത് വരെയും സാമൂഹിക അകലം പാലിച്ചല്ലാതെ നമുക്ക് ജീവിക്കാനാകില്ല. ഇത് വഴിയല്ലാതെ സാമൂഹിക വ്യാപനം തടയാനുമാകില്ല. മരുന്നില്ലാത്ത രോഗമായതിനാല്‍ രോഗവ്യാപനം തടയുകയല്ലാതെ വേറെ വഴികളില്ല. ക്വാറന്റൈനും ലോക്ക്ഡൗണും രോഗത്തിന്റെ സാമൂഹിക വ്യാപനം തടയാനുള്ള ചില മുന്നൊരുക്കങ്ങള്‍ മാത്രമാണ്. ഇക്കാര്യങ്ങള്‍ പത്രം വായിക്കുന്നവര്‍ക്കും ടി വി കാണുന്നവര്‍ക്കും മൊബൈലില്‍ സാമൂഹിക മാധ്യമങ്ങളെ വായിക്കുന്നവര്‍ക്കും മാത്രമേ അറിയൂ എന്നുകൂടി ഓര്‍ക്കണം. രോഗത്തിന്റെ വ്യാപനവും സാമൂഹിക വ്യാപനവും സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും നിരക്ഷരര്‍ക്കും ടി വിയും മറ്റു മാധ്യമങ്ങളും കാണാന്‍ കഴിയാത്തവര്‍ക്കും പത്രങ്ങള്‍ വായിക്കാന്‍ കഴിയാത്തവര്‍ക്കും അറിയില്ല എന്ന കാര്യം കൂടി നാം ഓര്‍ക്കണം. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം ഉയരുകയാണ്. രോഗം വന്ന വഴി തിരിച്ചറിയാത്തവരുടെ എണ്ണവും ക്രമാതീതമായി ഉയരുന്നു. ഇത് കേരളം കൊവിഡ് 19ന്റെ സാമൂഹിക വ്യാപനത്തിലേക്ക് എന്ന സൂചനയാണ് നല്‍കുന്നത്.

ലോക്ക്ഡൗണ്‍ ഇളവുകള്‍
ലോക്ക്ഡൗണ്‍ ഭാരമായി കരുതുന്നവര്‍ ഇളവുകള്‍ ലഭിച്ചപ്പോള്‍ വലിയ സ്വാതന്ത്ര്യം ലഭിച്ച പോലെയാണ് പെരുമാറുന്നത്. ലോക്ക്ഡൗണ്‍ കഴിയുന്നതിനു മുമ്പ് തന്നെ കേരളത്തില്‍ ആളുകള്‍ കൂട്ടമായി ഒത്തുചേരുന്ന രാഷ്ട്രീയ ജാഥകളും ധര്‍ണകളും ക്ലബ്ബ് മീറ്റിംഗുകളും കുടുംബ ഒത്തുചേരലുകളും സ്വീകരണങ്ങളും ആര്‍ഭാട വിവാഹങ്ങളും മതപരമായ ചടങ്ങുകളും ആരംഭിച്ചു കഴിഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ റോഡുകളില്‍, ബസുകളില്‍, ഓഫീസുകളില്‍, മാര്‍ക്കറ്റുകളില്‍ എല്ലാം തിരക്ക് വര്‍ധിക്കുന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. എല്ലാം സാധാരണ പോലെ ആയി എന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അത് തന്നെയാണ് സാമൂഹിക വ്യാപനത്തിലേക്ക് നയിക്കാനുള്ള സാഹചര്യം ഒരുക്കുന്നത്.

