Gulf
അബുദാബിയിൽ സാംസ്‌കാരിക ടൂറിസം കേന്ദ്രങ്ങൾ തുറന്നു
അബുദാബി | അബുദാബി സാംസ്‌ക്കാരിക ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സാംസ്‌കാരിക കേന്ദ്രങ്ങൾ പൊതുജനങ്ങൾക്കായി തുറന്നു. തിരഞ്ഞെടുത്ത മ്യൂസിയങ്ങളിലും മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളിലും സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് ആവശ്യമായ എല്ലാ നടപടികളും ഏർപെടുത്തിയതായി സാംസ്‌കാരിക വകുപ്പ് നേരത്തേ അറിയിച്ചിരുന്നു. ഖസ്ർ അൽ ഹൊസൻ, കൾചറൽ ഫൗണ്ടേഷന്റെ സാംസ്‌കാരിക കേന്ദ്രങ്ങൾ, ലൂവർ അബുദാബി, അൽ ഐനിൽ ഖസ്ർ അൽ മുവൈജി, അൽ ജാഹിലി ഫോർട്ട്, അൽ ഐൻ പാലസ് മ്യൂസിയം, അൽ ഐൻ ഒയാസിസ് മേഖല എന്നിവയാണ് ആദ്യ ഘട്ടത്തിൽ സന്ദർശകർക്കായി തുറന്നുകൊടുത്തത്. അതേസമയം വ്യായാമ കേന്ദ്രങ്ങളും ബില്യാഡ് കേന്ദ്രങ്ങളും ജൂലൈ ഒന്ന് മുതൽ തുറക്കും.
കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതലുകളോടും കൂടിയാണ് ഈ കേന്ദ്രങ്ങൾ സന്ദർശകരെ സ്വീകരിക്കുക. എമിറേറ്റിലെ നിവാസികളുടെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സാംസ്‌കാരിക കേന്ദ്രങ്ങൾ പൊതുജനങ്ങൾക്കായി വീണ്ടും തുറന്ന് കൊടുക്കുന്നതെന്ന്, സാംസ്‌കാരിക ടൂറിസം വകുപ്പ് അണ്ടർസെക്രട്ടറി സഊദ് അൽ ഹുസ്നി അഭിപ്രായപ്പെട്ടു. ലോക്ക്‌ഡൗൺ കാലയളവിൽ എമിറേറ്റിലെ ജനങ്ങളിൽ ഉണ്ടായിട്ടുള്ള മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കുന്നതിന് സാംസ്‌കാരിക കേന്ദ്രങ്ങൾ സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖസ്ർ അൽ ഹൊസൻ, ലൂവർ അബുദാബി എന്നിവിടങ്ങളിൽ പ്രവേശനത്തിനായി, ഓൺലൈനിലൂടെ മുൻകൂറായി ടിക്കറ്റുകൾ എടുക്കണം. ലൂവർ അബുദാബി രാവിലെ 10 മുതൽ വൈകീട്ട് 6.30 വരെയും (തിങ്കൾ അവധി) മറ്റു കേന്ദ്രങ്ങൾ രാവിലെ 10 മുതൽ ഏഴ് വരെയുമാണ് (വെള്ളിയാഴ്ചകളിൽ ഉച്ചക്ക് രണ്ട് മുതൽ ഏഴ് വരെ) സന്ദർശകരെ സ്വീകരിക്കുക.
‘ഫുറുസ്സിയ്യ – ദി ആർട്ട് ഓഫ് ഷിവൽറി ബിറ്റ്വീൻ ഈസ്റ്റ് ആൻഡ് വെസ്റ്റ്” എന്നു പേരിട്ടിരിക്കുന്ന, മധ്യകാലഘട്ടങ്ങളിലെ ഇസ്ലാമിക, ക്രിസ്ത്യൻ സംസ്‌കാരങ്ങളിലെ ധീരോദാത്തതയുടെ ചിഹ്നങ്ങളായിരുന്ന അശ്വാരൂഢരായ വീരയോദ്ധാക്കളെക്കുറിച്ചുള്ള, പ്രത്യേക പ്രദർശനം ലൂവർ അബുദാബിയിൽ ജൂലൈ 1 മുതൽ ഒക്ടോബർ 18 വരെ നടക്കുന്നതാണ്. ഫെബ്രുവരി 19 മുതൽ മെയ് 30 വരെ നടക്കേണ്ടിയിരുന്ന ഈ പ്രദർശനം, കൊവിഡ് -19 വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇടക്ക് നിർത്തിവെക്കുകയായിരുന്നു.