നിയന്ത്രണങ്ങള്‍
മറികടക്കുമ്പോള്‍
കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ കൊറോണ വൈറസ് രോഗത്തോടനുബന്ധിച്ച് നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ എങ്ങനെയെങ്കിലും മറികടക്കാനുള്ള തത്രപ്പാടിലാണ് പലരും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ഇളവുകള്‍ ലഭിച്ച് മലയാളികള്‍ കൂട്ടത്തോടെ സംസ്ഥാനത്ത് എത്തുന്നതോടെ അവരും ബന്ധുക്കളും കുടുംബവും അവരുടെ സുഹൃത്തുക്കളും ശ്രദ്ധിച്ചില്ലെങ്കില്‍ കേരളം കൊവിഡ് 19 സാമൂഹിക വ്യാപനത്തിന്റെ പിടിയിലാകും എന്നതിന് തര്‍ക്കമില്ല. ഇത് പറയുന്നത് പ്രവാസികളോടോ മറുനാടന്‍ മലയാളികളോടോ എന്തെങ്കിലും വിരോധത്തിന്റെ അടിസ്ഥാനത്തിലല്ല. ദിവസവും ആയിരക്കണക്കിന് ആളുകളാണ് നാട്ടില്‍ വരുന്നത്. ചിലരെങ്കിലും ഈ രോഗകാലത്ത് സ്വയം അച്ചടക്കമില്ലായ്മ കാണിക്കുകയാണ്. ഒരു വിദേശ – മറുനാടന്‍ മലയാളി സാധാരണ നാട്ടില്‍ വരുന്നത് പോലെയല്ല ഇപ്പോഴത്തെ വരവെന്നത് മറന്നു പോകരുത്.

രോഗമില്ലെന്ന് ഉറപ്പാകുന്നത് വരെ അതിജാഗ്രത
മരുന്നില്ലാത്ത, സമാനതകളില്ലാത്ത ഒരു രോഗത്തെയാണ് ലോകം നേരിടുന്നത്. പല രാജ്യങ്ങളിലും ഈ രോഗത്തിന് ചികിത്സ പോലും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. മരണ സംഖ്യ ഉയരുന്നത് കണ്ട് പല വിദേശ രാജ്യങ്ങളും പകച്ചു നില്‍ക്കുകയാണ്. അവിടെയാണ് നമ്മുടെ സംസ്ഥാനം രോഗപ്രതിരോധ നടപടികളുമായി ജാഗ്രതയോടെ മുന്നോട്ടു പോകുന്നത്. പുറത്തുനിന്ന് വരുന്ന നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പം ഇവിടെയുള്ളവരും ഉത്തരവാദിത്വത്തോടെ നിയന്ത്രണങ്ങള്‍, നിര്‍ദേശങ്ങള്‍, നിയമങ്ങള്‍, പ്രതിരോധമാര്‍ഗങ്ങള്‍ എന്നിവ കൃത്യമായി പാലിക്കേണ്ടതുണ്ട്. കേരളത്തില്‍ എത്തിയാല്‍ രക്ഷപ്പെട്ടു എന്ന് കരുതരുത്. രോഗമില്ല എന്ന് ഉറപ്പു വരുത്തുന്നത് വരെ എല്ലാവരും, പ്രത്യേകിച്ചും കേരളത്തിനു പുറത്തുനിന്ന് വരുന്നവര്‍ ജാഗ്രത പാലിക്കണം. വിദേശ മലയാളികള്‍ വിമാനമിറങ്ങിയാല്‍ എവിടെയും ചുറ്റിക്കറങ്ങാതെ, ബന്ധുക്കളെ സന്ദര്‍ശിക്കാതെ, കടകളില്‍ കയറിയിറങ്ങാതെ നേരേ ക്വാറന്റൈനില്‍ പ്രവേശിക്കണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരും നേരേ ക്വാറന്റൈനില്‍ പോകണം.

നാം മറ്റുള്ളവര്‍ക്ക്
ഭീഷണിയാകരുത്
മറ്റു നാടുകളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നത് സൗഹൃദ സന്ദര്‍ശനത്തിനല്ല, മറിച്ച് ജീവന്‍ രക്ഷിക്കാനുള്ള വരവാണ്. അത് മറ്റുള്ളവരുടെ ജീവന് ഭീഷണി ആകരുതല്ലോ. സംസ്ഥാനത്തിന് ആശങ്ക ഉണ്ടാക്കുന്ന രീതിയില്‍ ആരും പെരുമാറരുത്. നാട് എല്ലാവര്‍ക്കും നല്ല കരുതലാണ് നല്‍കുന്നത്. അതുകൊണ്ട് തിരിച്ച് നാടിന്റെ സംരക്ഷണവും നമ്മുടെ ഉത്തരവാദിത്വമാണ്. 14 ദിവസം ക്വാറന്റൈനില്‍ പോകേണ്ടതിനാല്‍ പുറത്തു നിന്ന് വന്ന ആളാണെന്ന കാര്യം മറച്ചുവെച്ച് കടകളിലും ബന്ധു വീടുകളിലും സന്ദര്‍ശിക്കുന്നതും ആഘോഷങ്ങളിലും കല്യാണങ്ങളിലും പങ്കെടുക്കുന്നതും സ്വയം നിയന്ത്രിക്കേണ്ടത് കേരളത്തിലെ കൊവിഡ് രോഗവ്യാപനം തടയാന്‍ അത്യന്താപേക്ഷിതമാണ്.

ക്വാറന്റൈന്‍ ഒരു ചികിത്സയല്ല
രോഗം ഉണ്ടോ എന്നും വരാന്‍ സാധ്യതയുണ്ടോ എന്നും തിരിച്ചറിയാനുള്ള കാലമാണ് ക്വാറന്റൈന്‍. ഈ കാലഘട്ടം രോഗിയെ പോലെ സ്വയം കരുതണം. രോഗം ഉണ്ടെങ്കില്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള ഏറ്റവും നിസ്സാര ഉപാധി മാത്രമാണ് ക്വാറന്റൈന്‍. അതുകൊണ്ട് ക്വാറന്റൈനിലിരിക്കുന്ന വ്യക്തി രോഗമുള്ള ആളെ പോലെ ആരുമായും ഇടപഴകാതെ വളരെ ശ്രദ്ധിച്ച് റൂമില്‍ തന്നെ നിര്‍ബന്ധമായും കഴിയണം. സ്വയം വസ്ത്രങ്ങള്‍ കഴുകുകയും ഉപയോഗിച്ച പാത്രങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുകയും വീട്ടുകാരുമായി ഇടപഴകാതിരിക്കുകയും വേണം. ഉറ്റവര്‍ക്കും ബന്ധുമിത്രാദികള്‍ക്കും രോഗം വരാതിരിക്കാന്‍ റൂം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

സാനിറ്റൈസറും മാസ്‌കും മാത്രം മതിയാകില്ല
സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകുകയും മാസ്‌ക് ധരിക്കുകയും ചെയ്യുന്നതോടെ രോഗം വരില്ലെന്ന് വിചാരിക്കുന്നവര്‍ ധാരാളമുണ്ട്. ചിലര്‍ ഗ്ലൗസും ധരിക്കുന്നുണ്ട്. ഇതൊക്കെ രോഗം വരാതിരിക്കാന്‍ അത്യന്താപേക്ഷിതമാണ് എങ്കിലും സാമൂഹിക അകലം പാലിക്കലും രോഗികളുമായുള്ള ഇടപഴക്കവും സമ്പര്‍ക്കവും ഒഴിവാക്കലും അനിവാര്യമാണ്. ആരുമായും ആലിംഗനം ചെയ്യുകയോ ഹസ്തദാനം ചെയ്യുകയോ അരുത്. ജോലി സ്ഥലങ്ങളിലും യാത്രയിലും മാര്‍ക്കറ്റിലും മറ്റുള്ളവരുടെ ശരീരവുമായോ വസ്ത്രവുമായോ കൂട്ടി മുട്ടരുത്. രോഗികള്‍ ഉപയോഗിച്ച പാത്രങ്ങള്‍, തുണികള്‍, വസ്ത്രങ്ങള്‍, പേന, കിടക്ക, തലയിണ, മൊബൈല്‍ ഫോണ്‍, രോഗി തൊട്ട സ്ഥലങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണം. രോഗികളുടെ സ്രവങ്ങള്‍ ഭൂമിയില്‍ വീഴുന്നത് പിന്നീട് വൈറസ്ബാധ പടര്‍ന്നു പിടിക്കാന്‍ കാരണമാകുന്നതായി ഏറ്റവും പുതിയ ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു.

ബസ്, വിമാനം, ട്രെയിന്‍, കാര്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയില്‍ രോഗിയുമായുള്ള യാത്ര ഒഴിവാക്കണം. രോഗി ഉപയോഗിച്ച സീറ്റുകളില്‍ അണുനശീകരണം വരുത്താതെ ഇരിക്കരുത്. രോഗികള്‍ തുമ്മുമ്പോഴും ചുമക്കുമ്പോഴും തുപ്പുമ്പോഴും ഒരു കാരണവശാലും സ്രവങ്ങള്‍ നമ്മുടെ ശരീരത്തില്‍ വീഴരുത്. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ പലപ്പോഴും രോഗമുള്ളവരെ നമുക്ക് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ എല്ലാവരോടും അകലം പാലിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ നാം ഇടപഴകിയവരില്‍ രോഗം സ്ഥിരീകരിക്കുമ്പോള്‍ നമ്മളും രോഗിയായി തീര്‍ന്നിരിക്കും. അതുകൊണ്ട് കൂട്ടംകൂടുന്നത് എന്തിനായാലും ഒഴിവാക്കണം.

നാല് ഘട്ടങ്ങള്‍
കൊവിഡ് 19ന്റെ സാമൂഹിക വ്യാപനത്തിന് നാല് സ്റ്റേജുകള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. ഒന്നാം സ്റ്റേജില്‍, രോഗമുള്ള സ്ഥലങ്ങളില്‍ നിന്ന് യാത്രചെയ്ത് എത്തുന്നവര്‍ വഴി രോഗമില്ലാത്ത ഇടങ്ങളില്‍ രോഗം എത്തുന്നു. രോഗം വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ഉണ്ടാകൂ. രോഗത്തിന്റെ ഉറവിടം വളരെ വ്യക്തമായിരിക്കും. രോഗികളെ അകറ്റി നിര്‍ത്തിയാല്‍ രോഗവ്യാപനം തടയാനാകും. ലോക്ക്ഡൗണും ക്വാറന്റൈനും ഒന്നാം സ്റ്റേജില്‍ രോഗം നിയന്ത്രിക്കാന്‍ ഉത്തമവും ഫലപ്രദവുമായിരിക്കും.

രണ്ടാം സ്റ്റേജില്‍, രോഗം ബാധിച്ചവരില്‍ നിന്ന് രോഗം ഇല്ലാത്തവരിലേക്ക് സമ്പര്‍ക്കം വഴിയും രോഗിയുടെ സ്രവങ്ങള്‍ വഴിയും രോഗം പടരുന്നു. രോഗത്തിന്റെ ഉറവിടം വ്യക്തമായിരിക്കും. രോഗിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അടുത്തിടപഴകുന്നവര്‍ക്കും രോഗം പകരും. രോഗിയെ മുന്‍കരുതലുകള്‍ എടുക്കാതെ പരിചരിക്കുന്നവര്‍ക്കും രോഗം പിടിപെടാവുന്നതാണ്. രോഗിയെ അകറ്റി നിര്‍ത്തിയാല്‍ രോഗവ്യാപനം തടയാനാകും. ഈ സ്റ്റേജില്‍ വ്യാപനം തടയാന്‍ രോഗിയുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. ശാസ്ത്രീയമായി റൂം ക്വാറന്റൈന്‍ നടപ്പാക്കിയാല്‍ രോഗം പകരുന്നത് തടയാനാകും.

മൂന്നാം സ്റ്റേജില്‍, ലോക്ക്ഡൗണ്‍ കൊണ്ട് രോഗവ്യാപനം തടയാനാകാത്ത അവസ്ഥ ഉണ്ടാകും. രോഗത്തിന്റെ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. രോഗം നിയന്ത്രണാതീതമായി വ്യാപിക്കുന്നു. രോഗ കാരണം കണ്ടെത്താന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നു. രോഗലക്ഷണങ്ങള്‍ കാണിക്കാത്ത രോഗവാഹകരുടെ എണ്ണവും കൂടുന്നു. രോഗം പരത്തുന്നതില്‍ ഇവര്‍ മുഖ്യ പങ്ക് വഹിക്കുന്നതിനാല്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്തുക ദുഷ്‌കരമാകും. കൂടുതല്‍ ഭൂവിഭാഗങ്ങളെ ബന്ധിപ്പിച്ചുള്ള കടുത്ത നിയന്ത്രണങ്ങളോടെയുള്ള ലോക്ക്ഡൗണിന് മാത്രമേ ഈ ഘട്ടത്തില്‍ രോഗവ്യാപനത്തിനെതിരെ എന്തെങ്കിലും ചെയ്യാനാകൂ.

നാലാം സ്റ്റേജില്‍, പ്രാദേശിക സമൂഹം തന്നെ രോഗത്തിന്റെ ഉറവിടമാകും. രോഗവ്യാപനം ഒരു കാരണവശാലും തടയാനാകാത്ത അവസ്ഥ. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. ഭൗമ അതിര്‍ത്തികളും ജനങ്ങളുടെ സാമൂഹിക പശ്ചാത്തലവും മറികടന്നുള്ള ശക്തമായ രോഗവ്യാപനമാണ് ഈ സ്റ്റേജില്‍ സംഭവിക്കുക. ഈ സ്റ്റേജില്‍ കറന്‍സികളും പോസ്റ്റല്‍ വസ്തുക്കളും വരെ രോഗവ്യാപന ഉറവിടമായി സംശയിക്കപ്പെടും. രോഗികള്‍ തൊടുന്ന വസ്തുക്കളും സ്ഥലങ്ങളും രോഗവ്യാപനത്തിന്റെ നിഴലിലാകും.

ഇന്ത്യയിലെ സാമൂഹിക
വ്യാപന തോത്
ഇന്ത്യയിലെ ജനസാന്ദ്രത കൂടിയ നഗരങ്ങള്‍ സാമൂഹിക വ്യാപനത്തിലേക്കാണ് നീങ്ങുന്നത്. തെക്കേ ഇന്ത്യയിലെ ബെംഗളൂരു നഗരം സാമൂഹിക വ്യാപനത്തിന്റെ തോതില്‍ മുന്നിലാണെന്ന് പറയുന്നു. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളും ചേരി പ്രദേശങ്ങളും സാമൂഹിക വ്യാപനത്തിന്റെ ഭീഷണിയിലാണ്.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാനുള്ളതാണ്
കേരളത്തിന് പുറത്തു നിന്ന് വരുന്നവരും വിദേശത്തു നിന്ന് വരുന്ന പ്രവാസികളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണിത്. കേരളത്തില്‍ സാമൂഹിക വ്യാപനം ഒഴിവാക്കാന്‍ സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിക്കണം. യാത്രയിലും ക്വാറന്റൈന്‍ സമയത്തും സ്വയം അച്ചടക്കം പാലിക്കാന്‍ കേരളത്തിന് പുറത്തുനിന്ന് വരുന്നവര്‍, പ്രത്യേകിച്ച് രോഗബാധിത സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ ശ്രദ്ധിച്ചാല്‍ മാത്രമേ ദൈവത്തിന്റെ സ്വന്തം നാട് കൊവിഡ് 19ന്റെ സാമൂഹിക വ്യാപനത്തില്‍ നിന്ന് രക്ഷപ്പെടുകയുള്ളൂ.

Latest